ബിഗ് ബാഷ് ലീഗില്‍ സെഞ്ച്വറി കൊണ്ട് ചരിത്രമെഴുതി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് സ്മിത് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. നാട്ടങ്കത്തില്‍ സിഡ്‌നി തണ്ടറിനെതിരെയായിരുന്നു സ്മിത്തിന്റെ വെടിക്കെട്ട്.
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് സിക്‌സേഴ്‌സ് സ്വന്തമാക്കിയത്. തണ്ടര്‍ ഉയര്‍ത്തിയ 190 റണ്‍സിന്റെ വിജയലക്ഷ്യം 16 പന്ത് ശേഷിക്കെ സിക്‌സേഴ്‌സ് മറികടന്നു. 42 പന്തില്‍ നൂറ് റണ്‍സുമായാണ് സ്മിത് മത്സരത്തില്‍ തിളങ്ങിയത്.
ബി.ബി.എല്ലില്‍ ഇത് നാലാം തവണയാണ് സ്മിത് സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ തണ്ടര്‍, സെഞ്ച്വറിയടിച്ച ഡേവിഡ് വാര്‍ണറിന്റെ ഒറ്റയാള്‍ പോരാട്ടത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 65 പന്ത് നേരിട്ട താരം പുറത്താകാതെ 110 റണ്‍സ് നേടി. 26 റണ്‍സ് നേടിയ നിക് മാഡിസണാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിക്‌സേഴ്‌സ് ആദ്യ വിക്കറ്റില്‍ തന്നെ 141 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്റ്റീവ് സ്മിത്തും ബാബര്‍ അസവുമാണ് ഒന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുമായി തിളങ്ങിയത്. ഒരു വശത്ത് സ്മിത് അടിച്ചൊതുക്കുമ്പോള്‍ വേഗം കുറഞ്ഞ ഇന്നിങ്‌സിലാണ് ബാബര്‍ അസം പുറത്തെടുത്തത്.
മത്സരത്തിനിടെ രസകരമായ ഒരു സംഭവത്തിനും സിഡ്‌നി സാക്ഷ്യം വഹിച്ചിരുന്നു.
സിക്‌സേഴ്‌സ് ഇന്നിങ്‌സിന്റെ 11ാം ഓവറിലെ മൂന്നും നാലും അഞ്ചും പന്തുകളില്‍ ബാബറിന് സിംഗിളെടുക്കാന്‍ സാധിച്ചില്ല. അവസാന പന്ത് ബാബര്‍ ലോങ് ഓണിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചു. എന്നാല്‍ അവസാന പന്തില്‍ സിംഗിളോടാനോ വീണ്ടും സ്‌ട്രൈക് ബാബറിന് നല്‍കാനോ സ്മഡ്ജ് ഒരുക്കമായിരുന്നില്ല.
“Wasn’t happy, Babar.” 😳
Drama in the middle of the SCG after Steve Smith knocked back a run from Babar Azam, so he could take strike during the Power Surge. #BBL15pic.twitter.com/rTh0RXE0A5
പവര്‍ സെര്‍ജ് (രണ്ടാം പവര്‍ പ്ലേ) എടുക്കാന്‍ പോകുന്നു എന്നായിരുന്നു സ്മിത്തിന്റെ മറുപടി. രണ്ട് ഓവര്‍ പവര്‍ സെര്‍ജ് സമയത്ത് രണ്ട് ഫീല്‍ഡര്‍മാരെ മാത്രമെ സര്‍ക്കിളിന് പുറത്ത് അനുവദിക്കുകയുള്ളു. 12-ാം ഓവറിലെ ഈ അഡ്വാന്റേജ് സ്മിത് ശരിക്കും മുതലാക്കി.
നാല് സിക്സുകള്‍ ഉള്‍പ്പെടെ 30 റണ്‍സാണ് സ്മിത് അതില്‍ അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറില്‍ വീണ്ടും സ്‌ട്രൈക്കിലെത്തിയ ബാബറാകട്ടെ നേരിട്ട ആദ്യ പന്തില്‍ പുറത്താവുകയും ചെയ്തു.
അതേസമയം, ഈ വിജയത്തിന് പിന്നാലെ നാലാം സ്ഥാനത്തേക്ക് ഉയരാനും സിക്‌സേഴ്‌സിന് സാധിച്ചു. ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് വിജയത്തോടെ 11 പോയിന്റാണ് ടീമനുള്ളത്. 13 പോയിന്റുമായി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഹൊബാര്‍ട്ട് ഹറികെയ്ന്‍സാണ് ഒന്നാമത്.
നാളെയാണ് സിക്‌സേഴ്‌സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗാബയില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീം ബ്രിസ്‌ബെയ്ന്‍ ഹീറ്റാണ് എതിരാളികള്‍.
Content Highlight: Steve Smith becomes the player with the most centuries in Big Bash League