ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ച ആദ്യ രണ്ട് മത്സരത്തിലും താളം കണ്ടെത്താന്‍ സാധിക്കാതെ പോയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ പിന്തുണച്ച് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്.

സഞ്ജുവിന്റെ ഫോമിനെ കുറിച്ചുള്ള എല്ലാ തരത്തിലുമുള്ള ആശങ്കകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ ഫ്‌ളെമിങ്, കേവലം രണ്ട് ഇന്നിങ്‌സുകള്‍ കൊണ്ട് സഞ്ജുവിനെ വിലയിരുത്താന്‍ സാധിക്കില്ലെന്നും പറഞ്ഞു.

സഞ്ജു സാംസൺ

വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാ മത്സരത്തിലും അവന് സ്‌കോര്‍ ചെയ്യാന്‍ സാധിക്കില്ല. ഇത് ടി-20 ക്രിക്കറ്റാണ്. അദ്ദേഹം മികച്ച ഫോമിലാണ്, നന്നായി പരിശീലിക്കുന്നുമുണ്ട്. ക്രീസില്‍ നിലയുറപ്പിക്കാന്‍ സാധിച്ചാല്‍ അവന്‍ തീര്‍ച്ചയായും ഒരു മാച്ച് വിന്നറാണ്. അതുകൊണ്ട് രണ്ട് ഇന്നിങ്‌സുകള്‍ ഒരു ആശങ്കയായി കാണാന്‍ സാധിക്കില്ല,’ ഫ്‌ളെമിങ് പറഞ്ഞു.

സ്റ്റീഫന്‍ ഫ്‌ളെമിങ്

രണ്ട് മത്സരത്തില്‍ നിന്നും 6.5 ശരാശരിയിലും നൂറില്‍ താഴെ സ്‌ട്രൈക് റേറ്റിലും വെറും 13 റണ്‍സ് മാത്രമാണ് സഞ്ജുവിന് കണ്ടെത്താന്‍ സാധിച്ചത്.

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ഏഴ് പന്ത് നേരിട്ട സഞ്ജു വെറും ആറ് റണ്‍സിനാണ് പുറത്തായത്. രാജസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പേസര്‍ നാന്ദ്രേ ബര്‍ഗറിന്റെ പന്തില്‍ ബൗള്‍ഡായിട്ടായിരുന്നു സഞ്ജുവിന്റെ മടക്കം.

കഴിഞ്ഞ ദിവസം സേവ്യര്‍ ബാര്‍ട്‌ലെറ്റിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ കയ്യിലൊതുങ്ങിയാണ് സഞ്ജു ഡഗ്ഔട്ടിലേക്ക് തിരിച്ചുനടന്നത്. ഏഴ് പന്തില്‍ ഏഴ് റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

ഐ.പി.എല്ലിന് മുന്നോടിയായി നടന്ന ടി-20 ലോകകപ്പില്‍ മികച്ച പ്രകടനമാണ് സഞ്ജു നടത്തിയത്. ഇക്കാരണം കൊണ്ട് തന്നെ ചെന്നൈ ആരാധകരുടെ പ്രതീക്ഷകളും വാനോളമായിരുന്നു.

എന്നാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരമായ സഞ്ജുവിന് ആ പ്രതീക്ഷകളോട് ഇതുവരെ നീതി പുലര്‍ത്താന്‍ സാധിച്ചിട്ടില്ല. വരും മത്സരങ്ങളില്‍ സഞ്ജു തിളങ്ങുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Stephen Fleming backs Sanju Samson