ബ്രസീലിയ: ഫലസ്തീനില്‍ വംശഹത്യ നടത്തുന്ന ഇസ്രഈലിലേക്ക് സ്റ്റീല്‍ കയറ്റുമതി ചെയ്യരുതെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ബോയ്‌കോട്ട്, ഡിവെസ്‌മെന്റ്, സാങ്ഷന്‍സ്(ബി.ഡി.എസ്) മൂവ്‌മെന്റ്.
ബ്രസീല്‍ സര്‍ക്കാര്‍ ഇസ്രഈലിലേക്ക് സ്റ്റീല്‍ കയറ്റുമതി ചെയ്യുന്നത് നിര്‍ത്തിവെയ്ക്കാനുള്ള നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ സാന്റോസ് തുറമുഖത്ത് നിന്നുള്ള ചരക്കു നീക്കത്തെ തടസപ്പെടുത്തുമെന്നാണ് ബി.ഡി.എസ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നത്.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യ ഉടനെ അവസാനിപ്പിക്കണമെന്നും ഇസ്രഈലിനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ലോകരാജ്യങ്ങള്‍ തയ്യാറാകണമെന്നും ഫലസ്തീന്‍ അനുകൂല സംഘടനയായ ബി.ഡി.എസ് ആവശ്യപ്പെട്ടു.
ഇസ്രഈലിലേക്ക് സ്റ്റീല്‍ കയറ്റുമതി ചെയ്യുന്നത് ബ്രസീലിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇതുനിര്‍ത്തിവെച്ചില്ലെങ്കില്‍ ബ്രസീലിയന്‍ ഡോക് വര്‍ക്കേഴ്‌സ് യൂണിയന്‍ സാന്റോസില്‍ നിന്നുള്ള ചരക്ക് നീക്കത്തെ തടയുമെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു. ബ്രസീലിലെ പ്രധാനപ്പെട്ട തുറമുഖമാണ് സാന്റോസിലേത്.
സാന്റോസിലൂടെ സ്റ്റീല്‍ കയറ്റുമതി തുടരുന്നത് ഇസ്രഈലിലേക്കുള്ള മുഴുവന്‍ സൈനിക കയറ്റുമതിയും നിര്‍ത്തിവെക്കുമെന്നുമുള്ള ബ്രസീലിയന്‍ സര്‍ക്കാരിന്റെ നയത്തിന്റെ ലംഘനമാണെന്നും ബി.ഡി.എസ് ചൂണ്ടിക്കാണിച്ചു.
ഗസയില്‍ 2.3 ദശലക്ഷം ഫലസ്തീനികളെ വംശഹത്യക്കിരയാക്കാന്‍ ശ്രമിക്കുകയും യുദ്ധമുറയായി പട്ടിണി ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തെ കുറിച്ചും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഇസ്രഈലിലേക്കുള്ള സ്റ്റീല്‍ കയറ്റുമതി തടയുന്നതിനായി കയറ്റുമതി ലൈസന്‍സ് റദ്ദാക്കണമെന്ന് പൊതുജനങ്ങള്‍ ബ്രസീലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ബി.ഡി.എസ് ആഹ്വാനം ചെയ്തു.
2023ല്‍ ഗസയില്‍ ഇസ്രഈല്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ ബ്രസീല്‍ ഫലസ്തീന്‍ അനുകൂല നിലപാടാണ് സ്വീകരിച്ചുവരുന്നത്.
2024ലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധികള്‍ ഉള്‍പ്പടെ നിരവധി അന്താരാഷ്ട്ര നിയമങ്ങള്‍ വംശഹത്യയ്ക്ക് സഹായകരമാകുന്ന പ്രവൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പറയുന്നുണ്ട്. ഇത് പാലിക്കാന്‍ ബ്രസീല്‍ പ്രതിജ്ഞാബദ്ധമാണെന്നും കുറിപ്പ് ഓര്‍മിപ്പിക്കുന്നു. ഇസ്രഈലിന്റെ വംശഹത്യയ്ക്ക് സാധ്യതയുള്ള നടപടികള്‍ അവസാനിപ്പിക്കാനും അധിനിവേശം നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതുമാണ് ഐ.സി.ജെയുടെ വിധികള്‍.
വംശഹത്യയും മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യങ്ങളും തടയുന്ന ആയുധവ്യാപാര ഉടമ്പടിയുടെ (എ.ടി.ടി) ആര്‍ട്ടിക്കിള്‍ 6.3, 7.1 എന്നിവ ആയുധകൈമാറ്റം നിരോധിക്കുന്നതാണെന്നുും ഇത് ബ്രസീല്‍ പാലിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.
അധിനിവേശ ഫലസ്തീനില്‍ ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ചേക്കാമെന്ന് സംശയമുണ്ടെങ്കില്‍, ഇസ്രായേലിന് ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നത് നിര്‍ത്തലാക്കാന്‍ നടപടികള്‍ സ്വീകരിക്കാമെന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പ്രമേയവും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.
If the steel is allowed to leave through the Brazilian port of Santos, this would violate:
– Brazil’s own commitment to suspend all military exports to Israel, especially in light of the ongoing livestreamed genocide against 2.3 million Palestinians in Gaza and the use of… pic.twitter.com/AFv9MlYP07
നിയമവിരുദ്ധമായ അധിനിവേശം നടത്തുന്നവര്‍ക്ക് മിലിട്ടറി-ഗ്രേഡ് സ്റ്റീല്‍ പോലുള്ള ഇരട്ട ഉപയോഗമുള്ള വസ്തുക്കള്‍ കൈമാറുന്നത് ഇതേകുറ്റം ചെയ്യുന്നതിന് തുല്യമാണെന്ന അന്താരാഷ്ട്ര നിയമത്തെ കുറിച്ച് യു.എന്‍ നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതും ഓര്‍മ്മിപ്പിക്കുന്നതാണ് ബി.ഡി.എസിന്റെ കുറിപ്പ്.
ഇസ്രഈലിന്റെ നയങ്ങളെ സഹായിക്കുന്ന തരത്തില്‍ നിലപാടെടുക്കുന്ന കമ്പനികളേയും ബ്രാന്‍ഡുകളേയും അതില്‍ നിന്നും തടയുന്നതിനായി അവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സംഘടന കൂടിയാണ് ബി.ഡി.എസ്. 2005ലാണ് ബി.ഡി.എസ് രൂപീകരിച്ചത്.
170 ഫലസ്തീന്‍ യൂണിയനുകള്‍, അഭയാര്‍ത്ഥി സംഘടനകള്‍, വനിതാ സംഘടനകള്‍, ജനകീയ പ്രതിരോധ സമിതികള്‍, ഫലസ്തീന്‍ സിവില്‍ സൊസൈറ്റി സംഘടനകള്‍ എന്നിവരുള്‍പ്പടെയാണ് ബി.ഡി.എസിന് രൂപം നല്‍കിയത്.
Content Highlight: Steel exports to Israel should be stopped; BDS asks to Brazil