'നിങ്ങള്‍ ഗോഡ്സെയുടെ പാത പിന്തുടരരുത്' കോളേജ് വിദ്യാര്‍ത്ഥികളോട് സ്റ്റാലിന്‍
India
'നിങ്ങള്‍ ഗോഡ്സെയുടെ പാത പിന്തുടരരുത്' കോളേജ് വിദ്യാര്‍ത്ഥികളോട് സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th July 2025, 8:46 am

ചെന്നൈ: വിദ്യാര്‍ത്ഥികളോട് ഗോഡ്‌സെ അനുയായികളുടെ പ്രത്യയശാസ്ത്രം നിരസിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തിരുച്ചിറപ്പള്ളിയിലെ ജമാല്‍ മുഹമ്മദ് കോളേജില്‍ ഗ്ലോബല്‍ ജമാലിയന്‍സ് ബ്ലോക്കിന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.

മഹാത്മാഗാന്ധിയുടെയും ബി.ആര്‍. അംബേദ്കറുടെയും പെരിയാറിന്റെയും ആദര്‍ശങ്ങള്‍ പിന്തുടരാനും നാഥുറാം ഗോഡ്സെയുടെ അനുയായികളുടെ പ്രത്യയശാസ്ത്രം നിരസിക്കാനുമാണ് അദ്ദേഹം പറഞ്ഞത്.

‘നിങ്ങള്‍ ഒരിക്കലും ഗോഡ്സെയുടെ പാത പിന്തുടരരുത്. പകരം അംബേദ്കറുടെയും പെരിയാറിന്റെയും ഗാന്ധിയുടെയും പാത പിന്തുടരുക,’ എം.കെ. സ്റ്റാലിന്‍ ഉദ്ഘാടന പരിപാടിയില്‍ പറഞ്ഞു.

ഒപ്പം ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നതില്‍ കോളേജിന്റെ പാരമ്പര്യത്തെ കുറിച്ച് പറയുകയും പ്രശംസിക്കുകയും ചെയ്തു. ഗാന്ധിയന്‍ തത്വങ്ങളുടെ കടുത്ത അനുയായികളായ ജമാല്‍ മുഹമ്മദും ഖാജ മിയാന്‍ റൗതറും ഒരുമിച്ച് ചേര്‍ന്നാണ് തിരുച്ചിറപ്പള്ളിയിലെ ഈ ജമാല്‍ മുഹമ്മദ് കോളേജ് സ്ഥാപിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ജമാല്‍ മുഹമ്മദ് ഗാന്ധിയോടൊപ്പം രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കുകയും സ്വാതന്ത്ര്യസമരത്തെ പിന്തുണയ്ക്കുന്നതിനായി ഒരു ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്യുക പോലും ചെയ്തു,’ സ്റ്റാലിന്‍ പറഞ്ഞു.

ഖാജ മിയാന്‍ റൗതര്‍ അക്കാലത്ത് ഒരു ഖാദി മില്‍ നടത്തിയിരുന്നുവെന്നും സൗജന്യമായി തുണി വിതരണം ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളും മന്ത്രിമാരുമായ കെ.എന്‍. നെഹ്റു, എം.ആര്‍.കെ. പനീര്‍സെല്‍വം എന്നിവരുള്‍പ്പെടെയുള്ളവരെ കുറിച്ചും സ്റ്റാലിന്‍ സംസാരിച്ചു.

‘നിങ്ങളുടെ സീനിയേഴ്‌സ് എന്റെ മന്ത്രിസഭയിലുണ്ട്. ഒരു ദിവസം, നിങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ള ആരെങ്കിലുമൊക്കെ ആ പട്ടികയിലേക്ക് വന്നേക്കാം,’ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം തമിഴ്‌നാട് ഒറ്റകെട്ടായി നിന്നാല്‍ ആര്‍ക്കും തോല്‍പ്പിക്കാന്‍ ആവില്ലെന്ന് പറഞ്ഞ എം.കെ. സ്റ്റാലിന്‍ താന്‍ രാഷ്ട്രീയം പറയുകയല്ലെന്നും വിദ്യാര്‍ത്ഥികളെ രാഷ്ട്രീയത്തെ കുറിച്ച് അറിയിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

Content Highlight: ‘Stay Away From Nathuram Godse’s Supporters’ MK Stalin Tells To College Students