കൊവിഡ് ഇനിയെത്താന്‍ ബാക്കി അന്റാര്‍ട്ടിക്കയില്‍ മാത്രം; കൊവിഡ്-19 ഏതെല്ലാം രാജ്യങ്ങളില്‍, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം, മരണസംഖ്യ
ന്യൂസ് ഡെസ്‌ക്

ലോകത്ത് ഇതാദ്യമായല്ല, പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതും നിരവധി പേരുടെ മരണത്തിന് ഇടയാക്കുന്നതും. പക്ഷെ ഇപ്പോള്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന കൊവിഡ് 19 പോലെ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും അധികം രാജ്യങ്ങളില്‍ വ്യാപിച്ചിട്ടുള്ള മറ്റൊരു രോഗം ലോകചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അന്റാര്‍ട്ടിക ഒഴികെയുള്ള മറ്റെല്ലാ ഭൂണ്ഡങ്ങളിലും വ്യാപിച്ചിരിക്കുന്ന കൊവിഡ് 19, ആദ്യമായി പൊട്ടിപ്പുറപ്പെടുന്നത് ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ 2019 ഡിസംബറിലാണ്. ഏതാണ്ട് മൂന്ന് മാസത്തിനുള്ളിലാണ് ഈ രോഗം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നത്.

കൊവിഡ് 19 ആരംഭിച്ച ചൈനയില്‍ ഉള്ളതിനേക്കാള്‍ അധികം ആളുകള്‍ക്കാണ് ഇന്ന് ലോകത്തിലെ നൂറിലേറെ രാജ്യങ്ങളിലായി രോഗം പടര്‍ന്നുപിടിച്ചിരിക്കുന്നത്. മരണത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ.

ചൈനയില്‍ 80,860 ആണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍. ചൈന ഒഴികെയുള്ള മറ്റ് രാജ്യങ്ങളില്‍ മാത്രം ഇതുവരെ കേസുകള്‍ 87,000 ഏറെയായി. മരിച്ച ആളുകളുടെ എണ്ണം നോക്കുക്കയാണെങ്കില്‍ ചൈനയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 3,208ഉം മറ്റ് രാജ്യങ്ങളില്‍ എല്ലാം കൂടി മരിച്ചവരുടെ എണ്ണം ഇതിനേക്കാള്‍ കൂടി 3,241ലും എത്തിനില്‍ക്കുകയാണ്.

ഓരോ രാജ്യങ്ങളും അതിര്‍ത്തികള്‍ അടച്ചും സോഷ്യല്‍ ഐസോലേഷന്‍ കൃത്യമായി പാലിച്ചുമാണ് കൊവിഡിന് തടയിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

എന്താണ് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കൊവിഡ് 19 രോഗബാധയുടെ അവസ്ഥ

ലോകത്താകെ 156 രാജ്യങ്ങളില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചു കഴിഞ്ഞു. 6000ത്തിലേറെ പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. 1,60,000ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. ഈ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനക്ക് പുറത്ത് കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന രാജ്യം ഇറ്റലിയാണ്. ഇവിടെ 25,000 ലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ മരിച്ചത് 1800ലേറെ ആളുകളും.

ലോകാരോഗ്യ സംഘടന, കൊവിഡ് 19 നെ പാന്‍ഡമിക് അഥവാ മഹാമാരിയായി പ്രഖ്യാപിച്ചതിനൊപ്പം ഇതിന്റെ പ്രഭവ കേന്ദ്രമായി കണ്ടെത്തിയത് യൂറോപ്പിനെയാണ്. യൂറോപ്പിലെ രാജ്യങ്ങളില്‍ നോക്കുമ്പോള്‍, ഫ്രാന്‍സില്‍ ഇതുവരെ 4,500ലേറെ കേസുകളും 90ലേറെ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്‌പെയ്‌നില്‍ 7753 പേര്‍ക്കാണ് രോഗമുള്ളത്. മരണം 292എത്തിനില്‍ക്കുകയാണ്.

ജര്‍മനിയിലെത്തുമ്പോള്‍ 5,700 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്തു. നെതര്‍ലാന്‍ഡ്‌സില്‍ 2,270ളം പേര്‍ക്ക് രോഗം ബാധിക്കുകയും 20 മരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സ്വിറ്റ്‌സര്‍ലന്‍ഡിലും സമാനമായ സ്ഥിതിയാണുള്ളത് 14 മരണങ്ങളും 2,200 പേര്‍ക്ക് രോഗവും. ബ്രിട്ടണില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1,144 ആണെങ്കിലും ഇതുവരെ 21 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.

യൂറോപ്പ് കഴിഞ്ഞാല്‍ ഇപ്പോള്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇറാനിലാണ്. 14,000ത്തിലേറെയാണ് ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം കൂടാതെ 724പേര്‍ മരിക്കുകയും ചെയ്തു. ഇറാനിലെ ആരോഗ്യമേഖലയുടെ മോശം അവസ്ഥ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊറോണയെ തുടര്‍ന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കയില്‍ 3,500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 57 പേര്‍ മരിക്കുകയും ചെയ്തു. ഇന്ത്യയിലെത്തുമ്പോള്‍ പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 114 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. രണ്ട് പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

കൊവിഡ് ബാധിച്ച ചില രാജ്യങ്ങളുടെ കണക്കുകള്‍ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. 156 രാജ്യങ്ങളിലും ഇതിനോട് സമാനമായ സാഹചര്യം തന്നെയാണ്.

കൊവിഡ് ആരംഭിച്ച ചൈനയില്‍ നഗരങ്ങള്‍ അടച്ചുപൂട്ടിയും സമൂഹവ്യാപനം തടയുന്നതിനായി കര്‍ശന നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കിയാണ് ഇപ്പോള്‍ കാണുന്ന രീതിയില്‍ കൊവിഡില്‍ നിന്നും ഏകദേശം ഒരു തിരിച്ചുവരവ് നടത്തിയത്. ചൈനക്ക് ശേഷം കൊവിഡ് പടര്‍ന്ന ദക്ഷിണ കൊറിയയും വളരെ പെട്ടന്ന് തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗവ്യാപനം തടഞ്ഞു.

പല രാജ്യങ്ങളും അതിര്‍ത്തികള്‍ അടച്ചിട്ടും വിമാന സര്‍വീസുകള്‍ റദ്ദാക്കിയും രോഗവ്യാപനം തടയാന്‍ ഒരുക്കങ്ങള്‍ ശക്തമാക്കി. ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഡെന്മാര്‍ക്ക് രാജ്യാതിര്‍ത്തികള്‍ അടച്ചിരുന്നു. പിന്നാലെ പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ, ലിത്വാനിയ എന്ന്ീ രാജ്യങ്ങളും സമാനമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. നോര്‍വേ, പോളണ്ട് അതിര്‍ത്തികള്‍ റഷ്യയും അടച്ചിരിക്കുകയാണ്. പല രാജ്യങ്ങളും കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും ആളുകളെ തങ്ങളുടെ നാട്ടില്‍ പ്രവേശിപ്പിക്കുന്നില്ല.

കൊവിഡ് ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളും കര്‍ശനവും കൃത്യവുമായ ജാഗ്രത നിര്‍ദേശങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ്.