മലപ്പുറം: സ്ത്രീസുരക്ഷയ്ക്ക് സംസ്ഥാനത്ത് ഏറെ പദ്ധതികളുണ്ടെങ്കിലും ഗാര്‍ഹിക പീഡനത്തിന് കുറവ് സംഭവിച്ചിട്ടില്ല. 2024 ഏപ്രിലില്‍ മുതല്‍ കഴിഞ്ഞ ജൂലൈ വരെ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ ഹെല്‍പ്പ് ലൈനില്‍ പീഡനത്തില്‍ നിന്ന് രക്ഷതേടിയെത്തിയത് 3988 സ്ത്രീകളാണ്.
ഈ വര്‍ഷം ഏപ്രിലിലും ജൂലൈക്കും ഇടയില്‍ 1315 കോളുകളുമാണ് ലഭിച്ചത്. തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീകള്‍ അപമാനിതരാകുന്ന സംഭവങ്ങളും ദിനം പ്രതി വര്‍ധിച്ചുവരികയാണ്. 15 മുതല്‍ 60 വയസുവരെയുള്ള സ്ത്രീകളില്‍ 40 ശതമാനം പേരും മാനസിക, ശാരീരിക പീഡനങ്ങള്‍ക്കിരയാകുന്നതായാണ് കണക്കുകള്‍ പറയുന്നത്. 2017ല്‍ നിലവില്‍ വന്ന മിത്രയില്‍ ഇതുവരെ 504198 കോളുകളാണ് എത്തിയത്.166934 പേര്‍ക്ക് നേരിട്ട് നേരിട്ട് സഹായം ചെയ്യാനും സാധിച്ചിരുന്നു.
24 മണിക്കൂറും സൗജന്യസേവനമാണ് മിത്ര നല്‍കുന്നത്. ‘മിത്ര’യില്‍ വരുന്ന ഓരോ പരാതികളിലും ആവശ്യമായ സേവനം ഉടനടി നല്‍കുന്നുണ്ടെന്നും തുടരന്വേഷണങ്ങള്‍ നടത്തുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായി ആരംഭിച്ച സമയത്ത് ഓരോ സംസ്ഥാനത്തും വ്യത്യസ്ത പേരിലാണ് പദ്ധതി അറിയപ്പെട്ടിരുന്നത്. കേരളത്തില്‍ മിത്ര എന്നായിരുന്നു രണ്ടുവര്‍ഷം മുമ്പ് രാജ്യത്തുടനീളം വനിത ഹെല്‍പ്പ്‌ലൈന്‍ എന്ന പേരിലേക്ക് പദ്ധതി മാറി.
കഴിഞ്ഞ ഒന്നരവര്‍ഷത്തില്‍ 3988 ഗാര്‍ഹികാതിക്രമങ്ങള്‍ക്ക് പുറമെ 215 ലൈംഗികാതിക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല 78 തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍, 85 മിസ്സിങ് കേസുകള്‍ എന്നിവയിലാണ് കോളുകള്‍ എത്തിയത്. കൂടാതെ പരാതികളുമായി എത്തുന്നവര്‍ക്ക് കൗണ്‍സിലിങ്ങും നിയമസഹായവും നല്‍കുന്നുണ്ട്. പരാതി കേള്‍ക്കുന്ന സമയത്ത് പൊലീസിന്റെ സാന്നിധ്യം ആവശ്യമെങ്കില്‍ 112 എന്ന കണ്‍ട്രോള്‍ നമ്പറുമായി കണക്ട് ചെയ്താണ് പരിഹാരം കാണുന്നത്.