ന്യൂദല്‍ഹി: ശിക്ഷാ ഇളവ് നല്‍കുന്നതിനായി കുറ്റവാളികളോ അവരുടെ ബന്ധുക്കളോ അപേക്ഷ നല്‍കിയില്ലെങ്കിലും ഇളവ് നല്‍കുന്നത് പരിഗണിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ചുമതലയുണ്ടെന്ന് സുപ്രീം കോടതി. ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ നിര്‍ദേശം.
അപേക്ഷിച്ചവര്‍ക്ക് മാത്രമേ ഇളവ് നല്‍കൂവെന്നും പരിഗണിക്കൂവെന്നുമുള്ള നിലപാട് വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ശിക്ഷാ ഇളവ് നല്‍കാന്‍ സ്ഥിരം നയമില്ലാത്ത സംസ്ഥാനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ നയമുണ്ടാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
ജീവപര്യന്തമടക്കമുള്ള തടവിന് ശിക്ഷിക്കപ്പെട്ടവരില്‍ ശിക്ഷാ ഇളവിന് അര്‍ഹതയുള്ളവരുടെ പട്ടികകള്‍ ജയില്‍ സൂപ്രണ്ടുമാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്നും പട്ടിക പരിശോധിച്ച് ഇളവ് അനുവദിക്കുന്നതില്‍ തീരുമാനമെടുക്കണമെന്നും സംസ്ഥാനങ്ങളോട് കോടതി ആവശ്യപ്പെട്ടു.
കുറ്റകൃത്യത്തിന്റെ പ്രകൃതം, ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ പുതിയ ജീവിതം തുടങ്ങാനുള്ള സാധ്യതകള്‍, നിലവില്‍ ശിക്ഷിക്കപ്പെട്ട കുറ്റകൃത്യത്തിന് പിന്നിലെ കാരണം, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങള്‍ ഇളവ് നല്‍കുന്നതിനായി പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.