കൊടകരക്കേസില്‍ സുരേഷ് ഗോപിക്ക് ആറ് കോടി നല്‍കിയെന്ന് മൊഴി; അയോഗ്യനാക്കണമെന്ന് ആര്‍.ജെ.ഡി
Kerala News
കൊടകരക്കേസില്‍ സുരേഷ് ഗോപിക്ക് ആറ് കോടി നല്‍കിയെന്ന് മൊഴി; അയോഗ്യനാക്കണമെന്ന് ആര്‍.ജെ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th April 2024, 8:08 am

കോഴിക്കോട്: കൊടകര കുഴല്‍പണക്കേസില്‍ സുരേഷ്‌ഗോപിക്ക് 6.60 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിയെ അയോഗ്യനാക്കണമെന്ന് ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി സലീം മടവൂര്‍. കോഴിക്കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊടകരകുഴല്‍പണക്കേസിലെ പ്രതിയും സാക്ഷിയും ബി.ജെ.പി പ്രവര്‍ത്തകനുമായ ധര്‍മരാജനാണ് സുരേഷ് ഗോപിക്കെതിരെ മൊഴിനല്‍കിയിട്ടുള്ളത്.

കൊടകരക്കേസില്‍ 6 കോടി 80 ലക്ഷം രൂപയുടെ കുഴല്‍പണം സുരേഷ് ഗോപിക്ക് നല്‍കിയിട്ടുണ്ടെന്നായിരുന്നു ധര്‍മരാജന്റെ മൊഴി. നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി 40 ലക്ഷം രൂപ മാത്രമാണ് ചെലവഴിക്കാനാകുക. എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ വേളയില്‍ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ്‌ഗോപിക്ക് മാത്രമായി 6 കോടി 80 ലക്ഷം രൂപനല്‍കിയെന്നായിരുന്നു ധര്‍മരാജന്റെ മൊഴി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും സലീം മടവൂര്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലുമായി 56 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ ബി.ജെ.പി നടത്തിയിട്ടുണ്ടെന്നാണ് ധര്‍മരാജന്റെ മൊഴി. അതില്‍പെട്ട മൂന്നരക്കോടി രൂപയാണ് കൊടകരയില്‍ കൊള്ളയടിക്കപ്പെട്ടത്. എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് 25 ലക്ഷം നഷ്ടപ്പെട്ടു എന്ന് പരാതി നല്‍കിയത് എന്നും ധര്‍മരാജന്റെ മൊഴിയിലുണ്ട്. ഈ രീതിയില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി കള്ളപ്പണ ഇടപാട് നടത്തിയിട്ടണ്ടെന്നും സലീം മടവൂര്‍ പറഞ്ഞു.

കൊടകരയില്‍ കുഴല്‍പണം കൊള്ളയടിക്കപ്പെടുന്നതിന്റെ മുമ്പുള്ള ദിവസം സുരേഷ് ഗോപി മത്സരിച്ചിരുന്ന തൃശൂര്‍ നിയോജകമണ്ഡലത്തില്‍ 6 കോടി 80 ലക്ഷം രൂപ നല്‍കിയിരുന്നു എന്നും ധര്‍മരാജന്റെ മൊഴിയുണ്ട്. ബി.ജെ.പിയുടെ തൃശൂര്‍ ജില്ല ട്രഷറര്‍ ആയിരുന്ന രാജുസേനന്‍ വഴിയാണ് ആ പണം നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷനും ഇ.ഡിക്കും ആദായ നികുതി വകുപ്പിനും ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ വി.കെ രാജു റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ടെന്നും സലീം മടവൂര്‍ പറഞ്ഞു.

content highlights: Statement that Suresh Gopi paid 6 crores to in Kodakara case; RJD wants to be disqualified