'പാര്‍ലമെന്റ് അംഗമാകാന്‍ അവര്‍ക്കെന്ത് ധാര്‍മിക അവകാശം'; പ്രഗ്യാ സിങ് താക്കൂറിനെതിരെ 100 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പ്രസ്താവന
national news
'പാര്‍ലമെന്റ് അംഗമാകാന്‍ അവര്‍ക്കെന്ത് ധാര്‍മിക അവകാശം'; പ്രഗ്യാ സിങ് താക്കൂറിനെതിരെ 100 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പ്രസ്താവന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th January 2023, 12:07 am

ന്യൂദല്‍ഹി: ബി.ജെ.പി ലോക്സഭാ അംഗം പ്രഗ്യാ സിങ് താക്കൂറിനെതിരെ നടപടി ആവശ്യപ്പെട്ട് നൂറിലധികം മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. പ്രഗ്യാ സിങ് കര്‍ണാടകയില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിനെതിരെയാണ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്.

പ്രകോപനപരമായ പ്രസംഗത്തിലൂടെയും ആവര്‍ത്തിച്ചുള്ള വിദ്വേഷ പ്രചാരണത്തിലൂടെയും പാര്‍ലമെന്റ് അംഗമാകാനുള്ള ധാര്‍മിക അവകാശം താക്കൂറിന് നഷ്ടപ്പെട്ടുവെന്ന് തുറന്ന കത്തില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാജ്യത്തിന് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കുന്ന പാര്‍ലമെന്റിന്റെ സഭകള്‍ക്ക് ഒരു പ്രത്യേക ഉത്തരവാദിത്തമുണ്ട്. ഭരണഘടനയുടെ തത്വങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ആ സ്ഥാനത്തിരിക്കാന്‍ അവകാശമില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.

ദല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, മുന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍, മുന്‍ ഐ.പി.എസ് ഓഫീസര്‍മാരായ എ.എസ്. ദുലത്ത്, ജൂലിയോ റിബെയ്റോ, അമിതാഭ് മാത്തൂര്‍, മുന്‍ ഐ.എ.എസ് ഓഫീസര്‍മാരായ ടി.കെ.എ നായര്‍, കെ. സുജാത റാവു തടങ്ങിയ 103 പേരാണ് കത്തില്‍ ഒപ്പിട്ടിട്ടുള്ളത്. കോണ്‍സ്റ്റിറ്റിയൂഷന്‍ കണ്ടക്റ്റ് ഗ്രൂപ്പ് എന്ന പേരിലാണ് കത്തെഴുതിയിട്ടുള്ളത്.

തങ്ങളെയും തങ്ങളുടെ അന്തസിനെയും ആക്രമിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്നായിരുന്ന് പ്രഗ്യാ സിങ് പറഞ്ഞത് ഈയിടെ വലിയ വിവാദമായിരുന്നു.

എല്ലാവര്‍ക്കും സ്വയം സംരക്ഷിക്കാന്‍ അവകാശമുണ്ടെന്നും അതുകൊണ്ട് ഹിന്ദുക്കള്‍ കുറഞ്ഞത് അവരുടെ വീടുകളിലെ കത്തികള്‍ മൂര്‍ച്ചകൂട്ടി സൂക്ഷിക്കണമെന്നും ശിവമോഗയില്‍ വെച്ച് നടന്ന ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെ ബി.ജെ.പി എം.പി ആഹ്വാനം ചെയ്തിരുന്നു.

”നിങ്ങളുടെ വീടുകളിലുള്ള ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടി സൂക്ഷിക്കുക, ഒന്നുമില്ലെങ്കിലും, പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തികളെങ്കിലും. എപ്പോള്‍ എന്ത് സാഹചര്യത്തിലാണ് ആവശ്യം വരികയെന്ന് പറയാനാവില്ല.

സ്വയം സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടില്‍ നുഴഞ്ഞുകയറി നമ്മളെ ആക്രമിക്കുകയാണെങ്കില്‍, തക്കതായ മറുപടി നല്‍കുക എന്നുള്ളത് നമ്മുടെ അവകാശമാണ്”

മുസ്‌ലിങ്ങള്‍ക്ക് ലവ് ജിഹാദിന്റെ പാരമ്പര്യമാണുള്ളതെന്നും വിവാദ പ്രസ്താവനയില്‍ പ്രഗ്യാ സിങ് പറഞ്ഞിരുന്നു.