സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 7,8,9 തിയ്യതികളില്‍ നടക്കും
kERALA NEWS
സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 7,8,9 തിയ്യതികളില്‍ നടക്കും
ന്യൂസ് ഡെസ്‌ക്
Tuesday, 18th September 2018, 6:53 pm

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ മൂന്ന് ദിവസം മാത്രം. ഡിസംബര്‍ 7,8,9 തിയ്യതികളില്‍ ആലപ്പുഴയില്‍ വച്ചാണ് നടക്കുക. രചനാ മത്സരങ്ങള്‍ ജില്ലാ തലം വരെ നടത്തി വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും.

ഡിപിഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണനിലവാര പരിശോധനാ സമിതി യോഗം തീരുമാനങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. കായിക മേള ഒക്ടോബര്‍ 26, 27, 28 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തും. ഗെയിംസ് ഇനങ്ങള്‍ ഒഴിവാക്കി. ജില്ലാ തലത്തിലുള്ള വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും. അത്‌ലറ്റിക്‌സ് ഇനങ്ങള്‍ മാത്രമാണ് സംസ്ഥാന തലത്തില്‍ മത്സരം നടത്തുക.

ജില്ലാ തലത്തില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കിട്ടിയവര്‍ മാത്രമാണ് സംസ്ഥാന തലത്തില്‍ മത്സരിക്കുക. ശാസ്‌ത്രോത്സവം നവംബര്‍ 24, 25 തീയതികളില്‍ നടക്കും. എല്‍പി, യുപി വിഭാഗം മത്സരങ്ങള്‍ സ്‌കൂള്‍ തലത്തില്‍ മാത്രമായിരിക്കും നടക്കുക. സ്‌പെഷല്‍ സ്‌കൂള്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 26,27,28 തീയതികളില്‍ നടക്കും.

 

Also Read: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 7,8,9 തിയ്യതികളില്‍ നടക്കും

പ്രളയത്തിന് ശേഷം സംസ്ഥാനത്ത് കലോത്സവം ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ എടുത്ത് മാറ്റാന്‍ ആലോചിച്ചിരുന്നെങ്കിലും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാവരുതെന്ന് കലോത്സവം നടത്താന്‍ അനുമതി കൊടുത്തുകൊണ്ട് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ആര്‍ഭാടമില്ലാതെ കലോത്സവം നടത്തുന്നതിന്റെ ഭാഗമായി പരമാവധി ഓഡിറ്റോറിയങ്ങളിലും ഹാളുകളിലുമായി മത്സരങ്ങള്‍ക്ക് വേദി കണ്ടെത്താനും കുടുംബശ്രീയുടെ നേതൃത്വത്തില്‍ മത്സര വേദികളില്‍ ഭക്ഷണം തയ്യാറാക്കുവാനും തീരുമാനിച്ചിരുന്നു. ചെലവ് കുറയ്ക്കാനായി ഉദ്ഘാടന-സമാപന ചടങ്ങുകളുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.