കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട 21 കുട്ടികള്‍ക്ക് പഠനസഹായമായി 10 ലക്ഷം രൂപ കൂടി നിക്ഷേപിച്ച് സംസ്ഥാന സര്‍ക്കാര്‍. അച്ഛനും അമ്മയും നഷ്ടപ്പെട്ട ഏഴ് കുട്ടികള്‍ക്ക് 41 ലക്ഷം രൂപയും രക്ഷിതാക്കളില്‍ ഒരാള്‍ നഷ്ടമായ 14 കുട്ടി കള്‍ക്ക് 15 ലക്ഷം രൂപയുമാണ് ലഭിക്കുക. രണ്ട് ഇതര സംസ്ഥാനക്കാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
രക്ഷിതാക്കള്‍ രണ്ടുപേരും നഷ്ടമായ കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ വിവിധ സഹായങ്ങളിലൂടെ ഉറപ്പാക്കുന്നത് 41 ലക്ഷം രൂപയാണ്. വനിതാ ശിശുവി കസന വകുപ്പിന്റെ 10 ലക്ഷം, സി.എം.ഡി.ആര്‍.എഫില്‍നിന്ന് 10 ലക്ഷം, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സി.എസ്.ആര്‍ ഫണ്ടും സ്‌പോണ്‍സര്‍മാരില്‍നിന്നും സമാഹരിച്ച തുകയും അടക്കം അഞ്ചുലക്ഷം, മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന എട്ടുലക്ഷം വീതം 16 ലക്ഷം ഉള്‍പ്പെടെയാണ് ഈ തുക.
കളക്ടറുടെ പേരില്‍ ട്രഷറി അക്കൗണ്ട് ആരംഭിച്ച് കുട്ടികളെ നോമിനികളാക്കി പ്രായപൂര്‍ത്തിയാ കും വരെ സ്ഥിരനിക്ഷേപമായി തുക സൂക്ഷിക്കും. മാസം 8000 രൂപയോളം പലിശ ലഭിക്കും. 18 വയസ് പൂര്‍ത്തിയായാല്‍ തുക പിന്‍വലിക്കാം. ദുരന്തത്തിനുശേഷം 18 വയസ് പൂര്‍ത്തിയായ നാല് പേര്‍ ഉള്‍പ്പെടെയാണ് 21 പേര്‍.
അച്ഛനും അമ്മയും നഷ്ടമായ കുട്ടികള്‍ക്ക് വനിതാശിശുവികസന വകുപ്പ് നല്‍കിയ 10 ലക്ഷം രൂപയ്ക്ക് പുറമെയാണ് സി.എം.ഡി.ആര്‍.എഫില്‍നിന്നുള്ള സഹായം. രക്ഷിതാക്കളില്‍ ഒരാള്‍ നഷ്ടമായ കുട്ടികള്‍ക്ക് വനിതാ ശിശുവികസന വകുപ്പ് അഞ്ച് ലക്ഷം രൂപയും കൈമാറിയിട്ടുണ്ട്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിനിയോഗിക്കുന്ന സി.എസ്.ആര്‍ ഫണ്ടും വിവിധ സ് പോണ്‍സര്‍മാരില്‍നിന്ന് സമാഹരിച്ച തുകയുമടക്കം അഞ്ച് ലക്ഷം രൂപ രക്ഷിതാക്കള്‍ രണ്ടു പേരും നഷ്ടമായ കുട്ടികള്‍ക്കായി സ്ഥിരനിക്ഷേപമായുണ്ട്. ഇതിന് പുറമെ മാസം 4000 രൂപ വീതം നല്‍കാനും യൂണിസെഫുമായി സഹകരിച്ച് 25 വയസുവരെ പഠന സഹായം ഉറപ്പാക്കാനുമുള്ള പദ്ധതികളുമുണ്ട്.