കൊച്ചി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയെ സമീപിക്കാനിരിക്കെ തടസഹരജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍.
പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ സ്റ്റേ നടപടികള്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് തടസഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 17 ലക്ഷം രൂപ കൂടി കെട്ടിവെയ്ക്കണമെന്നും പണികള്‍ ആരംഭിക്കാമെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസുള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പണം കെട്ടിവെച്ച ശേഷം ഭൂമിയുടെ ഫിസിക്കല്‍ പൊസിഷന്‍ സര്‍ക്കാരിന് ലഭിക്കുമെന്നാണ് ഇടക്കാല ഉത്തരവില്‍ കോടതി പറയുന്നത്. കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇതിന് പിന്നാലെ ഭൂമി ഏറ്റെടുക്കാന്‍ ഇനിയും പണം ലഭിക്കണമെന്നായിരുന്നു എസ്റ്റേറ്റിന്റെ പക്ഷം. നാളെ മുതല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തടയുമെന്നും അവര്‍ പറഞ്ഞിരുന്നു.
നേരത്തെ സര്‍ക്കാര്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനായി 26 കോടി രൂപ കെട്ടിവെച്ചിരുന്നു. ഇതിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
549 കോടി രൂപയെങ്കിലും ലഭിക്കണമെന്നാണ് കോടതിയില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ആവശ്യപ്പെട്ടത്. നിലവില്‍ തേയില തോട്ടമുള്ള സ്ഥലമാണെന്നും ഓരോ തെയില ചെടിക്കുമടക്കം പണം നല്‍കണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്.