ഈ കണക്കുകളൊന്നും ഊതിപ്പെരുപ്പിച്ചതല്ല; ഫഹദ് മര്‍സൂക് സംസാരിക്കുന്നു
Interview
ഈ കണക്കുകളൊന്നും ഊതിപ്പെരുപ്പിച്ചതല്ല; ഫഹദ് മര്‍സൂക് സംസാരിക്കുന്നു
ആദര്‍ശ് എം.കെ.
Thursday, 19th September 2024, 1:32 pm
ആദ്യം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്ത ബോഡിയുടെ ചെലവ് പതിനായിരമോ പതിനയ്യായിരമോ ആകും. എന്നാല്‍ ഇനി വരാന്‍ പോകുന്ന ഒരു ബോഡിയുടെയോ ബോഡി പാര്‍ട്ടിന്റെയോ ചെലവ് ലക്ഷങ്ങളായിരിക്കും. ഇതെല്ലാം കണക്കിലെടുത്ത് വേണം ഒരു ശരാശരി നിശ്ചയിക്കാന്‍. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെയായിരിക്കണം ശരാശരി തുക കാണേണ്ടത്. ഇത്തരം സാധ്യതകളെയെല്ലാം മുമ്പില്‍ കാണുന്നതുകൊണ്ട് ഇതൊരിക്കലും ഊതിവീര്‍പ്പിച്ച കണക്കുകളല്ല.

 

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75000 രൂപ, ബെയ്‌ലി പാലത്തിന് കീഴില്‍ കല്ലിടാനും സന്നദ്ധപ്രവര്‍ത്തക്ക് ഭക്ഷണത്തിനുമായി കോടികള്‍ തുടങ്ങി ചെലവ് സ്‌തോഭജനകമായ വാര്‍ത്തകള്‍ 48 മണിക്കൂറുകളായി മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. എന്നാല്‍ നാളിതുവരെയായിട്ടും സംസ്ഥാനത്തിന് ദുരിതാശ്വാസമായി ഒരു രൂപ പോലും പോലും അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിനെ രക്ഷിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമമാണെന്നും വിമര്‍ശനമുയര്‍ന്നു.

ഇത് ആക്ച്വല്‍സും എസ്റ്റിമേറ്റും തമ്മില്‍ തിരിച്ചറിയാത്തതാണെന്ന വിശദീകരണം പിന്നാലെയെത്തി.

കണക്കിലെ കളികളെ കുറിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അതോറിറ്റിയിലെ ഹസാര്‍ഡ് അനലിസ്റ്റ്‌ ഫഹദ് മര്‍സൂക് സംസാരിക്കുന്നു

 

എന്താണ് എസ്.ഡി.ആര്‍.എഫ്?

ഇന്ത്യയില്‍ ദുരന്ത നിവാരണം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള ഒരു ഫണ്ടാണ് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് അഥവാ എന്‍.ഡി.ആര്‍.എഫ്. ദേശീയ ദുരന്തനിവാരണ നിയമം 2005 മുഖേനയാണ് ഇത് രൂപീകരിച്ചിട്ടുള്ളത്. ഇത് ഓരോ സംസ്ഥാനങ്ങള്‍ക്കുമായി വീതം വെക്കപ്പെടുന്ന ഫണ്ടാണ്. ഓരോ അഞ്ച് വര്‍ഷത്തിലും ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ചാണ് ഓരോ സംസ്ഥാനങ്ങള്‍ക്കമുള്ള ഗഡു തീരുമാനിക്കുകയും നല്‍കപ്പെടുകയും ചെയ്യുന്നത്.

ഇതിനൊപ്പം സംസ്ഥാന വിഹിതം കൂടി ചേരുമ്പോള്‍ സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് (സംസ്ഥാന ദുരന്ത പ്രതികരണ നിധി) അഥവാ എസ്.ഡി.ആര്‍.എഫായി മാറും. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ഓരോ സംസ്ഥാനങ്ങളും ഈ ഫണ്ടാണ് വിനിയോഗിക്കുക.

പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ട്, സി.എം.ഡി.ആര്‍.എഫ് തുടങ്ങിയവയും ദുരന്തനിവാരണത്തിനായി വിനിയോഗിക്കാം. എന്നാല്‍ ഇത് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് മാത്രമല്ല വിനിയോഗിക്കപ്പെടുന്നത്.

 

എസ്.ഡി.ആര്‍.എഫിന്റെ ഫണ്ട് വിനിയോഗം എങ്ങനെയാണ്?

നോട്ടിഫൈഡ് അഥവാ അംഗീകൃത ദുരന്തങ്ങള്‍ക്കും സംസ്ഥാനത്തിന്റെ ദുരന്തനിവാരണ അതോറിറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി സംസ്ഥാന ദുരന്തമായി വിലയിരുത്തിയ ദുരന്തങ്ങള്‍ക്കുമായി വകയിരുത്തിയ ഫണ്ടാണ് എസ്.ഡി.ആര്‍.എഫ്. ആ ദുരന്തങ്ങള്‍ക്ക് മാത്രമേ ഈ ഫണ്ട് വിനിയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

ഈ ഫണ്ട് എങ്ങനെ ചെലവഴിക്കണം എന്നതിനെ സംബന്ധിച്ച് ദേശീയ തലത്തില്‍ ഒരു മാനദണ്ഡം തയ്യാറാക്കിയിട്ടുണ്ട്. ഈ മാനദണ്ഡം അനുസരിച്ച് മാത്രമേ എസ്.ഡി.ആര്‍.എഫില്‍ നിന്നുള്ള ഫണ്ട് വിനിയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഈ മാനദണ്ഡ പ്രകാരം രണ്ട് തരത്തിലാണ് ഇതിന്റെ ചെലവുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

മുന്‍കൂട്ടി പരിധി നിശ്ചയിക്കപ്പെട്ടിട്ടുള്ളവയാണ് ഇതില്‍ ഒന്നാമത്തേത്. ഉദാഹരണത്തിന് ഒരാളുടെ മരണത്തില്‍ അയാളുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപയാണ് എസ്.ഡി.ആര്‍.എഫില്‍ നിന്നും നല്‍കാന്‍ സാധിക്കുന്നത്. അതില്‍ കൂടുതല്‍ ഒരു രൂപ പോലും എസ്.ഡി.ആര്‍.എഫില്‍ നിന്നും വിനിയോഗിക്കാന്‍ സാധിക്കില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ അതിലധികം രൂപ സഹായധനം പ്രഖ്യാപിക്കേണ്ടി വരികയാണെങ്കിലും എസ്.ഡി.ആര്‍.എഫില്‍ നിന്നും നാല് ലക്ഷം മാത്രമേ അനുവദിക്കാന്‍ സാധിക്കുകയുള്ളൂ.

അപകടത്തില്‍ 60 ശതമാനത്തിലധികം പരിക്ക് പറ്റിയിട്ടുണ്ടെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ രണ്ടര ലക്ഷമാണ് എസ്.ഡി.ആര്‍.എഫില്‍ നിന്നും അനുവദിക്കുക. വീട് തകര്‍ന്നവര്‍ക്ക് 1,30,000 മാത്രമാണ് ഈ ഫണ്ടില്‍ നിന്നും വിനിയോഗിക്കാന്‍ സാധിക്കുക, അതില്‍ കൂടുതല്‍ നല്‍കാന്‍ നിര്‍വാഹമില്ല. അതേ സ്ഥാനത്ത് സ്‌കൂളാണ് തകര്‍ന്നതെങ്കില്‍ പരമാവധി രണ്ട് ലക്ഷം വരെയാണ് നല്‍കാന്‍ സാധിക്കുക.

ഇതുപോലെ അപ്പര്‍ ലിമിറ്റ് അഥവാ പരിധി നിശ്ചയിക്കപ്പെട്ടിട്ടുള്ള ചില ഭാഗങ്ങളുണ്ട്. പുനര്‍നിര്‍മാണം, കൃഷി, അടിസ്ഥാന സൗകര്യങ്ങള്‍, ഫിഷറീസ് ഇങ്ങനെ ഓരോ കാര്യങ്ങള്‍ക്കും പ്രത്യേകം വിഭാഗങ്ങളുണ്ട്. ഈ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള പരിധിയില്‍ മാത്രമേ ഇതിനുള്ള ഫണ്ട് അനുവദിക്കാന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ മുന്‍കൂട്ടി പരിധി നിശ്ചയിക്കാന്‍ സാധിക്കാത്ത ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് രക്ഷാപ്രവര്‍ത്തനം. എങ്ങനെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂട്ടി പരിധി നിശ്ചയിക്കാന്‍ സാധിക്കുക? ഈ സാഹചര്യതതിലാണ് ആക്ച്വല്‍സ് ഉപയോഗിക്കുന്നത്. ഇവിടെയാണ് എല്ലാവര്‍ക്കും ആശയക്കുഴപ്പമുണ്ടാകുന്നത്. ആക്ച്വല്‍സ് എന്നാല്‍ ഒരിക്കലും ചെലവഴിച്ച തുകയല്ല എന്നാണ് ആദ്യം മനസിലാക്കേണ്ടത്.

എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങളില്‍ ഉപയോഗിക്കുന്ന ഒരു വാക്കാണ് ആക്ച്വല്‍സ് എന്നത്. ചെലവാക്കിയ മുഴുവന്‍ തുകയും ലഭിക്കുന്ന വിഭാഗത്തെയാണ് ആക്ച്വല്‍സ് എന്ന് വിളിക്കുന്നത്.  നമ്മള്‍ സമര്‍പ്പിക്കുന്ന മെമ്മോറാണ്ടത്തില്‍ ആക്ച്വല്‍സ് എന്ന അവകാശപ്പെടാന്‍ സാധിക്കുന്ന വിഭാഗങ്ങള്‍ക്കെല്ലാം ബ്രാക്കറ്റില്‍ ആക്വചല്‍ വാല്യൂ/ആക്ച്വല്‍ എമൗണ്ട് എന്ന് കൊടുക്കും. അതിനര്‍ത്ഥം നമ്മളവിടെ ആ തുക ചെലവഴിച്ചു എന്നല്ല. മെമ്മോറാണ്ടത്തില്‍ ആക്ച്വല്‍സ് എന്ന് കാണുമ്പോള്‍ ഈ തുക ചെലവഴിച്ചു എന്നാണ് ആളുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നത്.

ഒരു വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് എത്രയാണോ നമുക്ക് ചെലവ് വരുന്നത് ആ തുക മുഴുവന്‍ എസ്.ഡി.ആര്‍.എഫില്‍ നിന്ന് ചെലവഴിക്കാന്‍ സാധിക്കുന്നതാണ് ഇതിലെ രണ്ടാമത്തെ തരത്തിലുള്ള ഫണ്ട് വിനിയോഗം. അങ്ങനെയുള്ള വിഭാഗങ്ങളുമുണ്ട്. കുടിവെള്ള വിതരണം, രക്ഷാപ്രവര്‍ത്തനം, ക്യാമ്പ് മാനേജ്‌മെന്റ്, ദുരന്താവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്, അപകടത്തില്‍ മരണപ്പെട്ടവരുടെ സംസ്‌കാരം തുടങ്ങിയ ചില കാര്യങ്ങളില്‍ എത്ര രൂപയാണോ ചെലവാകുന്നത്, അത്രയും തുക പൂര്‍ണമായും എസ്.ഡി.ആര്‍.എഫില്‍ നിന്ന് തന്നെ എടുക്കാന്‍ സാധിക്കും.

ഇതിന്റെയെല്ലാം ബില്‍ വരുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ എത്ര ചെലവായിട്ടുണ്ട് എന്ന കൃത്യമായ കണക്കുകള്‍ ലഭിക്കുക. ഇതുകൊണ്ടുതന്നെ നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു തുകയിലേക്ക് ആക്ച്വല്‍സ് എന്ന രീതിയില്‍ കൊണ്ടുവരികയാണ് വേണ്ടത്. ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ ബില്‍ വന്നേക്കാം. 2018ല്‍ എയര്‍ റെസ്‌ക്യൂ എല്ലാം ഉള്‍പ്പെടെ നമ്മള്‍ പ്രതീക്ഷിച്ച ഒരു സംഖ്യയുണ്ടായിരുന്നു. അത് വെച്ചുകൊണ്ട് നമ്മള്‍ ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതിനേക്കാള്‍ എത്രയോ വലിയ ബില്ലാണ് വന്നത്. ഈ സാഹചര്യത്തില്‍ നമുക്ക് കേന്ദ്ര സര്‍ക്കാരിനോട് കൂടുതല്‍ തുക ആവശ്യപ്പെടാനും സാധിക്കും. ചിലപ്പോള്‍ അത് അനുവദിക്കുകയും ചെയ്യും.

ഇങ്ങനെ എസ്.ഡി.ആര്‍.എഫിലെ ധനവിനിയോഗം രണ്ട് തരത്തിലുണ്ട്. ഒന്ന്, ആക്ച്വല്‍സ് ആയി എത്ര തുക ചെലവഴിച്ചോ, അത്രയും തുക മുഴുവന്‍ ലഭിക്കുന്ന  വിഭാഗങ്ങളും, രണ്ട്, എത്ര തുക ചെലവഴിച്ചാലും, എത്ര തുക ആവശ്യം വന്നാലും മുന്‍നിശ്ചയിക്കപ്പെട്ട പ്രകാരം മാത്രം ഫണ്ട് ലഭിക്കുന്ന വിഭാഗങ്ങളും.

ഇപ്പോള്‍ വയനാട് സംഭവിച്ച നാശനഷ്ടത്തിന്റെ എല്ലാ തുകയും എസ്.ഡി.ആര്‍.എഫിലൂടെ അനുവദിക്കാന്‍ സാധിക്കുമോ?

ഓഗസ്റ്റ് 15 വരെയുള്ള പ്രാഥമിക കണക്കുകള്‍ പ്രകാരം 1200 കോടി രൂപക്ക് മുകളില്‍ നാശനഷ്ടം വയനാട് ഉണ്ടായിട്ടുണ്ട്. അത് പുനര്‍നിര്‍മിക്കണമെങ്കില്‍ 2200 കോടി രൂപയോളം ആവശ്യമായി വരുമെന്നാണ് മനസിലാകുന്നത്. പക്ഷേ എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് അതൊന്നും ആവശ്യപ്പെടാന്‍ സാധിക്കില്ല. ചില സെക്ടറുകള്‍ക്ക് മാത്രമേ എസ്.ഡി.ആര്‍.എഫുമായി ബന്ധപ്പെട്ട് തുക വിനിയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

ഉദാഹരണമായി ടൂറിസം സെക്ടര്‍, എസ്.ഡി.ആര്‍.എഫില്‍ അങ്ങനെയൊരു പ്രൊവിഷന്‍ ഇല്ല. ഇതുകൊണ്ടുതന്നെ ടൂറിസം സെക്ടറുമായി ബന്ധപ്പെട്ട നഷ്ടങ്ങള്‍ക്ക് എസ്.ഡി.ആര്‍.എഫില്‍ നിന്നും പണ്ട് വിനിയോഗിക്കാന്‍ സാധിക്കില്ല. അപകടത്തില്‍ ഒരു കടമുറി തകര്‍ന്നു എന്നിരിക്കട്ടെ, അവര്‍ക്ക് സഹായമനുവദിക്കാനുള്ള പ്രൊവിഷനും എസ്.ഡി.ആര്‍.എഫില്‍ ഇല്ല. എസ്.ഡി.ആര്‍.എഫിന്റെ മാനദണ്ഡത്തില്‍ ഉള്‍പ്പെടാത്ത ചില സെക്ടറുകളുമുണ്ട്. അവയെ നോണ്‍ എസ്.ഡി.ആര്‍.എഫ് സെക്ടറുകളായാണ് മെമ്മോറാണ്ടത്തില്‍ കാണിക്കുക. പക്ഷേ ഈ തുക നമുക്ക് ലഭിക്കില്ല. എസ്.ഡി.ആര്‍.എഫിന്റെ പരിധിയില്‍ പെടുന്ന തുക മാത്രമാണ് നമുക്ക് ലഭിക്കുക.

വയനാട് ദുരന്തം സംഭവിച്ച് 15 ദിവസത്തിനുള്ളില്‍, ഓഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍ ഉള്‍പ്പെടുത്തി ഓഗസ്റ്റ് 17നാണ് നമ്മള്‍ മെമ്മോറാണ്ടം സമര്‍പ്പിക്കുന്നത്. എസ്.ഡി.ആര്‍.എഫ് മാനദണ്ഡ പ്രകാരം ആകെ 219 കോടി രൂപയാണ് എസ്.ഡി.ആര്‍.എഫ് മാനദണ്ഡ പ്രകാരം നഷ്ടം കണക്കാക്കിയിട്ടുള്ളത്. കേന്ദ്ര സംഘം വന്ന് അവര്‍ പരിശോധിച്ച ശേഷമാണ് എത്ര തുക അനുവദിക്കണം എന്ന് തീരുമാനിക്കുക. 2018ല്‍ 5500 കോടിയുടെ മെമ്മോറാണ്ടം സമര്‍പ്പിക്കുകയും 2900 കോടി രൂപ അനുവദിക്കുകയുമാണ് ചെയ്തത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്.

കോടതി ആവശ്യപ്പെട്ടത് പ്രകാരം കേന്ദ്രത്തിന് സമര്‍പ്പിച്ച മെമ്മാറാണ്ടത്തിന്റെ പകര്‍പ്പ് കോടതിക്ക് മുമ്പിലും സമര്‍പ്പിച്ചിരുന്നു. ഈ പകര്‍പ്പാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും വിവാദമാക്കുകയും ചെയ്തത്.

 

എങ്ങനെയാണ് ഈ മെമ്മോറാണ്ടം തയ്യാറാക്കുന്നത്?

ഓഗസ്റ്റ് 15ലും നമ്മളവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആ ബില്ലുകളൊന്നും തന്നെ ആ സമയത്ത് നമുക്ക് ലഭിക്കില്ല. പരമാവധി ദിവസം വരെ ഈ രക്ഷാപ്രവര്‍ത്തനം നടത്തേണ്ടിവരികയാണെങ്കില്‍ എത്ര ചെലവ് നമുക്ക് വരും, എത്ര ഏജന്‍സികള്‍ അവിടെ ആവശ്യമായി വരും, ഈ ഏജന്‍സികളുടെ സേവനം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ എത്ര ചെലവ് വരും ഇതെല്ലാം ആസൂത്രണം ചെയ്താണ് മെമ്മോറാണ്ടത്തില്‍ ഉള്‍പ്പെടുത്തുക. അപ്പോള്‍ മാത്രമേ അത് ശാസ്ത്രീയമാവുകയുള്ളൂ.

ഓഗസ്റ്റ് 15 വരെ സംഭവിച്ച ചെലവുകളെ മാത്രം ഉള്‍ക്കൊള്ളിച്ച് ഒരിക്കലും ഇത് തയ്യാറാക്കാന്‍ സാധിക്കില്ല. ഓഗസ്റ്റ് 15 വരെ നമുക്ക് ഒരു തരത്തിലുമുള്ള ബില്ലുകളും വന്നിട്ടില്ല. ഇതിനര്‍ത്ഥം നമുക്ക് ഒരു തരത്തിലുമുള്ള ചെലവുകളും ഉണ്ടായിട്ടില്ല എന്നല്ലല്ലോ. ഇതിനെല്ലാം ശേഷമാണ് ബില്‍ വരിക. 2018ലെ പ്രളയത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെ ബില്‍ വന്നത് 2019ലാണ്. ഒരു വര്‍ഷമോ ആറ് മാസമോ കഴിഞ്ഞ് വരുന്ന ബില്ലിന് കാത്തിരുന്ന് ഇപ്പോള്‍ ഒരു തരത്തിലുമുള്ള ചെലവ് ഇല്ല എന്ന പറയാന്‍ പാടില്ല.

ബില്ലുകള്‍ എല്ലാം തന്നെ പിന്നാലെ വരും. എല്ലാ കേന്ദ്ര ഏജന്‍സികള്‍ക്കും അവര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന് ചെലവുകളുണ്ട്, ആ ചെലവുകള്‍ എസ്.ഡി.ആര്‍.എഫില്‍ നിന്നും കൊടുക്കേണ്ടതാണ്. എത്ര രൂപ അവര്‍ക്ക് ചെലവായിട്ടുണ്ടോ, അത്രയും കോടികള്‍ നല്‍കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. നിയമപ്രകാരം അവര്‍ക്കതിനുള്ള അര്‍ഹതയുണ്ട്, നമ്മളത് നല്‍കാന്‍ ബാധ്യസ്ഥരുമാണ്.

ഏതൊക്കെ സംഘങ്ങളാണോ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുള്ളത്, എന്തൊക്കെ ഉപകരണങ്ങളാണ് അവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നത് അതെല്ലാം വെച്ചുകൊണ്ട് നമ്മള്‍ ഒരു എസ്റ്റിമേറ്റ് തയ്യാറാക്കിയതിന് ശേഷം വേണം ഇതെല്ലാം മെമ്മോറാണ്ടത്തില്‍ ഉള്‍പ്പെടുത്താന്‍.

 

മെമ്മോറാണ്ടത്തില്‍ കാണിച്ച തുകയെ കുറിച്ച്…

മേല്‍ പറഞ്ഞ പ്രകാരമാണ് ഈ കണക്കുകള്‍ മെമ്മോറാണ്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതൊന്നും ഊതിവീര്‍പ്പിച്ച കണക്കുകളാണെന്ന് കരുതുകയും ചെയ്യരുത്. ഒരു സാധാരണക്കാരന്‍ എന്ന രീതയില്‍ ചിന്തിക്കുമ്പോള്‍ ഈ കണക്കുകളില്‍ ചില അസ്വഭാവികത തോന്നും. എല്ലാത്തിനും അതിന്റേതായ ലോജിക് ഉണ്ട്.

ഓഗസ്റ്റ് 17ന് മെമ്മോറാണ്ടം സമര്‍പ്പിക്കുമ്പോള്‍ 231 ആളുകളുടെ മൃതശരീരമാണ് കണ്ടെടുത്തിരുന്നത്. 128 ആളുകളെ അപ്പോഴും കാണാനില്ല എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കണ്ടെടുക്കപ്പെട്ട മൃതദേഹങ്ങളില്‍ സര്‍ക്കാര്‍ സംസ്‌കരിച്ചതുണ്ട്. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ സംസ്‌കരിച്ചതുണ്ട്. അതിനായി 10,000 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.

മൃതദേഹങ്ങള്‍ എല്ലായപ്പോഴും ചൂരല്‍മലയില്‍ നിന്നായിരിക്കില്ല ലഭിച്ചത്. നിലമ്പൂരില്‍ നിന്നടക്കം മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് അവിടെ നിന്നും ആശുപത്രിയിലെത്തിക്കണം, ഓട്ടോപ്‌സി ചെയ്യണം, മറവ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ചെയ്യണം, ഇത്രയും ചെയ്തതിന് ശേഷമാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നത്.

എന്നാല്‍ ചില മൃതദേഹങ്ങള്‍ ഒരുമിച്ചല്ല ലഭിച്ചിട്ടുള്ളത്. പല കഷ്ണങ്ങളായുള്ള മൃതദേഹങ്ങള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. ഒരു ബോഡിയെ എങ്ങനെ കൈകാര്യം ചെയ്തുവോ അങ്ങനെയാണ് ഓരോ പാര്‍ട്ടിനെയും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുള്ളത്. ഓരോ പാര്‍ട്ടും പ്രത്യേകമായി ഓട്ടോപ്‌സിയടക്കമുള്ള പ്രക്രിയകള്‍ ചെയ്തതിന് ശേഷം മാത്രമാണ് മറവ് ചെയ്തിട്ടുള്ളത്.

അതേസമയം, 128 പേരെ ഇനിയും കിട്ടാനുണ്ട്. എത്ര ദിവസം കഴിഞ്ഞിട്ടാകും ഇവരുടെ ശരീരം ലഭിക്കുകയെന്ന് അറിയില്ല, എവിടെ വെച്ചാണ് നമുക്ക് കിട്ടുന്നത് എന്ന് അറിയില്ല. ഇത് ലഭിച്ചുകഴിഞ്ഞാല്‍ ശരീരം ആശുപത്രിയിലെത്തിക്കുന്നതും ഓട്ടോപ്‌സിയുമടക്കമുള്ള മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം അതിന് ശേഷം നമ്മളത് മറവ് ചെയ്യണം.

ചിലപ്പോള്‍ ഈ 128 ബോഡികള്‍ 500 കഷ്ണങ്ങളായിട്ടാകും നമുക്ക് ലഭിക്കുക. ഈ 500 കഷ്ണങ്ങളെയും 500 ബോഡിയെന്ന പോലെ നമ്മള്‍ കൈകാര്യം ചെയ്യണം. ഡി.എന്‍.എ ടെസ്റ്റുകളടക്കം നടത്തി വേണം മറവ് ചെയ്യുന്ന നടപടികളിലേക്ക് കടക്കാന്‍. ഇത് മറവ് ചെയ്യാന്‍ 500 കുഴിയെടുക്കണം, ഇതിനായി ചിലപ്പോള്‍ പുതിയ സ്ഥലം കണ്ടെത്തേണ്ടി വരും, കാശ് കൊടുത്ത് വാങ്ങേണ്ടി വരും.

ഇതിനായി ആളുകള്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കുമെന്ന് ഒരിക്കലും കരുതാന്‍ സാധിക്കില്ല. പക്ഷേ ഭാഗ്യവശാല്‍ നമുക്ക് അതിനായി സ്ഥലം സൗജന്യമായി തന്നെ ലഭിച്ചിരുന്നു. എന്നാല്‍ സ്ഥലം സൗജന്യമായി ലഭിക്കും പ്രതീക്ഷിച്ചുകൊണ്ട് നമുക്ക് കണക്കുകളുണ്ടാക്കാനും സാധിക്കില്ല. ഇതിനുള്ള ലാന്‍ഡ് വാല്യൂ കൂടി കണക്കിലെടുത്തുകൊണ്ട് മാത്രമേ നമുക്ക് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ സാധിക്കൂ. ഇനി ലഭിക്കാന്‍ സധ്യതയുള്ള മൃതദേഹങ്ങളുടെ എണ്ണം കൂടി കണക്കിലെടുത്താണ് ഇത് തയ്യാറാക്കുന്നത്.

ഈ സ്ഥലങ്ങളില്‍ കുഴിയെടുക്കുന്നതോടെ ഇതൊരു ശ്മശാനമായി മാറും, അവിടേയ്ക്ക് യാത്ര സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കേണ്ടി വരും, ഈ ആളുകളെ തിരിച്ചറിയാനുള്ള സംവിധാനം ഒരുക്കേണ്ടതായി വരും. നിലവില്‍ നമ്പറുകള്‍ എഴുതിയ കല്ലുകള്‍ മാത്രമാണ് അവരുടെ ഐഡന്‍ഡിറ്റി തിരിച്ചറിയാനുള്ള സംവിധാനം. അവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ അത് ശവക്കല്ലറയായി മാറ്റണം, കൂടാതെ ബന്ധുക്കള്‍ക്കും മറ്റും വന്ന് പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം, കര്‍മങ്ങള്‍ ചെയ്യാനുള്ള സൗകര്യം എല്ലാം ഒരുക്കണം.

ഇതിനെല്ലാം ലാന്‍ഡ് വാല്യൂ കോസ്റ്റ് അടക്കമുള്ള ചെലവുകള്‍ നമ്മള്‍ പ്രതീക്ഷിക്കണം. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെയായിരിക്കണം നമ്മളൊരു ശരാശരി തുക കാണേണ്ടത്. ആദ്യം നമ്മള്‍ വീട്ടുകാര്‍ക്ക് വിട്ടുകൊടുത്ത ബോഡിയുടെ ചെലവ് പതിനായിരമോ പതിനയ്യായിരമോ ആകും. എന്നാല്‍ ഇനി വരാന്‍ പോകുന്ന ഒരു ബോഡിയുടെയോ ബോഡി പാര്‍ട്ടിന്റെയോ ചെലവ് ലക്ഷങ്ങളായിരിക്കും. ഇതെല്ലാം കണക്കിലെടുത്ത് വേണം ഒരു ശരാശരി നിശ്ചയിക്കാന്‍. ഇത്തരം സാധ്യതകളെയെല്ലാം മുമ്പില്‍ കാണുന്നതുകൊണ്ട് ഇതൊരിക്കലും ഊതിവീര്‍പ്പിച്ച കണക്കുകളല്ല.

ഇതറിയാതെയാണ് ഒരു ശരീരം സംസ്‌കരിക്കാന്‍ 75,000 രൂപയോ ഇത് പെരുപ്പിച്ച് പറയുന്നതല്ലേ എന്ന് ആളുകള്‍ പറയുന്നത്. ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയപ്പോള്‍ 10,000 രൂപ മാത്രമല്ലേ സര്‍ക്കാര്‍ കൊടുത്തത് എന്നും ഇവര്‍ ചോദിക്കുന്നുണ്ട്. ശരീരം സംസ്‌കരിക്കാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കി എന്ന് ഇപ്പോഴെങ്കിലും മനസിലാക്കി എന്നതും പ്രധാനമാണ്.

അടുത്ത ആക്ഷേപം ആളുകളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യിയലെ പല സ്ഥലങ്ങളില്‍ നിന്നുമായാണ് ആര്‍മിയും എയര്‍ഫോഴ്‌സും എന്‍.ഡി.ആര്‍.എഫുമെല്ലാം എത്തിയത്. ഈ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി പല ഉപകരണങ്ങളും നമുക്ക് എത്തിക്കേണ്ടതായി വന്നിട്ടുണ്ട്. ഇതിന്റെ ബില്ലുകളൊന്നും ഇപ്പോള്‍ വന്നിട്ടില്ല. ഇക്കാരണംകൊണ്ടുതന്നെ ഒരു അനുമാനം ഇതില്‍ ഉണ്ടാകേണ്ടതുണ്ട്. മെമ്മോറാണ്ടത്തില്‍ നമ്മള്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ തുകയായിരിക്കാം ഒരുപക്ഷേ യഥാര്‍ത്ഥ ബില്ലില്‍ വരാന്‍ സാധ്യതയുണ്ടാവുക. നമ്മള്‍ നല്‍കിയ ബില്ലിനേക്കാള്‍ കൂടുതല്‍ ചെലവ് വരാന്‍ സാധ്യതയുണ്ട്.

സന്നദ്ധ സേവനത്തിനായി വന്ന വളണ്ടിയര്‍മാര്‍ക്കും സര്‍ക്കാര്‍ പണം ആവശ്യപ്പെട്ടു എന്ന് ആക്ഷേപമുയരുന്നുണ്ട്. അതിനെ കുറിച്ച്

മെമ്മോറാണ്ടത്തില്‍ വളണ്ടിയേഴ്‌സിന്റെ കാര്യം മാത്രമല്ല പറയുന്നത്. വളണ്ടിയേഴ്‌സ് ആന്‍ഡ് ട്രൂപ്‌സ് എന്നാണ് അതില്‍ വ്യക്തമാക്കിയിരിക്കുന്നത്. വളണ്ടിയേഴ്‌സ് എന്ന് നമ്മള്‍ ഉറക്കെ പറയുകയും ട്രൂപ്‌സ് എന്നത് നമ്മള്‍ പതുക്കെയുമാണ് പറയുന്നത്. ഇതാണ് പ്രധാന പ്രശ്‌നം.

വിവധങ്ങളായ കേന്ദ്ര സേനകള്‍, സംസ്ഥാന സേനകള്‍, ഫയര്‍ ഫോഴ്‌സ്, പൊലീസ്, ഡോഗ് സ്‌ക്വാഡ്, എയര്‍ഫോഴ്‌സ്, ആര്‍മി, ആര്‍മിയുടെ തന്നെ എന്‍ജിനീയറിങ് വിങ്, എന്‍.ഡി.ആര്‍.എഫ്, നേവി തുടങ്ങി വിവിധങ്ങളായ ഏജന്‍സികളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ റെസ്‌ക്യൂ ഓപ്പറേഷന്റെ ഭാഗമായി ഇവിടെയെത്തിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അവര്‍ ഇവിടെയെത്തിയിട്ടുള്ളത്.

കേരളത്തിന്റെയും ഇന്ത്യയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ വയനാട്ടിലെത്തിക്കാന്‍ അതിന്റേതായ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കോസ്റ്റുകളുണ്ട്. ഇവരുടെ എയര്‍ ബില്ലുകള്‍ വരാന്‍ കിടക്കുന്നതേയുള്ളൂ. ദല്‍ഹിയില്‍ നിന്നാണ് കഡാവര്‍ നായകളെ ഇവിടെയെത്തിച്ചത്. വയനാട് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ചാര്‍ജ് മാത്രമല്ല, രക്ഷാപ്രവര്‍ത്തകരെ കൊണ്ടുവരുന്നതിനും അവരെ തിരിച്ചയക്കുന്നതിനുമായ നിരവധിയായ ചെലവുകള്‍ വേറെയുണ്ട്.

ബെയ്‌ലി പാലം നിര്‍മിച്ചത് മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ, അതിനുള്ള സാധനസാമഗ്രികളെല്ലാം തന്നെ ദല്‍ഹിയില്‍ നിന്നാണ് കൊണ്ടുവന്നത്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇത് വയനാട് എത്തിക്കാനുള്ള ചെലവുകള്‍ വേറെയുണ്ട്. ഇനി ഇത് തിരിച്ചുകൊണ്ടുപോകണം, അതിനുള്ള ചെലവുകള്‍ വേറെ. ഇതിന്റെ വാടകയിനത്തില്‍ ആര്‍മി ചിലപ്പോള്‍ ബില്‍ തരാന്‍ സാധ്യതയുണ്ട്. ഇത് ചിലപ്പോള്‍ നമ്മള്‍ മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെട്ടതിനേക്കാള്‍ എത്രയോ വലുതായിരിക്കും. ബെയ്‌ലി പാലത്തിനായുള്ള മാന്‍ പവര്‍ മാത്രമാണ് ഇവര്‍ ഉപയോഗിച്ചിട്ടുള്ളത്. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും നമ്മള്‍ ചെയ്യണം.

ഇതെല്ലാം ഉള്‍പ്പെടെയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതൊരുക്കലും ഊതിപ്പെരുപ്പിച്ച കണക്കല്ല, ഇതിനേക്കാള്‍ വലുതായിരിക്കും ചിലപ്പോള്‍ അവസാനം ബില്ലുകള്‍ വരുമ്പോള്‍ ഉണ്ടാവുക.

 

സന്നദ്ധ സംഘടനകളുടെ പേരില്‍ സര്‍ക്കാര്‍ പണമാവശ്യപ്പെട്ടെന്ന് ആക്ഷേപമുയരുന്നുണ്ട്. അവര് സ്വയം എത്തിച്ചേര്‍ന്നവരാണ്, അവരുടെ ചെലവും സര്‍ക്കാര്‍ വഹിക്കുന്നുണ്ടോ?

യുവജന സംഘടനകളും രാഷ്ട്രീയ സംഘടനകളുമെല്ലാം സ്വന്തം നിലയില്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തിലുള്ള ചില ഏജന്‍സികളുണ്ട്. സിവില്‍ ഡിഫന്‍സ് വളണ്ടിയേഴ്‌സ്, ആത്മമിത്ര വളണ്ടിയേഴ്‌സ് തുടങ്ങിയവരെയെല്ലാം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അവിടെ എത്തിച്ചിട്ടുണ്ട്. അവര്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ദുരന്തത്തിന്റെ ആദ്യ ദിവസങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് അവിടെ വളണ്ടിയേഴ്‌സായി ഉണ്ടായിരുന്നത്. എന്നാല്‍ ഓരോ ദിവസം കഴിയുംതോറും ആളുകളുടെ എണ്ണം കുറഞ്ഞുവരുന്ന അവസ്ഥയാണുണ്ടായിരുന്നത്.

ഉദാഹരണത്തിന് 90 ദിവസം വളണ്ടിയര്‍മാര്‍ക്ക് അവിടെ രക്ഷാപ്രവര്‍ത്തനം നടത്തേണ്ടി വരികയാണെങ്കില്‍ അവര്‍ക്ക് സ്വന്തം ചെലവില്‍ നില്‍ക്കാന്‍ സാധിച്ചെന്ന് വരില്ല. ആ സാഹചര്യത്തില്‍ അവരെയും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതായി വരും. ആളുകളെല്ലാം ആവിടെയെത്തി സേവനം ചെയ്യുന്നത് സര്‍ക്കാരിന് ഒരു സഹായം എന്ന നിലയ്ക്കാണ്. അവരുടെ കായികാധ്വാനമെന്ന് പറയുന്നത് സര്‍ക്കാരിലേക്ക് നല്‍കുന്ന സഹായമാണ്.

ആ മാന്‍ പവറിനെ കണക്കിലേക്ക് കാണിക്കുമ്പോള്‍ ഞങ്ങള്‍ക്ക് സൗജന്യമായി ആളുകളെ കിട്ടുന്നുണ്ട്, അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട തുകയൊന്നും വേണ്ട എന്ന് എഴുതാന്‍ സാധിക്കില്ല. എത്ര മാന്‍ പവര്‍ നമ്മള്‍ ഉപയോഗിക്കുന്നോ, അതിനെത്രയാണോ നമുക്ക് ആവശ്യപ്പെടാന്‍ സാധിക്കുക, അതിന്റെ പരമാവധി കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ നമ്മള്‍ തയ്യാറാകണം. ഈ ആളുകളുടെ മാന്‍പവറിന്റെ എക്‌സ്‌പെന്‍സ് നമ്മള്‍ ഇതില്‍ കാണിക്കുകയും അതിന്റെ ഭാഗമായി ലഭിക്കേണ്ട തുക ലഭിക്കുകയും ചെയ്താല്‍ പുനര്‍നിര്‍മാണമടക്കമുള്ള പ്രവൃത്തികള്‍ക്ക് ഇത് ഉപയോഗിക്കാന്‍ സര്‍ക്കാരിന് സാധിക്കും.

 

സ്വയം സന്നദ്ധരായി വന്ന ഒരുപാട് ആളുകളുമുണ്ട്. അവരുടെ ചെലവിന്റെ ബില്ലുകളൊന്നും തരാതെ തങ്ങള്‍ക്ക് ഈ പൈസ വേണ്ട എന്ന് പറയുന്നവരും ഉണ്ടാകും. പക്ഷേ ഇതും ചെലവ് തന്നെയാണ്. കേരളത്തിലെ ഓരോ ആളുകളുടെയും കയ്യില്‍ നിന്നും ചെലവാകുന്നതായിരിക്കും. ഇതിനെ ചെലവായി തന്നെ നമ്മള്‍ കാണിക്കണം. ഈ തുക വേണ്ട എന്ന് ആളുകള്‍ കരുതുകയാണെങ്കില്‍ അത് എസ്.ഡി.ആര്‍.എഫില്‍ തന്നെ ഉണ്ടാകും. ഇതുപയോഗിച്ച് മറ്റ് കാര്യങ്ങള്‍ ചെയ്യാനും സാധിക്കും. പക്ഷേ ആളുകള്‍ വേണ്ട എന്ന് വെക്കണം. എല്ലാവരും ഇതുപോലെ പണം വേണ്ടെന്ന് വെക്കുമെന്ന് നമുക്ക് ഒരിക്കലും പ്രതീക്ഷിക്കാന്‍ സാധിക്കില്ല. അതുവെച്ച് കണക്കുണ്ടാക്കാനും സാധിക്കില്ല.

ആരെങ്കിലും പണം ആവശ്യപ്പെട്ടാല്‍ നിയമപ്രകാരം അവര്‍ക്ക് അതിന് അര്‍ഹതയുണ്ട്. അത് നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരുമാണ്. അവര്‍ എല്ലാ കാലത്തും സൗജന്യമായി സേവനം നടത്തേണ്ടവരല്ല. ദുരന്തഘട്ടത്തില്‍ അവര്‍ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ചു, പക്ഷേ നമ്മള്‍ അതിനെ ഒരിക്കലും ചൂഷണം ചെയ്യാന്‍ പാടില്ല.

സര്‍ക്കാരിന് ഇത് സംബന്ധിച്ചുള്ള കണക്കുണ്ടാകണം, ആ കണക്ക് അനുസരിച്ച് പണം വാങ്ങണം. സന്നദ്ധ സേവകര്‍ ബില്‍ വേണ്ട എന്ന് വെക്കുകയാണെങ്കില്‍ ആ തുക എസ്.ഡി.ആര്‍.എഫില്‍ കിടക്കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് ആ തുക മറ്റ് കാര്യങ്ങള്‍ക്കായി ചെലവാക്കുകയും ചെയ്യാം.

 

ഇപ്പോള്‍ ക്യാമ്പുകളൊന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല, പക്ഷേ ക്യാമ്പ് മാനേജ്‌മെന്റിന്റെ ഭാഗമായും സര്‍ക്കാര്‍ പണം ആവശ്യപ്പെട്ടിട്ടുണ്ടല്ലോ?

ആളുകളിപ്പോഴും അവിടെ താമസിക്കുന്നത് വാടക വീടുകളിലാണ്. വാടക വീടുകള്‍ എന്നത് എസ്.ഡി.ആര്‍.എഫിന്റെ മാനദണ്ഡങ്ങളുടെ ഭാഗമല്ല. ക്യാമ്പ് മാനേജ്‌മെന്റിന്റെ ഭാഗമായി എത്ര തുക ആവശ്യപ്പെടാന്‍ സാധിക്കുമോ അത്രയും തുക ആവശ്യപ്പെടണമെന്നും, ആളുകളെ ക്യാമ്പില്‍ തന്നെ താമസിപ്പിക്കണമെന്നുമാണ് എസ്.ഡി.ആര്‍.എഫിന്റെ മാനദണ്ഡത്തില്‍ പറയുന്നത്. എന്നാല്‍ മനുഷ്യരുടെ അന്തസ്സിനെയും മാന്യതയെയും ബഹുമാനിക്കുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളം അതല്ല ചെയ്തിട്ടുള്ളത്. അവരെയെല്ലാം വാടക വീടുകളിലാക്കി.

ഈ വീടുകള്‍ക്കെല്ലാം വാടക എസ്.ഡി.ആര്‍.എഫില്‍ നിന്ന് കൊടുക്കാന്‍ സാധിക്കണമെങ്കില്‍ ക്യാമ്പ് മാനേജ്‌മെന്റിന്റെ ഭാഗമായി ചോദിക്കാന്‍ സാധിക്കുന്ന വിഭാഗങ്ങളിലെല്ലാം തന്നെ പണം ആവശ്യപ്പെടണം. ക്യാമ്പില്‍ താമസിക്കുന്നവരുടെ ഭക്ഷണം, വസ്ത്രങ്ങള്‍, അവര്‍ക്ക് വേണ്ടിയുള്ള ജനറേറ്റര്‍ അടക്കമുള്ള മറ്റ് ഉപകരണങ്ങള്‍, കുടിവെള്ളം തുടങ്ങി വളരെ കുറച്ച് ഹെഡുകളില്‍ മാത്രമാണ് എസ്.ഡി.ആര്‍.എഫില്‍ നിന്നും പണം അനുവദിക്കാന്‍ സാധിക്കുക.

ക്യാമ്പുകളിലേക്ക് ഒരുപാട് ആളുകള്‍ ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് നമുക്ക് ഇതൊന്നും ചോദിക്കാതിരിക്കാന്‍ സാധിക്കില്ല. ക്യാമ്പില്‍ നിന്നും ആളുകള്‍ വാടകവീടുകളിലേക്ക് മാറുമ്പോള്‍ ബാക്ക് റ്റു ഹോം കിറ്റുകള്‍ നല്‍കിയാണ് ഓരോരുത്തരെയും നമ്മള്‍ പറഞ്ഞയച്ചിട്ടുള്ളത്. അവര്‍ക്ക് ഉപയോഗിക്കാനുള്ള ഫര്‍ണിച്ചറുകളടക്കം അവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി സ്‌പോണ്‍സര്‍ഷിപ്പുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വാങ്ങി നല്‍കിയതും ഏറെയുണ്ട്. അളുകളുടെ അന്തസ്സിനെ മാനിച്ചുകൊണ്ടാണ് നമ്മളവരെ വാടക വീടുകളിലേക്ക് തിരിച്ചയച്ചത്.

ക്യാമ്പിലേക്ക് വസ്ത്രവും ഭക്ഷണവും ആളുകള്‍ നല്‍കിയിട്ടുണ്ട്, അതുകൊണ്ട് ഇതിനൊന്നും പണം വേണ്ട എന്ന് പറഞ്ഞാല്‍ മറ്റുകാര്യങ്ങളും നമുക്ക് ചെയ്യാന്‍ സാധിക്കില്ല. ഇതുകൊണ്ടുതന്നെ ക്യാമ്പ് മാനേജ്‌മെന്റിന്റെ ഭാഗമായി സ്വരൂപിക്കാന്‍ സാധിക്കുന്ന തുകയെല്ലാം എസ്.ഡി.ആര്‍.എഫിലേക്കെത്തിക്കാന്‍ ശ്രമിക്കണം.

ഇതിനായി ക്യാമ്പ് മാനേജ്‌മെന്റില്‍ വിഭാഗത്തില്‍ വെള്ളത്തിനും ഭക്ഷണത്തിനും വസ്ത്രത്തിനും എത്രയാണോ ചെലവ് പ്രതീക്ഷിക്കുന്നത് അത് കണക്കാക്കിയാണ് ഉള്‍പ്പെടുത്തേണ്ടത്. ഈ ആളുകളുടെ വീടും സ്ഥലവും എല്ലാം നഷ്ടപ്പെട്ടു, ഇതെല്ലാം പുനര്‍നിര്‍മിച്ച് അവര്‍ തിരിച്ചുപോകുന്നത് വരെ ആറ് മാസമോ ചിലപ്പോള്‍ ഒരു വര്‍ഷമോ അവര്‍ വാടക വീടുകളില്‍ കഴിയേണ്ടി വരും. അത്രയും കാലത്തേക്കുള്ള തുക കണക്കാക്കി വേണം കേന്ദ്രത്തോട് ആവശ്യപ്പെടാന്‍.

ഇപ്പോള്‍ നല്‍കിയ കണക്കുകളൊന്നും തന്നെ ഊതിപ്പെരുപ്പിച്ച് പറയുന്നതല്ല, യഥാര്‍ത്ഥത്തില്‍ ഇതെല്ലാം കുറവാണ്. നമുക്ക് ആവശ്യമായ തുകയുടെ അമ്പതോ അറുപതോ ശതമാനം മാത്രമേ നമുക്ക് ചോദിക്കാന്‍ സാധിക്കുകയുള്ളൂ. ഇപ്പോള്‍ നല്‍കിയ മെമ്മോറാണ്ടത്തില്‍ ഇതെല്ലാം കൂട്ടിയിട്ടും 219 കോടി മാത്രമാണ് വന്നിട്ടുള്ളത്. അവിടെ 1200 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളത്. ഇപ്പോള്‍ പല വിദഗ്ധരും 2,000 കോടിക്കുമേല്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.

2,000 കോടി നഷ്ടം വന്ന ഒരു സ്ഥലത്ത്, എസ്.ഡി.ആര്‍.എഫറിന്റെ മാനദണ്ഡപ്രകാരം ഇത്രയും തുക ഉള്‍പ്പെടുത്തിയിട്ടും 219 കോടി മാത്രമാണ് നമുക്ക് ചോദിക്കാന്‍ സാധിച്ചിട്ടുള്ളത്. ഇതൊന്നും പെരുപ്പിച്ചുകാണിച്ച ഫിഗറുകളല്ല, ഇത് നമുക്ക് ആവശ്യമായ തുകയാണ്, അത് കിട്ടുമോ ഇല്ലയോ എന്ന കാര്യം നമുക്ക് അറിയില്ല. കേന്ദ്രം ഇത് പരിശോധിച്ചതിന് ശേഷം മാത്രമേ ഇത് നല്‍കുകയുള്ളൂ. നമ്മുടെ കണക്കുകളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് കുറച്ചതിന് ശേഷം മാത്രമേ പണം തരികയുള്ളൂ. എന്ന് കരുതി നമ്മുടേത് പൊള്ളയായ കണക്കുകളാണെന്നൊന്നും കേന്ദ്രം പറയില്ല. കാരണം എല്ലാ സംസ്ഥാനങ്ങളും ഇങ്ങനെയാണ് മെമ്മോറാണ്ടം സമര്‍പ്പിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നമ്മള്‍ ചോദിച്ച 219 കോടി രൂപ മുഴുവന്‍ തന്നാലും പുനര്‍നിര്‍മാണത്തിന് ഇത് മതിയാകില്ല. 2200 കോടിയാണ് പുനര്‍നിര്‍മാണത്തിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള തുക സി.എം.ഡി.ആര്‍.എപില്‍ നിന്നും ജനങ്ങളില്‍ നിന്നുമായി നമ്മള്‍ കണ്ടെത്തെണം. എങ്കില്‍ മാത്രമേ വയനാടുകാര്‍ക്ക് ഗുണമുള്ള എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ.

ഇതിന് വിപരീതമായ റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങളില്‍ വരുന്നത്, ഇത് സര്‍ക്കാരിന് തിരിച്ചടിയല്ലേ?

ഈയൊരു വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്തെങ്കിലും തരത്തില്‍ ഫണ്ട് മുക്കുന്നവരാണെന്ന ചിന്ത വരികയും ജനങ്ങള്‍ സഹകരിക്കാതിരിക്കുകയും ചെയ്താല്‍ വയനാടിന്റെ പുനര്‍നിര്‍മാണം നടക്കാതെ പോകും. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് പൂര്‍ണമായി അനുവദിച്ചാലും ഇല്ലെങ്കിലും അതില്‍ കൂടുതല്‍ നമുക്ക് ആവശ്യമുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ വിശ്വാസ്യത തകര്‍ന്നാല്‍ ആഗ്രഹിക്കുന്ന തരത്തില്‍ വയനാടിന്റെ പുനര്‍നിര്‍മാണം സാധ്യമാകില്ല.

ഇത് വയനാടിന്റെ കാര്യത്തില്‍ മാത്രമല്ല, ഇനിയങ്ങോട്ട് എന്തെങ്കിലും ദുരന്തം സംഭവിക്കുകയാണെങ്കില്‍ അവിടെയും ഇതേ പ്രശ്‌നം തന്നെ ഉടലെടുക്കും. ആളുകള്‍ സി.എം.ഡി.ആര്‍.എഫിലേക്ക് സംഭാവന നല്‍കില്ല, സന്നദ്ധ സേവനത്തിനായി വരില്ല. അങ്ങനെ സംഭവിച്ചാല്‍ ചെലവുകളും കൂടും. ഇത് നമ്മുടെ ഭാവിക്കും നാടിനും ദോഷകരമായി മാറുന്ന പ്രചരണമാണ് നടക്കുന്നത്. ഇത് ആളുകള്‍ എത്രത്തോളം ഉള്‍ക്കൊള്ളും എന്ന് ഉറപ്പില്ല. ഈ ഒരു പ്രചരണം മോശമായി എന്ന അഭിപ്രായമാണുള്ളത്.

 

മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലേ? എസ്റ്റിമേറ്റിനെയും ആക്ച്വല്‍സിനെയും ചെലവാക്കിയ തുകയായാണ് അവര്‍ അവതരിപ്പിച്ചത്. ശേഷം അവര്‍ വാര്‍ത്തകള്‍ പിന്‍വലിച്ചെങ്കിലും അതുണ്ടാക്കിയ ഡാമേജ് വളരെ വലുതല്ലേ?

തീര്‍ച്ചയായും. മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തിയതിന് ശേഷം മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലാണെങ്കില്‍ ഈ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടി വന്നേനെ. ദുരന്തനിവാരണ നിയമമനുസരിച്ച് തെറ്റായ പ്രചരണം നടത്തിക്കഴിഞ്ഞാല്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള വകുപ്പുകളുണ്ട്.

ഒരു ജനാധിപത്യ സമൂഹമെന്ന നിലയില്‍ കേരളത്തില്‍ അത് ചെയ്യാറില്ല. മറ്റേത് സംസ്ഥാനങ്ങളിലാണെങ്കിലും ഇവര്‍ക്കെതിരെ നിയമനടപടി വന്നേനെ എന്നാണ് എനിക്ക് തോന്നുന്നത്. മാധ്യമങ്ങളുടേത് ശരിയായ സമീപനമായിരുന്നില്ല. അവര്‍ ഒരു ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമായിരുന്നു. സംസ്ഥാനം നല്‍കുന്ന നിവേദനത്തില്‍ അത് കൊള്ളയാണെന്നൊക്കെ പറയുന്നത് നമ്മുടെ സംവിധാനത്തെ മോശമായി ചിത്രീകരിക്കുകയും അവിശ്വാസം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ്.

 

Content highlight: State Disaster Management Authority Hazard Analyst Fahad Marsooq talks about SDRF and Wayanad Landslide

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.