അപ്പുറത്ത് ആരുണ്ടായാലും ഇപ്പുറത്ത് മമ്മൂട്ടി ഇത്തവണയുമുണ്ട്, ചര്‍ച്ചയായി ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് സാധ്യതകള്‍
Malayalam Cinema
അപ്പുറത്ത് ആരുണ്ടായാലും ഇപ്പുറത്ത് മമ്മൂട്ടി ഇത്തവണയുമുണ്ട്, ചര്‍ച്ചയായി ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് സാധ്യതകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th July 2025, 9:24 pm

2024ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഓഗസ്റ്റില്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. മികച്ച നടന്‍ ആരാകുമെന്ന കാര്യത്തിലാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്. മമ്മൂട്ടിയുടെ പേര് ഇത്തവണയും സാധ്യതാപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത.

മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവന്‍ എന്നിവരുടെ പേരാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ഈ മൂന്ന് പേര്‍ തമ്മിലുള്ള മത്സരം കഠിനമാണെന്നും ആരെയും തഴയാനാകില്ലെന്നുമുള്ള പോസ്റ്റുകളാണ് അധികവും. ഓരോ നടന്മാരുടെയും ഗംഭീര പെര്‍ഫോമന്‍സിന് സാക്ഷ്യം വഹിച്ച വര്‍ഷം കൂടിയായിരുന്നു കടന്നുപോയത്.

കൊടുമണ്‍ പോറ്റിയായും ചാത്തനായും പകര്‍ന്നാട്ടം നടത്തിയ മമ്മൂട്ടിക്ക് ഇത്തവണ പുരസ്‌കാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തില്‍ പകരം വെക്കാനില്ലാത്ത പ്രകടനമായിരുന്നു മലയാളത്തിന്റെ മഹാനടന്‍ നടത്തിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുങ്ങിയ ദൃശ്യവിസ്മയത്തിലെ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് ഭാഷാതിര്‍ത്തികള്‍ കടന്നും ചര്‍ച്ചയായി.

2023,2024 എന്നീ വര്‍ഷങ്ങളിലും മമ്മൂട്ടിയുടെ പേര് സാധ്യതാപട്ടികയിലുണ്ടായിരുന്നു. 2022ല്‍ നന്‍പകല്‍ നേരത്ത് മയക്കത്തിലും 2023ല്‍ കാതലിലൂടെയുമായിരുന്നു മമ്മൂട്ടിയുടെ പേര് ഉയര്‍ന്നുകേട്ടത്. 2022ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആറാമത്ത വട്ടവും തന്റെ ഷെല്‍ഫിലെത്തിക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചു. ഈ വര്‍ഷം ചാത്തനിലൂടെ ഒരിക്കല്‍ കൂടി ആ പുരസ്‌കാരം താരം സ്വന്തമാക്കുമോ എന്ന് കാണാന്‍ സിനിമാലോകം കാത്തിരിക്കുകയാണ്.

തുടര്‍പരാജയങ്ങളുടെയും സ്‌ക്രിപ്റ്റ് സെലക്ഷന്റെയും പേരില്‍ പഴികേട്ട ആസിഫ് അലി ഗംഭീര തിരിച്ചുവരവ് നടത്തിയ വര്‍ഷമായിരുന്നു 2024. നടനായും താരമായും തലവനിലൂടെ തുടങ്ങിയ വിജയ തേരോട്ടം ഇപ്പോഴും ആസിഫ് തുടരുകയാണ്. തലവനിലെ പൊലീസ് ഓഫീസറില്‍ നിന്ന് അഡിയോസ് അമിഗോയിലെ മുഴു മദ്യപാനിയിലേക്ക്  മാറിയതും, ലെവല്‍ ക്രോസിലെ രഘുവില്‍ നിന്ന് കിഷ്‌കിന്ധാകാണ്ഡത്തിലെ അജയചന്ദ്രനിലേക്കും ആസിഫ് നടത്തിയ കൂടുമാറ്റം അമ്പരപ്പിക്കുന്നതായിരുന്നു.

നാല് സിനിമകളിലും വ്യത്യസ്ത പെര്‍ഫോമന്‍സ് കാഴ്ചവെച്ച ആസിഫിനും ഇത്തവണ മുന്‍തൂക്കമുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇതിന് മുമ്പ് രണ്ടുവട്ടം ആസിഫ് അവസാന റൗണ്ട് വരെയെത്തിയിരുന്നു. 2018ല്‍ കാറ്റ് എന്ന ചിത്രത്തിലെ പ്രകടനം ഇന്ദ്രന്‍സിന്റെ ആളൊരുക്കത്തിന് മുന്നില്‍ പരാജയപ്പെട്ടു. 2019ല്‍ കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലെ സ്ലീവാച്ചന് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. ഇത്തവണ ആദ്യ സ്റ്റേറ്റ് അവാര്‍ഡ് ആസിഫ് സ്വന്തമാക്കുമെന്ന് കരുതുന്നവരുണ്ട്.

കിഷ്‌കിന്ധാകാണ്ഡത്തില്‍ ആസിഫിനൊപ്പം കട്ടക്ക് പിടിച്ചുനിന്ന വിജയരാഘവനും സാധ്യത കല്പിക്കുന്നവരുണ്ട്. മറവിരോഗത്തിന്റെ പിടിയില്‍ നിന്ന് രക്ഷയില്ലെന്ന് മനസിലാക്കി ഒരുപാട് രഹസ്യങ്ങള്‍ ഉള്ളിലൊളിപ്പിച്ച അപ്പുപ്പിള്ളയിലൂടെ വിജയരാഗവന്‍ മികച്ച നടനാകുമെന്നും ചിലര്‍ കരുതുന്നു. 1997ല്‍ ദേശാടനത്തിലെ പ്രകടനം മികച്ച നടനുള്ള പുരസ്‌കാരപട്ടികയില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ അവാസന റൗണ്ടില്‍ മുരളി പുരസ്‌കാരം സ്വന്തമാക്കുകയായിരുന്നു.

ഈ മൂന്ന് പേര്‍ക്ക് പുറമെ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ടൊവിനോ എന്നിവര്‍ക്കും സാധ്യത കല്പിക്കുന്നുണ്ട്. മലൈക്കോട്ടൈ വാലിബനായി നിറഞ്ഞാടിയ മോഹന്‍ലാലും ആവേശത്തിലെ രംഗണ്ണനായി ഫഹദും അസാധ്യ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഒരു സിനിമയില്‍ തന്നെ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവിനോയും ഗംഭീര പ്രകടനം നടത്തിയിരുന്നു. ഓഗസ്റ്റ് രണ്ടാം വാരമാകും അവാര്‍ഡ് പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: State Award for Best Actor discussion going on Social Media