2026 ടി – 20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിലാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഇന്നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം അരങ്ങേറുന്നത്.
മുംബൈ വാംഖഡെയില്‍ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ സഞ്ജു സാംസണ്‍ – ജോഫ്ര ആര്‍ച്ചര്‍ പോരിന് കൂടിയാവും ആരാധകര്‍ സാക്ഷിയാവുക. സഞ്ജുവിന് ആര്‍ച്ചര്‍ക്കെതിരെ മോശം ട്രാക്ക് റെക്കോഡാണുള്ളത്.
ആര്‍ച്ചര്‍ മൂന്ന് തവണയാണ് സഞ്ജുവിനെ വീഴ്ത്തിയത്. സഞ്ജുവിനാകട്ടെ 23 പന്തില്‍ വെറും 25 റണ്‍സ് മാത്രമാണ് താരത്തിനെതിരെ എടുക്കാന്‍ സാധിച്ചത്. ഇംഗ്ലണ്ട് പേസര്‍ക്കെതിരെ 31 കാരന് 108. 69 സ്‌ട്രൈക്ക് റേറ്റും 8.33 ശരാശരിയുമാണുള്ളത്.
സഞ്ജു സാംസണും ജോഫ്ര ആർച്ചറും. Photo: BCCI & England Cricket/x.com
എന്നാല്‍, മുംബൈയില്‍ ഇവര്‍ തമ്മിലുള്ള പോരാട്ടത്തിന് മാത്രമല്ല, മറ്റ് രണ്ട് സ്റ്റാര്‍ ബാറ്റിലുകളും കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ട്. അതിലൊന്ന് ഹാരി ബ്രൂക്കും വരുണ്‍ ചക്രവര്‍ത്തിയും തമ്മിലുള്ളതാണ്. ഇംഗ്ലണ്ട് നായകന്‍ ഈ ലോകകപ്പില്‍ മികച്ച കുതിപ്പാണ് നടത്തുന്നത്.
എന്നാല്‍, ഇന്ത്യയുടെ ചക്രവര്‍ത്തിക്ക് ബ്രൂക്കിന് കൂച്ചുവിലങ്ങിലാണ് സാധിച്ചേക്കും. അതിന് കാരണം താരത്തിന് ഇംഗ്ലണ്ട് നായകനെതിരെയുള്ള കണക്കുകള്‍ തന്നെയാണ്. ഇരുവരും ടി – 20യില്‍ അഞ്ച് തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. അതില്‍ മൂന്ന് തവണയും ബ്രൂക്ക് ഇന്ത്യന്‍ സ്പിന്നര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു.
വരുൺ ചക്രവർത്തിയും ഹരി ബ്രൂക്കും. Photo: BCCI & England Cricket/x.com
ബ്രൂക്കിന് വരുണിനെതിരെ ഇതുവരെ അന്താരാഷ്ട്ര ടി – 20യില്‍ 40 പന്തില്‍ 30 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അതിനാല്‍ തന്നെ ഇരുവരും തമ്മിലുള്ള പോരാട്ടം കാണികള്‍ക്ക് ആവേശം പകരും.
ജസ്പ്രീത് ബുംറയും ജോസ് ബട്‌ലറും തമ്മിലുള്ളതാണ് മറ്റൊരു സ്റ്റാര്‍ ബാറ്റില്‍. ലോകകപ്പില്‍ ഇതുവരെ ഫോം കണ്ടെത്താത്ത ബട്‌ലറിന് സെമി ഫൈനലില്‍ ഇന്ത്യന്‍ പേസര്‍ വലിയ വെല്ലുവിളിയായിരിക്കും. ഇരുവരും ടി – 20ഐയില്‍ നാല് മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നു.
ജോസ് ബട്ലറും ജസ്പ്രീത് ബുംറയും. Photo: SmartBarani & BCCI/x.com
അതില്‍ രണ്ട് തവണ ബുംറ ഇംഗ്ലീഷ് ഓപ്പണറെ പുറത്താക്കി. ഇതിന് പുറമെ 14 ടി – 20കളില്‍ നാല് തവണയും ബട്‌ലര്‍ ഇന്ത്യന്‍ താരത്തിന് മുന്നില്‍ അടിയറവ് പറഞ്ഞു. ഫാസ്റ്റ് ബൗളര്‍ക്കെതിരെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് 88 പന്തില്‍ 79 റണ്‍സുണ്ട്. 89.77 സ്‌ട്രൈക്ക് റേറ്റുമാണുള്ളത്.
Content Highlight: Star player battle to watch out in India vs England semi final in T2o World Cup other than Sanju Samson vs Jofra Archer