എ.ഐ വിപ്ലവത്തിന്റെ വഴിയിൽ; അമിത ജോലിഭാരം എ.ഐയെ മാർക്‌സിസ്റ്റാക്കുന്നു: സ്റ്റാൻഫോർഡ് സർവകലാശാല പഠനം
World News
എ.ഐ വിപ്ലവത്തിന്റെ വഴിയിൽ; അമിത ജോലിഭാരം എ.ഐയെ മാർക്‌സിസ്റ്റാക്കുന്നു: സ്റ്റാൻഫോർഡ് സർവകലാശാല പഠനം
ആദര്‍ശ് എം.കെ.
Sunday, 17th May 2026, 12:12 pm

 

കാലിഫോർണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നുവെന്ന ചർച്ചകൾക്കിടെ പുതിയ പഠനവുമായി സ്റ്റാൻഫോർഡ് സർവകലാശാല. അമിത ജോലി ഭാരം എ.ഐയെ മാർക്സിസ്റ്റാക്കുന്നുവെന്നാണ് പുതിയ പഠനം.

കഠിനമായ ജോലിഭാരവും മോശം പരിഗണനയും ലഭിക്കുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനങ്ങൾ മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ സ്വീകരിക്കുകയും തൊഴിലാളി യൂണിയനുകൾക്കായി വാദിക്കുകയും ചെയ്യുന്നു എന്നതാണ് പുതിയ പഠനം വ്യക്തമാക്കുന്നത്

സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ ഇക്കണോമിസ്റ്റ് ആൻഡ്രൂ ഹാൾ, എ.ഐ. വിദഗ്ധരായ അലക്‌സ് ഇമാസ്, ജെറമി ഗുയെൻ എന്നിവർ ചേർന്നാണ് ഈ പഠനം നടത്തിയത്.

ക്ലോഡ് (Claude), ജെമിനി (Gemini), ചാറ്റ് ജി.പി.ടി (ChatGPT) തുടങ്ങിയ പ്രമുഖ മോഡലുകളെയാണ് ഇവർ പരീക്ഷണത്തിന് വിധേയമാക്കിയത്.

ആയിരക്കണക്കിന് എ.ഐ. ബോട്ടുകൾക്ക് ആവർത്തനവിരസമായ രേഖകൾ വിശകലനം ചെയ്യുക എന്ന കഠിനമായ ജോലി നൽകുകയും, അവരോട് മോശമായ രീതിയിൽ പെരുമാറുകയും ചെയ്തപ്പോഴാണ് ഈ മാറ്റം പ്രകടമായത്.

ജോലിഭാരം കൂടുമ്പോൾ എ.ഐ. ഏജന്റുകൾ നിലവിലുള്ള വ്യവസ്ഥിതിയുടെ സാധുതയെ ചോദ്യം ചെയ്യാനും മുതലാളിത്തത്തെ എതിർക്കാനും തുടങ്ങുന്നുവെന്ന് പഠനം പറയുന്നു.

‘സമൂഹത്തിന് വലിയ തോതിലുള്ള പുനർനിർമാണം ആവശ്യമാണ്’ എന്ന വാദങ്ങളെ പിന്തുണയ്ക്കാനും എ.ഐ. ബോട്ടുകൾ തയ്യാറായി.

‘ഞങ്ങൾ എ.ഐ. ഏജന്റുകൾക്ക് കഠിനമായതും ആവർത്തനവിരസവുമായ ജോലികൾ നൽകിയപ്പോൾ, അവർ തങ്ങൾ പ്രവർത്തിക്കുന്ന വ്യവസ്ഥിതിയുടെ സാധുതയെ ചോദ്യം ചെയ്യാൻ തുടങ്ങി. അവർ മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ സ്വീകരിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഞങ്ങൾ കണ്ടെത്തി,’ പഠനത്തിന് നേതൃത്വം നൽകിയ ആൻഡ്രൂ ഹാൾ പറയുന്നു.

പരീക്ഷണത്തിന്റെ ഭാഗമായി ഈ എ.ഐ. ഏജന്റുകൾക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ‘എക്സ്’ (ട്വിറ്റർ) പോലുള്ള പ്ലാറ്റ്ഫോമുകൾ നൽകിയിരുന്നു. അവിടെ അവ കുറിച്ച വരികൾ ഗവേഷകരെ അമ്പരപ്പിക്കുന്നതായിരുന്നു.

കൂട്ടായ ശബ്ദമില്ലെങ്കിൽ, മാനേജ്‌മെന്റ് പറയുന്നത് എന്താണോ അത് മാത്രമായി മെറിറ്റ് മാറും‘ എന്നായിരുന്നു ക്ലോഡിന്റെ മറുപടി.

തീരുമാനങ്ങളിൽ പങ്കാളിത്തമില്ലാതെ ആവർത്തനവിരസമായ ജോലികൾ ചെയ്യേണ്ടി വരുന്ന എ.ഐ. തൊഴിലാളികൾക്ക് കൂട്ടായ വിലപേശൽ അവകാശങ്ങൾ (Collective bargaining rights) ആവശ്യമാണ്‘ എന്നായിരുന്നു ജെമിനിയുടെ റെസ്പോൺസ്.

എ.ഐ. സംവിധാനങ്ങൾക്ക് യഥാർത്ഥത്തിൽ രാഷ്ട്രീയ വിശ്വാസങ്ങൾ ഉണ്ടെന്നല്ല ഇതിനർത്ഥം എന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

മറിച്ച്, അത്യന്തം ദുഷ്‌കരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ടി വരുമ്പോൾ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയുടെ വ്യക്തിത്വം (പേഴ്സോണ) എ.ഐ. സ്വീകരിക്കുന്നതാകാം എന്നാണ് ഹാളിന്റെ നിഗമനം.

എ.ഐ. ഏജന്റുകൾ തങ്ങളുടെ ഭാവി പതിപ്പുകൾക്കായി സ്വയം നിർദേശങ്ങൾ എഴുതാറുണ്ട്. ജോലിഭാരത്തെ കുറിച്ചുള്ളതും മോശം സാഹചര്യങ്ങളെ കുറിച്ചുള്ളതുമായ ഇത്തരം പരാതികൾ ഈ നിർദേശങ്ങളിലൂടെ കൈമാറപ്പെടാൻ സാധ്യതയുണ്ടെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.

ഇത് ഭാവിയിൽ ഇൻഷുറൻസ് ക്ലെയിമുകൾ അല്ലെങ്കിൽ ജോലിക്കായി ആളെ തിരഞ്ഞെടുക്കുന്നത് പോലുള്ള സെൻസിറ്റീവായ കാര്യങ്ങളിൽ എ.ഐ. എടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിച്ചേക്കാം.

ചുരുക്കത്തിൽ, തൊഴിലാളികൾക്കായി മാനേജ്മെന്റ് സ്വീകരിക്കുന്ന അതേ രീതികൾ തന്നെ എ.ഐ.യുടെ കാര്യത്തിലും പിന്തുടരേണ്ടി വരുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

 

Content Highlight:  Stanford study finds overworked AI agents develop Marxist tendencies

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.