ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബരാബങ്കിയിലെ അവ്‌നേശ്വര്‍ മഹാദേവ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിക്കുകയും 40ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദര്‍ശനത്തിനെത്തിയ ഭക്തരുടെ മേല്‍ വൈദ്യുതി കമ്പി പൊട്ടിവീണതിനെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ പുറത്തേക്ക് ഓടുന്നതിനിടയിലായിരുന്നു അപകടം.
തിങ്കളാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെ ജലാഭിഷേകം കാണാനായി വലിയ രീതിയില്‍ ജനക്കൂട്ടം ക്ഷേത്രത്തിലേക്കെത്തിയിരുന്നു. ഇവര്‍ക്കിടയിലേക്കാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയായതിനാല്‍ വലിയ ജനക്കൂട്ടമായിരുന്നു തൊഴാനായി എത്തിയത്.
വൈദ്യുതി കമ്പിയിലൂടെ ഒരു കുരങ്ങന്‍ നടന്നുപോവുകയും പിന്നീട് അത് ക്ഷേത്രത്തിലെ ഷെഡിലേക്ക് പൊട്ടിവീഴുകയുമായിരുന്നു. ഇത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയും എല്ലാവരും പുറത്തേക്ക് ഓടിയതിനെത്തുടര്‍ന്ന് തിക്കും തിരക്കും ഉണ്ടാവുകയുമായിരുന്നെന്ന് ബരാബങ്കി ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു.
‘ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ച വലിയ രീതിയില്‍ ഭക്തര്‍ തടിച്ചുകൂടി. ഇതിനിടയില്‍ പരിസരത്തെ കുരങ്ങന്മാര്‍ ക്ഷേത്രത്തിന് മുകളിലുള്ള വൈദ്യുതി കമ്പികളിലൂടെ നടക്കുകയും അത് പൊട്ടി ക്ഷേത്രത്തിലെ ഷെഡിലേക്ക് വീഴുകയുമായിരുന്നു. 19 പേര്‍ക്ക് ഇതോടെ ഷോക്കേറ്റു. ഇത് കണ്ട് മറ്റുള്ളവര്‍ പരിഭ്രാന്തരായി ഒടുന്നതിനിടയിലാണ് അപകടമുണ്ടായത്,’ ശശാങ്ക് ത്രിപാഠി പറഞ്ഞു.
മരിച്ചവരില്‍ ഒരാള്‍ ലോണികാത്ര ഗ്രാമത്തിലെ 22 കാരനായ പ്രശാന്താണെന്ന് തിരിച്ചറിഞ്ഞു. മറ്റൊരാളെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. ത്രിവേദിഗഞ്ചിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. പരിക്കേറ്റ പത്തുപേരെ ത്രിവേദിഗഞ്ചിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
കഴിഞ്ഞ ദിവസം ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തിലും സമാനമായ രീതിയില്‍ അപകടമുണ്ടായിരുന്നു. തിക്കിലും തിരക്കിലും പെട്ട് എട്ട് പേര്‍ മരണപ്പെടുകയും 30ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlight: Stampede in UP temple two people died and several injured