ഇന്ത്യ 'രാജ്യദ്രോഹിയാക്കിയവന്റെ' പേരില്‍ അങ്ങ് അമേരിക്കയില്‍ ഒരു ദിവസം; റോക്കട്രി ദി നമ്പി എഫക്ടിന് ഇത് അഭിമാനം; സ്റ്റാംഫോര്‍ഡില്‍ ജൂണ്‍ 3 ഇനി നമ്പി നാരായണന്‍ ദിനം
Film News
ഇന്ത്യ 'രാജ്യദ്രോഹിയാക്കിയവന്റെ' പേരില്‍ അങ്ങ് അമേരിക്കയില്‍ ഒരു ദിവസം; റോക്കട്രി ദി നമ്പി എഫക്ടിന് ഇത് അഭിമാനം; സ്റ്റാംഫോര്‍ഡില്‍ ജൂണ്‍ 3 ഇനി നമ്പി നാരായണന്‍ ദിനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th June 2022, 8:10 pm

ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ. നമ്പി നാരായണന്റെ ബയോപിക് റോക്കട്രി ദി നമ്പി എഫക്ട് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ഇതിനിടെയിലാണ് ചിത്രത്തെയും ചിത്രത്തിന് കാരണക്കാരനായ നമ്പി നാരായണനേയും തേടി ഒരു സന്തോഷ വാര്‍ത്തയെത്തിയിരിക്കുന്നത്.

അമേരിക്ക, ടെക്‌സാസിലെ സ്റ്റാംഫോര്‍ഡില്‍ ഇനിമുതല്‍ ജൂണ്‍ മൂന്ന് നമ്പി നാരായണന്‍ ദിനമായിരിക്കുമെന്ന വാര്‍ത്തയാണ് അദ്ദേഹത്തെയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരേയും തേടിയെത്തിയിരിക്കുന്നത്.

സ്റ്റാഫോര്‍ഡ് മേയര്‍ സെസില്‍ വില്ലിസാണ് ജൂണ്‍ മൂന്ന് നമ്പി നാരായണന്‍ ദിനമായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള പര്യടനത്തിനിടെയായിരുന്നു സ്റ്റാഫോര്‍ഡ് മേയര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇതിനൊപ്പം തന്നെ നമ്പി നാരായണനും ചിത്രത്തിന്റെ സംവിധായകനും നമ്പി നാരായണന്റെ വേഷം അവതരിപ്പിക്കുന്ന മാധവനും ബഹിരാകാശ സഞ്ചാരിയായ സുനിതാ വില്യംസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

75ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ റോക്കട്രി: ദി നമ്പി ഇഫക്ട് പ്രദര്‍ശിപ്പിക്കുകയും അന്താരാഷ്ട്ര തലത്തിലടക്കം നിരവധി പ്രശംസയേറ്റുവാങ്ങുകയും ചെയ്തിരുന്നു.

പ്രമുഖ മലയാളി വ്യവസായിയായ ഡോ. വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ച്ചേഴ്സും, മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27വേ ഇന്‍വെസ്റ്റ്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടര്‍ന്ന് നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്റെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്ത് സംഭവിച്ചു, അത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ എങ്ങനെയെല്ലാം ബാധിച്ചു എന്നതാണ് ചിത്രം പറയുന്നത്.

വിവിധ ഭാഷകളിലാണ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. ഒരേ സമയം ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിക്കുകയുംമലയാളം, തെലുങ്ക് , കന്നഡ ഭാഷാകളിലേക്ക് മൊഴിമാറ്റുകയും ചെയ്തിട്ടുണ്ട്.

അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം എത്തുന്നു. ഒരേ സമയം ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കും ‘റോക്കട്രി- ദ നമ്പി ഇഫക്ട്.’

ചിത്രത്തില്‍ ബോളിവുഡ് മെഗാസ്റ്റാര്‍ ഷാരൂഖ് ഖാനും, കോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സൂര്യയും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സിമ്രാനാണ് നായിക.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫിലിസ് ലോഗന്‍ വിന്‍സന്റ് റിയോറ്റ, റോണ്‍ ഡൊനാഷേ തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജിത് കപൂര്‍, രവി രാഘവേന്ദ്ര , മിഷ ഖോഷല്‍, ഗുല്‍ഷന്‍ ഗ്രോവര്‍, കാര്‍ത്തിക് കുമാര്‍, തുടങ്ങിയ ബോളിവുഡ് താരങ്ങളും മലയാളി താരം ദിനേഷ് പ്രഭാകറും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

 

Content Highlight: Stamford in Texas, America to Celebrate June 3 as Nambi Narayanan Day