വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിജ്ഞയെടുക്കുക; ടി.വി.കെ ഭരിക്കുന്നത് ഡി.എം.കെയുടെ ഔദാര്യത്തിലെന്ന് സ്റ്റാലിന്‍
national news
വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിജ്ഞയെടുക്കുക; ടി.വി.കെ ഭരിക്കുന്നത് ഡി.എം.കെയുടെ ഔദാര്യത്തിലെന്ന് സ്റ്റാലിന്‍
ആദര്‍ശ് എം.കെ.
Sunday, 7th June 2026, 10:45 am

 

ചെന്നൈ: തമിഴ്നാട്ടില്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത് ഡി.എം.കെയുടെയും സഖ്യകക്ഷികളുടെയും കാരുണ്യം കൊണ്ടാണെന്നും, ഈ ഭരണത്തിന് അന്ത്യം കുറിക്കാന്‍ പാര്‍ട്ടി അണികള്‍ ഒന്നിച്ച് പ്രതിജ്ഞയെടുക്കണമെന്നും ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍.

ചെന്നൈയില്‍ വെച്ച് നടന്ന ഡി.എം.കെയുടെ പ്രത്യേക പാര്‍ട്ടി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.ഐ.എ.ഡി.എം.കെ ഉള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് ഡി.എം.കെയിലേക്ക് എത്തിയ ആയിരത്തിലധികം പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതിനായി സംഘടിപ്പിച്ച വേദിയിലാണ് വിജയ് സര്‍ക്കാരിനെതിരെ സ്റ്റാലിന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ഇക്കഴിഞ്ഞ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ 234 അംഗ സഭയില്‍ വിജയ്‌യുടെ ടി.വി.കെ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകള്‍ തികയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് ഡി.എം.കെ സഖ്യത്തിലുണ്ടായിരുന്ന സി.പി.ഐ, സി.പി.ഐ.എം, വി.സി.കെ, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികള്‍ ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പുറമെ ഡി.എം.കെ സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസും വിജയ്‌യെ പിന്തുണച്ചു.

‘നമ്മുടെ സഖ്യത്തിലുണ്ടായിരുന്ന പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഈ സര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഡി.എം.കെ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിച്ച പാര്‍ട്ടികളാണവ.

ടി.വി.കെയ്ക്ക് പിന്തുണ നല്‍കുന്നതിന് മുന്‍പ് അവരുടെ നേതാക്കള്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. ജനാധിപത്യപരമായ തീരുമാനം എടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞ് ഞാന്‍ അവരെ തടഞ്ഞതുമില്ല.

നമ്മുടെ കരുണ കൊണ്ടാണ് ഈ സര്‍ക്കാര്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. ഈ സര്‍ക്കാരിന് ഫുള്‍ സ്റ്റോപ്പിടാന്‍ ഈ ചടങ്ങില്‍ വെച്ച് നമുക്ക് പ്രതിജ്ഞയെടുക്കാം’ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമോ ഗവര്‍ണറുടെ ഭരണമോ വരാതിരിക്കാനാണ് താന്‍ സഖ്യകക്ഷികളുടെ തീരുമാനത്തെ എതിര്‍ക്കാതിരുന്നതെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. ഗവര്‍ണര്‍ ഭരണം വന്നാല്‍ അത് തമിഴ്നാട്ടില്‍ ബി.ജെ.പിക്ക് പിന്‍വാതിലിലൂടെ അധികാരം പിടിക്കാന്‍ വഴിതുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ വിജയ് സര്‍ക്കാരിന് ശക്തമായ സംഘടനാ സംവിധാനമില്ലെന്നും, ഡി.എം.കെ മുന്‍പ് നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെയും അടിത്തറയുടെയും കരുത്തിലാണ് ഇപ്പോഴത്തെ ഭരണം മുന്നോട്ട് പോകുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

1949 മുതലുള്ള പാര്‍ട്ടിയുടെ ചരിത്രം ഉദ്ധരിച്ചുകൊണ്ട്, വിജയത്തില്‍ അഹങ്കരിക്കുകയോ പരാജയത്തില്‍ തളരുകയോ ചെയ്യാത്തവരാണ് യഥാര്‍ത്ഥ ഡി.എം.കെ പ്രവര്‍ത്തകര്‍ എന്ന് മുന്‍ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

തോല്‍വിയില്‍ തളരാതെ, ജനാധിപത്യം വീണ്ടെടുക്കാനും തമിഴ് ജനതയ്ക്ക് വേണ്ടി പോരാടാനും അണികള്‍ സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നിലവില്‍ തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷമാണ് ഡി.എം.കെ. സ്റ്റാലിന്റെ മകനും, സ്റ്റാലിന്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനാണ് പ്രതിപക്ഷ നേതാവ്.

 

Content Highlight: Stalin tells DMK workers to pledge to bring down Vijay government

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.