അടുത്ത ഓസ്‌കര്‍ കൂടി പോരട്ടെ, ഗ്രാന്‍ഡ് ഇവന്റിന് മുമ്പ് കിടിലോസ്‌കി ഗാനവുമായി SSMB 29
Indian Cinema
അടുത്ത ഓസ്‌കര്‍ കൂടി പോരട്ടെ, ഗ്രാന്‍ഡ് ഇവന്റിന് മുമ്പ് കിടിലോസ്‌കി ഗാനവുമായി SSMB 29
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th November 2025, 8:58 pm

ലോകസിനിമ മൊത്തം ഇന്ത്യന്‍ സിനിമയിലേക്ക് ഉറ്റുനോക്കുന്ന പ്രൊജക്ടാണ് SSMB 29. ഓസ്‌കര്‍ വേദിയിലടക്കം ശ്രദ്ധ നേടിയ ആര്‍.ആര്‍.ആറിന് ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവാണ് നായകന്‍. ചിത്രത്തിന്റെ ടൈറ്റില്‍ റിവീല്‍ ഇവന്റ് നവംബര്‍ 15ന് ഹൈദരബാദില്‍ നടക്കാനിരിക്കുകയാണ്.

ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്താനായി പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘ഗ്ലോബ്‌ട്രോട്ടര്‍’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ശ്രുതി ഹാസന്‍ ആലപിച്ച ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. കീരവാണി ഈണമിട്ട ഗാനം ഇതിനോടകം ലക്ഷകണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കി.

‘നാട്ടു നാട്ടു’വിലൂടെ ഓസ്‌കര്‍ നേടിയ കീരവാണി ഈ റേഞ്ച് ഒട്ടും കുറക്കാത്ത ഗാനമാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നു. അടുത്ത ഓസ്‌കറും കീരവാണി തന്നെ സ്വന്തമാക്കുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ തീമിനെക്കുറിച്ച് യാതൊരു സൂചനയും നല്കാത്ത ഗാനമാണിത്. ആദ്യ കേള്‍വിയില്‍ തന്നെ അഡിക്ടാക്കാന്‍ കഴിവുള്ള ഗാനം ചിത്രത്തിന്റെ ഹൈപ്പ് ഒരുപടി കൂടി ഉയര്‍ത്തി.

ഇന്ത്യന്‍ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഗ്രാന്‍ഡായിട്ടുള്ള ടൈറ്റില്‍ വീഡിയോയാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മഹേഷ് ബാബുവടക്കം എല്ലാ താരങ്ങളുടെയും ക്യാരക്ടര്‍ എന്താണെന്ന് വ്യക്തമാക്കുമെന്നും സൂചനയുണ്ട്. വാരണസി എന്നാകും ചിത്രത്തിന്റെ ടൈറ്റിലെന്നാണ് റൂമറുകള്‍.

മഹേഷ് ബാബുവിന്റെ വില്ലനായി പൃഥ്വിരാജാണ് വേഷമിടുന്നത്. ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പൃഥ്വിയുടേതായിരുന്നു. കുംഭ എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. എന്നാല്‍ പതിവിന് വിപരീതമായി ക്യാരക്ടര്‍ പോസ്റ്ററിന് നേരെ വലിയ ട്രോളുകളാണ് ഉയര്‍ന്നത്. വീല്‍ച്ചെയറിലിരിക്കുന്ന പൃഥ്വിരാജിന്റെ പോസ്റ്റര്‍ ട്രോള്‍ മെറ്റീരിയലായി മാറി.

പ്രിയങ്ക ചോപ്ര, മാധവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. 1000 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈറ്റില്‍ റിവീലിന് ശേഷമാകും ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുക. ആറിലധികം വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന SSMB 29 2027ല്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Content Highlight: SSMB 29 first song out now