കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധ നേടിയ നടി ശ്രുതി സുരേഷ്, തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ അനുഭവങ്ങളിലൊന്നായി ഭരതനാട്യം സിനിമയെ വിശേഷിപ്പിച്ചു. തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാനാകാതിരുന്ന ചിത്രം പിന്നീട് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ വലിയ സ്വീകാര്യത നേടിയതിനെ കുറിച്ചാണ് താരം തുറന്നു പറഞ്ഞത്.
സൈജു കുറുപ്പ് നായകനായി എത്തിയ ഭരതനാട്യം റിലീസായ സമയത്ത് മറ്റ് പ്രധാന സിനിമകളും ഇവന്റുകളും ഉണ്ടായിരുന്നതായി ശ്രുതി പറഞ്ഞു. അതുകൊണ്ടുതന്നെ ചിത്രത്തിന് തിയേറ്ററുകളിൽ വേണ്ടത്ര പ്രദർശന അവസരം ലഭിച്ചില്ലെന്നാണ് താരത്തിന്റെ വിലയിരുത്തൽ.
കലാരഞ്ജിനി, ശ്രുതി സുരേഷ് , Photo: Sruthy suresh/ Facebook
വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ടതെന്നും അത് സിനിമയുടെ ടീമിനെ നിരാശപ്പെടുത്തിയെന്നും അവർ വ്യക്തമാക്കി.
‘ഭരതനാട്യത്തിന്റെ തിയേറ്റർ റിലീസ് വല്ലാതെ വേദനിപ്പിച്ചിരുന്നു. വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് സിനിമയ്ക്ക് തിയേറ്റർ റൺ ലഭിച്ചത്. പല സാഹചര്യങ്ങളും അതിന് കാരണമായിട്ടുണ്ടാകാം. എന്നാൽ ഒടിടിയിലേക്ക് എത്തിയപ്പോൾ ലഭിച്ച പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു,’ എന്നാണ് ശ്രുതി പറഞ്ഞത്.
തിയേറ്റർ റിലീസിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ എത്തിയത്. അവിടെ ചിത്രം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടുകയും സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
ചിത്രത്തിന്റെ സംവിധായകൻ കൃഷ്ണദാസ് മുരളി ഈ അനുഭവത്തെ ‘വിജയവും പരാജയവും ഒരുമിച്ച് അനുഭവിച്ച ഫീലിങ്’ എന്നാണ് വിശേഷിപ്പിച്ചതെന്നും ശ്രുതി പറഞ്ഞു.
ചിത്രത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം പിന്നീട് ഒരുങ്ങിയതും അതിന്റെ വൻ വിജയവും ടീമിന് വലിയ ആത്മവിശ്വാസം നൽകിയെന്നും താരം കൂട്ടിച്ചേർത്തു. ഭരതനാട്യം കണ്ടപ്പോൾ അതിന് ഒരു തുടർഭാഗം ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ലെന്നും, സിനിമയ്ക്ക് വ്യക്തമായ ഒരു ക്ലൈമാക്സ് ഉണ്ടായിരുന്നെന്നും അവർ പറഞ്ഞു.
എന്നാൽ കഥയെ പുതിയ രീതിയിൽ വികസിപ്പിച്ച് രണ്ടാം ഭാഗം ഒരുക്കാൻ കഴിഞ്ഞത് സംവിധായകനും തിരക്കഥാകൃത്തും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകരുടെ മികവാണെന്നും ശ്രുതി അഭിപ്രായപ്പെട്ടു.
സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ ചിത്രത്തിൽ കലാരഞ്ജിനി, ശ്രുതി സുരേഷ്, സൂരജ് വെഞ്ഞാറമൂട്, ബേബി ജീൻ, വിനയ് ഫോർട്ട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
Content Highlight: Sruthy Suresh talk about the Movie Bharathanatyam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.