എഡിറ്റര്‍
എഡിറ്റര്‍
ഝനക് ഝനക് തോരെ ബാജെ പായലിയാ…
എഡിറ്റര്‍
Friday 25th October 2013 12:00pm

Saritha K Venu

മെഹ്ഫില്‍/സരിത കെ വേണു


line

2012 മെയ് 7 ന് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചത്

line

വല്ലപ്പോഴും കോഴിക്കോട്ടെ കടപ്പുറത്ത് ഇങ്ങനെ കടലിലേക്ക് ഉറ്റുനോക്കി നില്‍ക്കുമ്പോഴൊക്കെ മനസ്സിലേക്ക് പതിയെ നുരഞ്ഞുപൊന്തുന്ന ഒരു സ്വരമുണ്ട്.

“കടലിലെ ഓളവും കരളിലെ  ദാഹവും
അടങ്ങുകില്ലോമനെ അടങ്ങുകില്ല”
മാനസ മൈനെ വരൂ.. എന്ന പതിഞ്ഞ ശബ്ദത്തില്‍ മനസ്സിന്റെ കോണിലിരുന്ന് മലയാളിയുടെ മരുമകനായ അദ്ദേഹം പാടുകയാണ്.

മലയാളിയുടെ ചേതനയെ ഇത്രയധികം തൊട്ടുണര്‍ത്തിയ ഗാനം വേറെ ഏതാണ്. ബംഗാളി സംസ്‌കാരത്തോടും, സാഹിത്യത്തിനോടും തോന്നിയ അതേ വികരത്തോടെയാണ് ഞാന്‍ ആ ഗായകനെ ഇഷ്ടപ്പെട്ടത്. മന്നാഡേ, എന്ന പ്രബോദ് ചന്ദ്ര ഡേ.”പൂച്ഛോ നാ കേസെ മേനെ രേന്‍ ഭിത്തായി”, ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ ഏറ്റവും വിരഹാര്‍ദ്രമായ ഗാനം അദ്ദേഹത്തിന്റെ സ്വരമാധുരിയിലൂടെ കോടിക്കണക്കിന് ഹൃദയങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ടാവും; അതുതന്നെയാണ് ആ ശബ്ദത്തിന്റെ പ്രത്യേകതയും. അത് എങ്ങിനെയൊക്കെ എന്റെ ഹൃദയത്തെ മുറിച്ചെറിഞ്ഞു എന്നു പറയാതെ വയ്യ. പിന്നീട് ഏതോ രാത്രിയില്‍ നാം അറിയാതെ ഒരു കുളിര്‍മഴയായി അദ്ദേഹം പിന്നെയും നമ്മുടെ കര്‍ണപുടങ്ങളില്‍ വിരാജിതനായി,
യെ “രാത് ഭീഗീ ഭീഗി, യെ മസ്ത് സമാഹെ,
ഉഢാ ധീരേ ധീരെ യെ ചാന്ദ് പ്യാരാ പ്യാര..”
പ്രണയത്തിന്റെ മാസ്മരികതയില്‍ “പ്യാര്‍ ഹുവാ ഇക്‌രാര്‍ ഹുവാ” എന്ന ഗാനവും എത്ര പേര്‍ ഉറക്കെ പാടിയിട്ടുണ്ടാവും,
ജീവിതം ദാ ഇത്രയേ ഉള്ളൂ എന്നു നമ്മെ പഠിപ്പിച്ച എത്ര ഗാനങ്ങള്‍ അദ്ദേഹം നമുക്ക് വേണ്ടി പാടി, അങ്ങിനെ ഒരു ഗാനമായ ഉപകാറിലെ ”കസ്‌മേ വാദേ പ്യാര്‍ വഫാ സബ്, ബാത്തേ ഹെ, ബാത്തോം കാ ക്യ” എന്നെ ഇന്നും കരയിപ്പിക്കുന്നു. പക്ഷെ, ”സിന്ദ്ഗീ, കേയ്‌സി ഹെ പഹേലി ഹായേ അത് നല്‍കുന്ന അവച്യമായ ഉന്‍മാദം, പലപ്പോഴും നിങ്ങളും അനുഭവിച്ചറിഞ്ഞിട്ടുണ്ടാവും. അടുത്ത കൂട്ടുകാരോട് നാം മനസ്സു തുറന്നു പാടിയിട്ടില്ലേ ‘ യെ ദോസ്തി, ഹം നഹീ തോഡെഗെ എന്ന്, അതുപോലെ വീട്ടിലെ കുഞ്ഞുമക്കളെ അണച്ചുറക്കി നാം പാടിയിട്ടില്ലേ,

“തുഝെ സൂരജ് കഹും യാ ചന്ദാ,
തുഝെ ദീപ് കഹും യാ താരാ,
മേരാ നാം കരേഗാ റോഷന്‍
ജഗ് മേ മേരാ രാജ് ദുലാര..”

അങ്ങിനെ എത്രയെത്ര ഗാനങ്ങള്‍ നമ്മുടെ വിചാരത്തിനും വികാരങ്ങള്‍ക്കും അനുസൃതമായി മന്ന പാടി. ആയിരക്കണക്കിന് മന്നാ ഡേ ഗാനങ്ങളുടെ ഏഴുദശകങ്ങള്‍, ദശലക്ഷക്കണക്കിനാളുകള്‍ ആശ്ചര്യത്തോടെ വീണ്ടും വീണ്ടും ആ ഗാനങ്ങള്‍ ഇന്നും ആസ്വദിക്കുന്നു.

ബാബുല്‍ സംഗീതം. രവീന്ദ്രസംഗീതം, ഖായല്‍ തുടങ്ങിയവയില്‍ പരിശീലം സിദ്ധിച്ച ഗായകനായിരുന്നു മന്ന. ഗായകനും നടനുമായ തന്റെ അമ്മാവന്‍ കൃഷ്ണ ചന്ദ്ര ഡേയു കീഴില്‍ സഹായിയായതോടെ മന്നയുടെ ലക്ഷ്യം പൂര്‍ണമായും സംഗീതത്തിലേക്ക് തിരിയുകയായിരുന്നു. അമ്മാവനോടൊപ്പം നിന്നു തന്നെ അദ്ദേഹം തപ്പ, തുമ്‌രി, ഭജന്‍ എന്നിവയില്‍ പ്രാവിണ്യം നേടിയെടുത്തു. പിന്നീട് അമ്മാവന്റെ വഴി പിന്‍തുടര്‍ന്ന് എച് പി ദാസിന്റെ അസിസ്റ്റന്റായി മന്ന മുംബൈയിലേക്ക് വണ്ടികയറി. എളുപ്പമായിരുന്നില്ല ആ യാത്ര. വീണ്ടും കൊല്‍ക്കത്തയിലേക്ക് തിരിച്ചുവന്നാലോ എന്നു പോലും തോന്നിപ്പോയതായി മന്ന ഡേ പിന്നീട് പറഞ്ഞിട്ടുണ്ട്. സച്ചിന്‍ ദേബ് ബര്‍മന്റെ കീഴിലും അദ്ദേഹം അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഇതിനിടയിലും ഹിന്ദുസ്ഥാനിയിലും അദ്ദേഹം പരിശീലനം നേടികൊണ്ടിരുന്നു.
1943ല്‍ തമന്ന എന്ന ചിത്രത്തിലൂടെ പ്ലേബാക്ക് സംഗീതത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. മഷാല്‍ എന്ന ചിത്രത്തിലെ “ഉപ്പര്‍ ഗഗന്‍ വിശാല്‍” എന്ന ഗാനം സൂപ്പര്‍ ഹിറ്റായതോടെ മന്ന സ്വയം മനസ്സില്‍ ഉറപ്പിച്ചു, ഇത് തന്നെയാണ് എന്റെ രംഗം. ഇവിടെയാണ് എനിക്ക് എന്തെങ്കിലും ചെയ്യാനുള്ളത്

ബാംഗാളിയായിരുന്നിട്ടും ഹിന്ദുസ്ഥാനിയിലും ഉറുദുവിലും ഏതു സ്ഥായിയിലും ഏതു ഉച്ഛാരണത്തിലും വടിവൊത്തു പാടാന്‍ മന്നാഡയ്ക്കാവുമായിരുന്നുവെങ്കിലും അത് ഒരു വെല്ലുവിളി തന്നെയായിരുന്നുവെന്നും റെക്കോര്‍ഡിങിന് മുമ്പ് റിഹേഴ്‌സലുകളിലൂടെ ഉച്ഛാരണം ശരിയാക്കുമായിരുന്നുവെന്നും . എല്ലാതരത്തിലുള്ള ഗാനവും അദ്ദേഹം പാടി, പ്രണയം, തമാശ, ദേശഭക്തി, മെലഡി, എന്നു വേണ്ട ശബ്ദ്ദത്തെ അനായസ്സമായി ഉപയോഗിക്കുകയും ക്ലാസിക്കല്‍ പഞ്ച് വേണ്ടതായും വന്ന ഘട്ടങ്ങളിലെല്ലാം സ്വഭാവികമായും അത് മന്നാഡേ പാടിയാല്‍ മതി എന്നു ഇന്ത്യന്‍ സിനിമാ സംഗീതത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍ സംഗീത സംവിധായകര്‍ തീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും ശബ്ദത്തിന്റെ ഘനസാന്ദ്രത കാരണം മിക്ക ചെറുപ്പക്കാരായ നടന്‍മാര്‍ക്കും മന്നയുടെ ശബ്ദം ചേര്‍ന്നിരുന്നില്ല. അതുകൊണ്ടു തന്നെ മന്നയ്ക്ക് എറ്റവും മുന്‍ നിരയില്‍ ആയിരുന്നുമില്ല. ബാംഗാളിലും എല്ലാവരും ശ്യമളിന്റേയും ഹേമന്ത്ദായുടേയും ആരാധകരായിരുന്നു. എന്നിരുന്നാലും തന്റെ സ്്ഥാനം ഉറപ്പിക്കുന്നതില്‍ മന്നയ്ക്ക് പിഴച്ചില്ല. രാജ്കപൂറിനുവേണ്ടി യെ രാത് ഭീഗീ ഭീഗി, മുഡ് മുഡ് കെ നാ ദേഖ്, ലാഗാ ചുനിരി മെ ദാഗ് തുടങ്ങി നിരവധി ഗാനങ്ങള്‍ പാടിയിട്ടുണ്ടെങ്കിലും മന്നാഡെ അദ്ദേഹത്തിന്റെ ശബ്ദമായിരുന്നില്ല. അല്ലെങ്കിലും മന്നാഡേ പാടുമ്പോള്‍ അത് നായകനെക്കാള്‍ ഉപരി അദ്ദേഹം തന്നെ നേരിട്ട് പാടുന്നതായി അനുഭവപ്പെടുന്ന എത്രയെത്ര ഗാനങ്ങള്‍.

തന്റെ കാലഘട്ടത്തിലെ ഒറ്റ നായകനും മന്നയുടെ സ്വരം ചേര്‍ന്നിരുന്നില്ല എന്നത് ഒരേ സമയം മന്നയ്ക്ക് ഉപകാരവും അതുപോലെ തന്നെ ഉപദ്രവുമായിരുന്നു. അതുകൊണ്ടു തന്നെ ഒറ്റ നടനും എനിക്ക് വേണ്ടി മന്നഡേ പാടിയാല്‍ മതിയെന്ന് പറഞ്ഞില്ല. എന്നിരുന്നാലും ഗായകര്‍ തമ്മില്‍ അസാധ്യമായ ഒരു ഒത്തൊരുമ നിലനിന്നിരുന്ന കാലമായിരുന്നു അത്. എല്ലാവരും തന്റെ പാട്ടു കേള്‍ക്കാന്‍ ആഗ്രഹിച്ചപ്പോള്‍ താന്‍ മന്നഡെയുടെ ഗാനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് റഫി സാബ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. തന്റെ കാലത്തെ ഏറ്റവും മികച്ച ഗായകനായി മന്നാഡെ കണ്ടത് റഫി സാബിനെയായിരുന്നു. അദ്ദേഹത്തിന്റെ ശൈലി തനിക്ക് വഴങ്ങുന്നതല്ലെന്ന് മന്നാഡെ തന്നെ
സമ്മതിച്ചിട്ടുണ്ട്. ലതയുമായുള്ള യുഗ്മഗാനങ്ങള്‍ പാടുമ്പോള്‍ തന്റെ വരികള്‍ മറന്നുപോയി നിന്നതിനെക്കുറിച്ചും, ക്ലാസിക്കല്‍ സംഗീതം അഭ്യസിക്കാതെ തന്നെ അനായസമായി ഗാനങ്ങള്‍ ആലപിച്ച കിഷോറിനെക്കുറിച്ചും, ഏതുതരം ഗാനങ്ങളും തന്റെ വരുതിയില്‍ വരുത്തിയിരുന്ന ആശാ ഭോസലെയെക്കുറിച്ചും പറയുമ്പോഴൊക്കെ മന്നാഡേയുടെ കണ്ണുകള്‍ സഹൃദയത്തം കൊണ്ടു നിറയുന്നു.

ഷോലെയിലെ യെ ദോസ്തിയും പഡോസനിലെ എക് ചതുര്‍ നാര്‍ (ആര്‍.ഡി ബര്‍മന്‍) കിഷോറും മന്നാഡെയും ചേര്‍ന്ന് ഒരുക്കിയ നല്ല ഒന്നാന്തരം സംഗീത വിരുന്നായിരുന്നു. 12 മണിക്കൂര്‍ എടുത്താണ് എക് ചതുര്‍ നാര്‍ എന്ന ഗാനം ഇരുവരും പാടിയത്. പാട്ടിന്റെ റെക്കോര്‍ഡിങ്ങിനായി മന്നാഡെ പഞ്ചംദായുടെ വീട്ടിലെത്തിയപ്പോഴും കിഷോര്‍ എത്തിയിരുന്നില്ല. വിളിച്ചപ്പോള്‍ തന്റെ അമ്മയ്ക്ക് മന്നാഡേയോട് സംസാരിക്കണമെന്നു പറഞ്ഞു കിഷോര്‍. ദിവസങ്ങളായി കാണാതിരുന്ന ഒരു മകനോടെന്ന പോലെയാണ് ആ അമ്മ അന്ന് മന്നയോട് സംസാരിച്ചത്. “നിനിക്കിഷ്ടപ്പെട്ട എല്ലാം ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട് മോനെ, നീ ഒന്നു വന്നു പോകൂ”. പിന്നെ മറ്റൊന്നും പഞ്ചമിനും മന്നാഡേയ്ക്കും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. ഇരുവരും അങ്ങോട്ടേയ്ക് പോയി. ഭക്ഷണവും, തമാശയും റിഹേഴ്‌സലുമായി 12മണിക്കൂറെടുത്താണ് ആ ഗാനം റെക്കോര്‍ഡ് ചെയ്തതെന്ന മന്നാഡേ ഓര്‍ക്കുന്നു.

ശാസ്ത്രീയ സംഗീതമായിരുന്നു മന്നാഡേയുടെ മാസ്റ്റര്‍ പീസ്. എന്നിരുന്നാലും ആവോ ടിസ്വറ്റ് കരേ, ഹേ ഭായി സര, ദേഖ് കെ ചലോ, ഒ മേരെ ഷൊഹര്‍ ജബീന്‍ തുടങ്ങിയവ ഇന്നും കാലത്തെ വെല്ലുന്നവയാണ്. ഇതൊക്കെയാണെങ്കിലും സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഗുസ്തിക്കാരന്‍ ആവണമെന്നായിരുന്നുവെത്രെ മന്നാഡേയുടെ ആഗ്രഹം. നന്നായി ഫുട്‌ബോളും കളിക്കുമായിരുന്നു, ഒന്നു ആലോചിച്ചു നോക്കൂ അങ്ങിനെയായിരുന്നെങ്കിലോ? എങ്കില്‍ സുര്‍ നാ സജെ, ക്യാ ഗാവൂ മേ, എന്നായിരിക്കും ഞാന്‍ പാടാന്‍ ആഗ്രഹിക്കുന്ന മന്നാഡെ ഗാനം.

Advertisement