മലയാള സിനിമയിൽ അപൂർവമായി സംഭവിക്കാറുള്ള തരത്തിൽ വലിയ വിജയമായി മാറിയിരിക്കുകയാണ് നവാഗതനായ സവിൻ സ സംവിധാനം ചെയ്ത വാഴ 2.
സോഷ്യൽ മീഡിയയിലൂടെ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധ നേടിയ യുവാക്കളെ പ്രധാന വേഷങ്ങളിലെത്തിച്ച് ഒരുക്കിയ ചിത്രം, റിലീസിന് പിന്നാലെ തന്നെ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
ഹാഷിറും ടീമും ഉൾപ്പെടെ സിനിമയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ ഇടം നേടിയപ്പോൾ, യുവാക്കളുടെ ഇടയിൽ പ്രത്യേക കൈയടി നേടിയൊരു കഥാപാത്രം കൂടി ഉണ്ടായിരുന്നു.
പ്ലംബർ ആയും ഹെൽപ്പറായും ചെടി വെട്ടുന്ന ആളായും വേഷമിട്ട് ചിരിപ്പിച്ചും, ഒറ്റ ഡയലോഗിലൂടെ ചിന്തിപ്പിച്ചും ശ്രദ്ധ നേടിയ കഥാപാത്രം. ആ ക്യാരക്ടർ അത്രയും മനോഹരമാക്കിയത് ശ്രീനാഥാണ്.
ഇപ്പോൾ സിനിമ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ, താൻ എങ്ങനെ ഈ ചിത്രത്തിന്റെ ഭാഗമായെന്നതിനെക്കുറിച്ച് തുറന്ന് പറയുകയാണ് ശ്രീനാഥ്.
ജോണി സിൻസിന്റെ ലുക്കിനോടുള്ള സാമ്യം തന്നെയാണ് തനിക്ക് ഈ അവസരം ലഭിക്കാൻ കാരണമായതെന്ന് അദ്ദേഹം പറയുന്നു. ‘എനിക്ക് ജോണി സിൻസിന്റെ ലുക്ക് ഉണ്ടെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല.
ആദ്യമായി പറഞ്ഞത് വിപിനാണ്. ആ ലുക്ക് കൊണ്ടാണ് ഈ വേഷം കിട്ടിയത്. ഞാൻ അത്ര വലിയൊരു ആക്ടറൊന്നുമല്ല. നമ്മൾ യഥാർത്ഥത്തിൽ ആ വേഷത്തിലൊരു ഡബിൾ മീനിങ് ഉപയോഗിച്ചിട്ടുണ്ട്.
ജോണി സിൻസ് എന്ന ക്യാരക്ടർ ചിലപ്പോൾ എല്ലാവർക്കും അറിയണമെന്നില്ല. ജെൻസി അല്ലെങ്കിൽ യങ്സ്റ്റേഴ്‌സിന് മനസിലാകുന്ന തരത്തിലാണ് പ്ലേയ്‌സ് ചെയ്തിരിക്കുന്നത്.
ഒരിക്കൽ ഞാനും വിപിൻ ദാസും കൂടി തിരുവനന്തപുരത്ത് ഫുഡ് കഴിക്കാൻ പോയി. പോകും വഴി നിനക്ക് ജോണി സിൻസ് ലുക്കുണ്ടല്ലോന്ന് വിപിൻ ചോദിച്ചു. വാഴ 2ൽ അവർ യു.കെയിൽ പോകുമ്പോൾ ഒരു പരിപാടിയുണ്ട്. അത് പിടിക്കാം എന്ന് പറഞ്ഞു.
ഞാൻ കരുതിയത് തമാശയ്ക്ക് പറഞ്ഞതാണെന്നാണ്. പക്ഷേ അപ്പോൾ തന്നെ പുള്ളി പ്രൊഡ്യൂസർ ഗ്രൂപ്പിൽ ഇടുകയും എല്ലാവരും ഒക്കെ പറയുകയും ചെയ്യുന്നു. സ്ക്രിപ്റ്റായിട്ട് പറഞ്ഞ് കൊടുക്കുന്നു. വെറുതെ പറയുന്നതാകും ഫൈനലിൽ കാണില്ലെന്ന് വിചാരിച്ചു. പക്ഷേ നവംബറിൽ പാസ്പോർട്ടൊക്കെ ചോദിച്ചപ്പോൾ മനസിലായി സംഭവം സീരിയസ് ആണെന്ന്.
ജോർജിയയിൽ പോകുമ്പോൾ ടെൻഷൻ ആയിരുന്നു. അസോസിയേറ്റ് പറഞ്ഞത് അതുപോലെ ചെയ്‌തു. ഫണ്ണിന് വേണ്ടി മാത്രം ആ ക്യാരക്ടറിനെ വയ്ക്കാതെ ‘ജീവിതം ഒന്നല്ലേ ഒള്ളൂ അനിയാ, ജീവിക്കണ്ടേ’ എന്ന ഡയലോഗ് കൊടുത്ത് കൂടുതൽ ജീവൻ നൽകി,’ ശ്രീനാഥ് പറഞ്ഞു.
പ്ലംബർ ആണോ, ഇലക്ട്രീഷ്യനാണോ, ഗാർഡനറാണോ അങ്ങനെ പല രൂപങ്ങളിലൂടെയാണ് വാഴ 2 ൽ ശ്രദ്ധേയമായ കഥാപാത്രമായാണ് ശ്രീനാഥ് എത്തുന്നത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ ഭാഗ്യം ചെയ്ത നടൻ ശ്രീനാഥാണെന്ന അഭിപ്രായവും ഇതിനകം സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
കാരണം അദ്ദേഹത്തിന്റെ ഇൻട്രോ സീൻ തന്നെ ഈ കഥാപാത്രത്തിന്റെ ശക്തി തെളിയിക്കുന്നതായിരുന്നു. കൂട്ട കൈയ്യടിയും നിറഞ്ഞ ചിരിയോടെയുമാണ് പ്രേക്ഷകർ അദ്ദേഹത്തെ വരവേറ്റത്.
Content Highlight: Srinath talks about how he got into the film Vazha 2
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.