ശ്രീ ശ്രീ രവിശങ്കര്‍ പാകിസ്ഥാന്‍ സിന്ദാബാദ് പറയുന്ന 2016ലെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു
national news
ശ്രീ ശ്രീ രവിശങ്കര്‍ പാകിസ്ഥാന്‍ സിന്ദാബാദ് പറയുന്ന 2016ലെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു
ന്യൂസ് ഡെസ്‌ക്
Friday, 21st February 2020, 6:13 pm

ന്യൂദല്‍ഹി: പൗരത്വഭേദഗതിക്കെതിരെ നടന്ന പരിപാടിയുടെ വേദിയിലെത്തി പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു.

2016ല്‍ ന്യൂദല്‍ഹിയില്‍ വെച്ച് നടന്ന ലോക സാംസ്‌കാരിക ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ പാകിസ്ഥാനും ഹിന്ദുസ്ഥാനും സൗഹാര്‍ദ്ദത്തോടെ നീങ്ങണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് പറഞ്ഞത്. ‘പാകിസ്ഥാനും ഹിന്ദുസ്ഥാനും സൗഹാര്‍ദ്ദത്തോടെ മുന്നോട്ടുപോകണം. ജയ്ഹിന്ദും പാകിസ്താന്‍ സിന്ദാബാദും ഒരുമിച്ച് നീങ്ങണം’ രവിശങ്കര്‍ പറഞ്ഞു.

പാകിസ്ഥാനും ഇന്ത്യയും മറ്റെല്ലാ രാജ്യങ്ങളും ആത്യന്തികമായി ഓര്‍ക്കേണ്ട കാര്യം നമ്മളെല്ലാവരും മനുഷ്യരാണ് എന്നതാണ്. എല്ലാവരും ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്. ഈശ്വരന്റെ മക്കളായ നമ്മളെല്ലാവരും സ്‌നേഹത്തോടെ ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്നും രവിശങ്കര്‍ പറഞ്ഞിരുന്നു.

തന്റെ പ്രസംഗത്തിനിടയില്‍ അദ്ദേഹം പാകിസ്ഥാന്‍ മതനേതാവായ മുഫ്തി മൗലാന മുഹമ്മദ് സയീദ് ഖാനോട് പാകിസ്ഥാന്‍ സിന്ദാബാദ് എന്ന വിളിക്കാന്‍ ആവശ്യപ്പെടുകയും അതിന് മറുപടിയായി ജയ്ഹിന്ദ് എന്നുവിളിക്കുകയും ചെയ്തിരുന്നു. പ്രസംഗത്തെ തുടര്‍ന്ന് രവിശങ്കറിനെതിരെ ബി.ജെ.പിയില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. രവിശങ്കറിനെ പാകിസ്ഥാനിലേക്ക് പറഞ്ഞുവിടണമെന്ന് ആഹ്വാനെ ചെയ്തുകൊണ്ടുള്ള ട്വീറ്റുകളും പ്രചരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാകിസ്ഥാന്‍ സിന്ദാബാദ് പറയുന്നവരെ ഇന്ത്യന്‍ മണ്ണില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രാജനാഥ് സിംഗ് കൂടി ഫെസ്റ്റിവലിലെത്തിയ ദിവസമായിരുന്നു രവിശങ്കറിന്റെ പ്രസംഗം നടന്നത്. കൂടാതെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബി.ജെ.പി വ്യാപക ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെയായിരുന്നു രവിശങ്കറിന്റെ വിവാദ പ്രസംഗം നടന്നത്.

സംഭവം വിവാദമായതോടെ താന്‍ ഇമാമിന്റെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന വിളിക്ക് മറുപടിയായി ജയ്ഹിന്ദ് എന്ന പറയുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന വിളിച്ചിട്ടില്ലെന്നായിരുന്നു രവിശങ്കര്‍ പറഞ്ഞത്. അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയവര്‍ രവിശങ്കര്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനം നിലനില്‍ക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പറഞ്ഞതെന്നായിരുന്നു ചൂണ്ടിക്കാണിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസം എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി ഉള്‍പ്പെടെ പങ്കെടുത്ത ‘സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍’എന്ന പരിപാടിയില്‍ അമൂല്യ ലിയോണ എന്ന മൈക്ക് കൈയിലെടുത്ത് പാക്കിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയും മറ്റുള്ളവരോട് അത് ഏറ്റുവിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്. തുടര്‍ന്ന ഉവൈസിയടക്കമുള്ളവരെത്തി അമൂല്യ ലിയോണയെ പിടിച്ചുമാറ്റുകയായിരുന്നു.

ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ ജയ്ഹിന്ദ് എന്നും അമൂല്യ മുദ്രാവാക്യം വിളിച്ചിരുന്നു. മറ്റെന്തോ കൂടി പറയാന്‍ ശ്രമിച്ച ഇവരെ അതിന് അനുവദിക്കാതെ വേദിയില്‍ നിന്നും നീക്കി. പിന്നീട് പൊലിസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

എല്ലാ രാജ്യങ്ങള്‍ക്കും സിന്ദാബാദ് വിളിച്ചുകൊണ്ടുള്ള അമൂല്യയുടെ മുന്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇതിനോടകം വൈറലായിട്ടുണ്ട്. ഒരു രാജ്യങ്ങളും തമ്മില്‍ ശത്രുതയുണ്ടാകരുതെന്നും എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും ഇവരുടെ പോസ്റ്റുകളില്‍ പറയുന്നുണ്ട്.