എഡിറ്റര്‍
എഡിറ്റര്‍
തമിഴ് വംശജര്‍ക്കെതിരെയുള്ള പീഡനം: തമിഴ്‌നാട്ടില്‍ പൊതുപണിമുടക്ക് ഭാഗികം
എഡിറ്റര്‍
Tuesday 12th March 2013 1:33pm

ചെന്നൈ: ശ്രീലങ്കയ്‌ക്കെതിരെ അമേരിക്ക യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തെ ഇന്ത്യ പിന്തുണക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ തമിഴ് ഈഴം സപ്പോര്‍ട്ടേഴ്‌സ് ഓര്‍ഗനൈസേഷന്റെ(ടെസ്സോ) നേതൃത്വത്തില്‍ പൊതു പണിമുടക്ക് ഭാഗികം .

Ads By Google

അമേരിക്കയുടെ പ്രമേയത്തെ ഇന്ത്യ പിന്തുണക്കുക, ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച് വിചാരണ നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

ഡി.എം.കെ., ദ്രാവിഡ കഴകം, വിടുതലൈ ചിറുതൈകള്‍ കക്ഷി (വി.സി.കെ.) എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സംഘടനയാണ് ടെസ്സോ.

പണിമുടക്ക് വിജയിപ്പിക്കണമെന്ന് ഡി.എം.കെ. പ്രസിഡന്റ് എം. കരുണാനിധിയും ദ്രാവിഡ കഴകം പ്രസിഡന്റ് കെ. വിരമണി, വിടുതലൈ ചിറുതൈകള്‍ കക്ഷി നേതാവ് തോള്‍ തിരുമാവളവന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും പണിമുടക്കിന് പിന്തുണ നല്‍കില്ലെന്ന് സി.പി.ഐ.എം, സി.പി.ഐ, പി.എം.കെ., ബി.ജെ.പി. തുടങ്ങിയവര്‍ വ്യക്തമാക്കി. ഡി.എം.കെ. സഖ്യകക്ഷിയായ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

പണിമുടക്കിനെതിരെ ശക്തമായ നിലപാടാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടിണ്ട്.

പണിമുടക്കിനോട് അനുബന്ധിച്ച് ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ സര്‍വീസ് തടസ്സപ്പെടുത്തില്ല.  ഭാഗികമായാണ് പണിമുടക്കിനോട് പൊതുജനങ്ങള്‍ പ്രതികരിക്കുന്നത്.

അതേസമയം, കോയമ്പത്തൂര്‍, തിരുപ്പൂര്‍, തിരുച്ചിറപ്പള്ളി, വെല്ലൂര്‍, ചെന്നൈ, പുതുച്ചേരിയിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.

ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. തമിഴര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായ നിലപാടെടുക്കണമെന്ന ആവശ്യവുമായി തമിഴ്‌നാടും രംഗത്തെത്തിയിരുന്നു.

എല്‍.ടി.ടി.ഇ ബന്ധത്തിന്റെ പേരില്‍ ശ്രീലങ്കയിലെ തമിഴര്‍ക്കെതിരെ സൈന്യം നടത്തുന്ന ക്രൂരതകള്‍ക്കെതിരെയുള്ള ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പുറത്ത് വിട്ടത്.

എല്‍.ടി.ടി ഇ നേതാവ് വേലുപ്പള്ളി പ്രഭാകരന്റെ മകന്‍ ബാലചന്ദ്രന്‍ പ്രഭാകരനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതും ശ്രീലങ്കയുടെ മനുഷ്യാവകാശ ധംസ്വനങ്ങള്‍ക്കുള്ള തെളിവായിരുന്നു.

നേരത്തേ, ബാലചന്ദ്രന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നായിരുന്നു ശ്രീലങ്കയുടെ നിലപാട്. എന്നാല്‍ കൊല്ലപ്പെടുന്നതിന് മുമ്പുള്ള ബാലചന്ദ്രന്റെ ചിത്രങ്ങള്‍ ചാനല്‍ 4 പുറത്ത് വിട്ടതോടെ ശ്രീലങ്കയുടെ ഈ വാദവും പൊളിഞ്ഞു.

ബാലചന്ദ്രന്റെ മൃതദേഹത്തിന്റെ ചിത്രം പകര്‍ത്തിയ അതേ ക്യാമറയില്‍ നിന്ന് തന്നെയാണ് ഈ ചിത്രങ്ങളും എടുത്തിരുന്നതെന്നും വ്യക്തമായിരുന്നു. ശ്രീലങ്കന്‍ സേനയുടെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള കൂടുതല്‍ രേഖകള്‍ പുറത്ത് വന്നിരിക്കുന്നത്. ബാലചന്ദ്ര പ്രഭാകരനെ കുറിച്ച് ചാനല്‍ 4 പുറത്തുവിട്ട ഡോക്യുമെന്ററി വിവാദമായതിന് പുറകേയായിരുന്നു ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ വെളിപ്പെടുത്തല്‍.

തമിഴര്‍ക്കെതിരെ ശ്രീലങ്കന്‍ സൈനികര്‍ ലൈംഗിതിക്രമങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്

Advertisement