രജപക്‌സെ കുടുംബമില്ലാതെ പുതിയ മന്ത്രിസഭ; ശ്രീലങ്കയില്‍ പ്രധാനമന്ത്രിയെ ഈയാഴ്ച നിയമിക്കുമെന്ന് പ്രസിഡന്റ്; അധികാരത്തിലിരിക്കുന്നവര്‍ ജനങ്ങളെ കേള്‍ക്കണമെന്ന് മാര്‍പ്പാപ്പ
World News
രജപക്‌സെ കുടുംബമില്ലാതെ പുതിയ മന്ത്രിസഭ; ശ്രീലങ്കയില്‍ പ്രധാനമന്ത്രിയെ ഈയാഴ്ച നിയമിക്കുമെന്ന് പ്രസിഡന്റ്; അധികാരത്തിലിരിക്കുന്നവര്‍ ജനങ്ങളെ കേള്‍ക്കണമെന്ന് മാര്‍പ്പാപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th May 2022, 8:10 am

കൊളംബോ: മഹീന്ദ രജപക്‌സെ രാജി വെച്ച ഒഴിവിലേക്ക് ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയെ ഈയാഴ്ച തന്നെ നിയമിക്കുമെന്ന് പ്രസിഡന്റ് ഗോതബയ രജപക്‌സെ. യുവാക്കളടങ്ങുന്ന പുതിയ കാബിനറ്റ് മന്ത്രിസഭയും ഈയാഴ്ച തന്നെ രൂപീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

ഭരണഘടനാ ഭേദഗതികളും ഇതിനൊപ്പം കൊണ്ടുവരുമെന്നും ഗോതബയ വ്യക്തമാക്കി. പാര്‍ലമെന്റിന് കൂടുതല്‍ അധികാരം ലഭിക്കുന്ന തരത്തില്‍ ഭരണഘടനയുടെ 19ാം ഭേദഗതിയാണ് കൊണ്ടുവരിക.

ബുധനാഴ്ച രാത്രി ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രസിഡന്റ് പുതിയ തീരുമാനങ്ങളെക്കുറിച്ച് പറഞ്ഞത്.

പുതിയ കാബിനറ്റില്‍ രജപക്‌സെ കുടുംബത്തില്‍ നിന്നുള്ള ആരും ഭാഗമാകില്ലെന്നും ഗോതബയ ഉറപ്പ് നല്‍കി.

”രജപക്‌സെ കുടുംബത്തില്‍ നിന്നുള്ള ആരുമില്ലാത്ത യുവാക്കളുടെ ഒരു കാബിനറ്റ് ഞാന്‍ നിയമിക്കും,” ഗോതബയ പറഞ്ഞു.

തിങ്കളാഴ്ചയായിരുന്നു മഹീന്ദ രജപക്‌സെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചത്. ഇതിന് പിന്നാലെ കുരുനേഗല നഗരത്തിലെ മഹീന്ദയുടെ വസതി പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയിരുന്നു.

നിലവില്‍ ട്രിങ്കോമാലിയിലെ നേവല്‍ ബോസിലാണ് മഹീന്ദയും കുടുംബവും അഭയം പ്രാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ, ശ്രീലങ്കന്‍ വിഷയത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രതികരണവും കഴിഞ്ഞ ദിവസം പുറത്തുവന്നു.

എല്ലാവരും സമാധാനപരമായ വഴികള്‍ സ്വീകരിക്കണമെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്നുമാണ് ട്വീറ്റിലൂടെ മാര്‍പ്പാപ്പ പറഞ്ഞത്.

”ശ്രീലങ്കയിലെ ജനങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് യുവാക്കളെക്കുറിച്ച് പ്രത്യേകം ചിന്തിക്കുന്നുണ്ട്. അക്രമത്തിലേക്ക് കടക്കാതെ എല്ലാവരും സമാധാനപരമായ വഴികള്‍ പിന്തുടരണമെന്നാണ് ഞാന്‍ പറയുന്നത്.

മനുഷ്യാവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട് ജനങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന എല്ലാവരും ചെവിക്കൊള്ളണം,” മാര്‍പ്പാപ്പ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

അതേസമയം, ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ അയവില്ലാതെ തുടരുകയാണ്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മഹീന്ദ രജപക്‌സെ രാജി വെച്ചെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഗോതബയ രജപക്‌സെയുടെ രാജിയാണ് സമരക്കാരുടെ പ്രധാന ആവശ്യം.

ശ്രീലങ്കയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ഇതുവരെ കുറഞ്ഞത് ഒമ്പത് പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. 250ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഭരണകക്ഷി എം.പിയായ അമരകീര്‍ത്തി അത്‌കോറള വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അത്‌കോറള സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

തന്റെ കാര്‍ തടഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ എം.പി വെടിയുതിര്‍ത്തിരുന്നു. എം.പിയുടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

തുടര്‍ന്ന് കെട്ടിടത്തിലേക്ക് ഓടിക്കയറിയ എം.പിയെ ജനക്കൂട്ടം വളഞ്ഞതോടെ അദ്ദേഹം സ്വയം ജീവനൊടുക്കയായിരുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.

Content Highlight: Sri Lankan President Gotabaya Rajapaksa says he will appoint new PM and cabinet this week