ഇന്ത്യ നല്‍കുന്ന സഹായം ചാരിറ്റി സംഭാവനയല്ല: ശ്രീലങ്കന്‍ പ്രധാനമന്ത്രി
World News
ഇന്ത്യ നല്‍കുന്ന സഹായം ചാരിറ്റി സംഭാവനയല്ല: ശ്രീലങ്കന്‍ പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd June 2022, 9:12 am

കൊളംബോ: ഇന്ത്യ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഒരു ചാരിറ്റി സംഭാവനയല്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. ബുധനാഴ്ച പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു വിക്രമസിംഗെയുടെ പരാമര്‍ശം.

ഇന്ത്യ നല്‍കുന്ന ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് ചാരിറ്റബിള്‍ ഡൊണേഷന്‍ അല്ല എന്നും, ഈ ലോണുകള്‍ തിരിച്ചടക്കേണ്ടത് സംബന്ധിച്ച് ശ്രീലങ്കക്ക് ഒരു പ്ലാന്‍ ഉണ്ടായിരിക്കണമെന്നും വിക്രമസിംഗെ പറഞ്ഞു.

”ഇന്ത്യന്‍ ക്രെഡിറ്റ് ലൈനിന്റെ കീഴില്‍ നാല് ബില്യണ്‍ യു.എസ് ഡോളറിന്റെ ലോണാണ് നമ്മള്‍ എടുത്തിരിക്കുന്നത്. നമ്മുടെ ഇന്ത്യന്‍ പങ്കാളികളില്‍ നിന്നും കൂടുതല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സിന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പക്ഷെ ഇന്ത്യക്കും ഇതുപോലെ നമ്മളെ തുടര്‍ച്ചയായി സഹായിക്കാന്‍ പറ്റിക്കൊള്ളണമെന്നില്ല. അവര്‍ നല്‍കുന്ന അസിസ്റ്റന്‍സിന് അതിന്റേതായ പരിമിതികളുണ്ട്. ഇന്ത്യ നല്‍കുന്ന സഹായം ചാരിറ്റി സംഭാവനയല്ല

മറ്റൊരു വശം നോക്കുകയാണെങ്കില്‍ ഈ ലോണുകള്‍ തിരിച്ചടക്കേണ്ടത് സംബന്ധിച്ച പ്ലാനും നമുക്കുണ്ടായിരിക്കണം,” റനില്‍ വിക്രമസിംഗെ പറഞ്ഞു.

”നമ്മുടെ സാമ്പത്തികരംഗം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഇന്ന് നമ്മുടെ മുന്നിലുള്ള ഏറ്റവും ഗുരുതരമായ പ്രശ്‌നം ഇതാണ്. ശ്രീലങ്കന്‍ എക്കോണമിയെ പുനരുജ്ജീവിപ്പിച്ചെടുക്കുന്നതിലൂടെ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാനാവൂ.

അത് നടപ്പിലാക്കണമെങ്കില്‍, നമ്മള്‍ നേരിടുന്ന വിദേശനാണ്യ കരുതല്‍ശേഖരത്തിന്റെ പ്രതിസന്ധി ആദ്യം പരിഹരിക്കണം.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായി ചര്‍ച്ചകള്‍ നടത്തുക എന്നത് മാത്രമാണ് ഇന്ന് ശ്രീലങ്കക്ക് മുന്നിലുള്ള സുരക്ഷിതമായ മാര്‍ഗം. ഒരുകണക്കിന് നമുക്ക് മുന്നിലുള്ള ഒരേയൊരു ഓപ്ഷന്‍ ഇതാണ്.

ഐ.എം.എഫുമായി ചര്‍ച്ച നടത്തി അഡീഷണല്‍ ക്രെഡിറ്റ് സൗകര്യം നേടിയെടുക്കുന്നതിനുള്ള കരാറിലേര്‍പ്പെടുക, എന്നതാണ് നമുക്ക് മുന്നിലുള്ള വഴി,” വിക്രമസിംഗെ കൂട്ടിച്ചേര്‍ത്തു.

1948ല്‍ സ്വതന്ത്രമായതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. ഭക്ഷണം, മരുന്നുകള്‍, പാചകവാതകം, ഇന്ധനം എന്നിവക്ക് കടുത്ത ക്ഷാമമാണ് രാജ്യം നേരിടുന്നത്.

ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളാണ് ശ്രീലങ്കയെ ഈ സാഹചര്യത്തില്‍ വലിയ തുക നല്‍കി സഹായിച്ചത്.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങള്‍ കാരണം പ്രധാനമന്ത്രിയായിരുന്ന മഹീന്ദ രജപക്‌സെ രാജി വെച്ചതോടെയാണ് റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.

Content Highlight: Sri Lankan PM Ranil Wickremesinghe says Indian assistance is not ‘charitable donations’