പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയെയല്ല മൂന്നാംലോക രാജ്യങ്ങളെയാണ് മുട്ടുകുത്തിക്കുക: വിക്രമസിംഗെ
World News
പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയെയല്ല മൂന്നാംലോക രാജ്യങ്ങളെയാണ് മുട്ടുകുത്തിക്കുക: വിക്രമസിംഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th July 2022, 2:45 pm

കൊളംബോ: റഷ്യ- ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍- നാറ്റോ അംഗരാജ്യങ്ങളും റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ വിമര്‍ശിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രിയും ആക്ടിങ് പ്രസിഡന്റുമായ റനില്‍ വിക്രമസിംഗെ.

പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയെ ഒരിക്കലും മുട്ടുകുത്തിക്കാന്‍ സഹായിക്കില്ലെന്നും പകരം മൂന്നാംലോക രാജ്യങ്ങളെ മുട്ടുകുത്തിക്കാനേ സഹായിക്കൂ എന്നുമാണ് വിക്രമസിംഗെ പറഞ്ഞത്.

റഷ്യക്ക് മേല്‍ പാശ്ചാത്യര്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഭക്ഷ്യക്ഷാമത്തിന്റെ രൂപത്തിലും വിലക്കയറ്റത്തിന്റെ രൂപത്തിലും മറ്റ് മൂന്നാം ലോകരാജ്യങ്ങളെയാണ് ബാധിക്കുകയെന്നും വിക്രമസിംഗെ പറഞ്ഞു.

”ഈ ഉപരോധങ്ങളെല്ലാം എന്തെങ്കിലും തരത്തില്‍ സഹായകരമാകുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. അത് വിലക്കയറ്റത്തിന് മാത്രമേ ഉപകരിക്കൂ.

അതിനാല്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ നിന്ന് ആരംഭിക്കാം. റഷ്യക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഉപരോധങ്ങള്‍ ആവശ്യമാണോ എന്ന് നമുക്ക് സ്വയം ചോദിക്കാം.

ഉപരോധം ഒരിക്കലും റഷ്യയെ മുട്ടുകുത്തിക്കില്ല, പക്ഷേ അത് മൂന്നാം ലോകത്തെ മറ്റ് രാജ്യങ്ങളെ മുട്ടുകുത്തിക്കും,” വിക്രമസിംഗെ പറഞ്ഞതായി വിവിധ ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശ്രീലങ്ക കടുത്ത ഭക്ഷ്യക്ഷാമവും വിലക്കയറ്റവും നേരിടുകയും രാഷ്ട്രീയപരമായും സാമ്പത്തികപരമായും സാമൂഹികപരമായും രാജ്യം വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സമയത്ത് കൂടിയാണ് വിക്രമസിംഗെയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

പട്ടിണിയും ദാരിദ്ര്യവും തടയുന്നതിനെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍, വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ എല്ലാവരും ഇടപെടണമെന്നും അതുവഴി ലോകമെമ്പാടുമുള്ള ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

”ശ്രീലങ്കയിലെ പ്രശ്‌നം ഭാഗികമായി സ്വയം വരുത്തിവെച്ചതാണ്, ഭാഗികമായി ആഗോള പ്രതിസന്ധി കാരണമുണ്ടായതുമാണ്,” വിക്രമസിംഗെ പറഞ്ഞു.

ഇക്കഴിഞ്ഞ മേയില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. 90 ശതമാനം റഷ്യന്‍ എണ്ണയുടെയും ഇറക്കുമതി നിര്‍ത്തലാക്കാനായിരുന്നു തീരുമാനം.

യൂറോപ്യന്‍ യൂണിയന്‍ റഷ്യക്ക് മേല്‍ ചുമത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഉപരോധ മാര്‍ഗമായിരുന്നു ഇത്. പിന്നാലെ ആഗോള തലത്തില്‍ എണ്ണവില ഉയരുകയും ചെയ്തിരുന്നു.

യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളും അമേരിക്കയടക്കമുള്ള നാറ്റോ അംഗരാജ്യങ്ങളും വിവിധ സാമ്പത്തിക- വ്യാപാര ഉപരോധങ്ങള്‍ റഷ്യക്ക് മേല്‍ ചുമത്തിയിരുന്നു. എന്നാല്‍ ഈ ഉപരോധങ്ങള്‍ റഷ്യയെ ഒരുതരത്തിലും ബാധിച്ചില്ലെന്നും ഉപരോധമേര്‍പ്പെടുത്തിയ മാസങ്ങളില്‍ പോലും റഷ്യയുടെ എണ്ണവരുമാനം കുത്തനെ കൂടിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള റഷ്യയുടെ വരുമാനം കുത്തനെ ഉയര്‍ന്നതായും, കയറ്റുമതി അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും ഫിന്‍ലാന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (Center for Research on Energy and Clean Air) പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ഉക്രൈനില്‍ നടത്തുന്ന യുദ്ധത്തിന് വേണ്ടി ചിലവഴിക്കുന്ന പണത്തിനേക്കാള്‍ റെക്കോര്‍ഡ് വരുമാനം എണ്ണ കയറ്റുമതിയിലൂടെ റഷ്യ നേടുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഇന്ത്യയും യു.എ.ഇയുമടക്കമുള്ള രാജ്യങ്ങള്‍ റഷ്യയുമായുണ്ടായിരുന്ന എണ്ണ വ്യാപാരം നിലനിര്‍ത്തിയതും ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതുമാണ് റഷ്യക്ക് ഉപകാരപ്രദമായി മാറുന്നത്.

Content Highlight: Sri Lankan PM and acting president Ranil Wickremesinghe says western sanctions on Russia will only bring third world to its knees, not Russia