ത്രില്ലിങ് മൊമന്റില്‍ ഹാട്രിക്ക്; സിംബാബ്‌വേയുടെ വിജയം തട്ടിപ്പറിച്ച് ലങ്ക!
Sports News
ത്രില്ലിങ് മൊമന്റില്‍ ഹാട്രിക്ക്; സിംബാബ്‌വേയുടെ വിജയം തട്ടിപ്പറിച്ച് ലങ്ക!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th August 2025, 10:00 pm

സിംബാബ്‌വേയ്‌ക്കെതിരെയുള്ള ഏകദിന മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ശ്രീലങ്ക. ഹരാര സ്‌പോര്‍ട് സിറ്റിയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സായിരുന്നു നേടിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വേക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ലാസ്റ്റ് ഓവര്‍ ത്രില്ലര്‍ മത്സരത്തിന്റെ ഒടുക്കം ഏഴ് റണ്‍സിനാണ് ശ്രീലങ്ക വിജയിച്ചു കയറിയത്.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ബാറ്റ് ചെയ്ത സിംബാബ്‌വേക്ക് അവസാന ഓവറില്‍ വെറും 10 റണ്‍സായിരുന്നു വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ബൗളിങ്ങിന് എത്തിയ ദില്‍ഷന്‍ മധുശങ്ക തന്റെ ആദ്യ മൂന്നു പന്തില്‍ നിന്നും വിക്കറ്റ് നേടി വമ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മികച്ച ഫോമില്‍ ബാറ്റ് ചെയ്ത സിക്കന്ദര്‍ റാസ, ബ്രാഡ് ഇവാന്‍സ്, റിച്ചാര്‍ഡ് എന്‍ഗരാവ എന്നിവരെയാണ് താരം നിര്‍ണായകഘട്ടത്തില്‍ പുറത്താക്കി ഹാട്രിക്കും വിജയം നേടിയെടുത്തത്.

സിംബാബ്‌വേക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് റാസ തന്നെയാണ്. 87 പന്തില്‍ നിന്ന് 92 റണ്‍സാണ് താരം അടിച്ചെടുത്തത്. മാത്രമല്ല ഓപ്പണര്‍ ബെന്‍ കറന്‍ 90 പന്തില്‍ 70 റണ്‍സും ക്യാപ്റ്റന്‍ സീന്‍ വില്യംസ് 54 പന്തില്‍ 57 റണ്‍സും നേടി മികവുലര്‍ത്തി.
കൂടാതെ അവസാന ഘട്ടത്തില്‍ ടോണി മുന്‍യോങ്ങ 52 പന്തില്‍ 43 റണ്‍സ് നേടി. ടീമിനെ വിജയത്തിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിക്കറ്റ് വീണതോടെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ മറ്റാര്‍ക്കും സാധിച്ചില്ല.

ലങ്കക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ബൗളര്‍ ദില്‍ഷന്‍ മധുശങ്ക തന്നെയാണ്. 10 ഓവറില്‍ നാലു വിക്കറ്റ് ആണ് താരം നേടിയത്. അസിത ഫര്‍ണാണ്ടോ മൂന്ന് വിക്കറ്റ് നേടി. ശേഷിച്ച വിക്കറ്റ് നേടിയത് കാമിന്ദു മെന്‍ഡിസാണ്.

ലങ്കക്കുവേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ പാത്തും നിസങ്കയും ജനിത് ലിയാനങ്കയുമാണ്. നിസങ്ക 12 ഫോര്‍ ഉള്‍പ്പെടെ 92 പന്തില്‍ 76 റണ്‍സും ജനിത് 47 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 70 റണ്‍സും നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഏഴാമനായി ഇറങ്ങിയ കാമിന്ദു മെന്‍ഡിസ് 36 പന്തില്‍ 57 റണ്‍സ് നേടി മികവുപുലര്‍ത്തി. കുശാല്‍ മെണ്ടിസ് 63 പന്തില്‍ 38 റണ്‍സും സധീര സമരവിക്രമ 35 റണ്‍സും നേടി.

സിംബാബ്‌വേക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് റിച്ചാര്‍ഡ് എന്‍ഗരാവയാണ്. രണ്ട് മെയ്ഡന്‍ ഓവര്‍ ഉള്‍പ്പെടെ 34 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ബ്ലെസ്സിങ് മസാരബാനി, ട്രവര്‍ ഗ്വാണ്ടു, സിക്കന്ദര്‍ റാസ, സീന്‍ വില്യംസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും ടീമിനുവേണ്ടി നേടി.

Content Highlight: Sri Lanka Won Against Zimbabwe In ODI