കടുത്ത സാമ്പത്തിക പ്രതിസന്ധി; വായ്പകള്‍ എഴുതിത്തള്ളാന്‍ ചൈനയോടും ഇന്ത്യയോടും സഹായമഭ്യര്‍ത്ഥിച്ച് ശ്രീലങ്ക
World News
കടുത്ത സാമ്പത്തിക പ്രതിസന്ധി; വായ്പകള്‍ എഴുതിത്തള്ളാന്‍ ചൈനയോടും ഇന്ത്യയോടും സഹായമഭ്യര്‍ത്ഥിച്ച് ശ്രീലങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th January 2023, 1:36 pm

കൊളബോ: വായ്പകള്‍ എത്രയും വേഗം എഴുതിത്തള്ളാന്‍ ചൈനയും ഇന്ത്യയും സഹായിക്കണമെന്ന ആവശ്യവുമായി ശ്രീലങ്ക സെന്‍ട്രല്‍ ബാങ്ക്.

നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഒരു വായ്പാ പാക്കേജിനായി അന്താരാഷ്ട്ര നാണയനിധിയില്‍ (IMF) നിന്ന് അനുമതി തേടിയിരിക്കുകയാണ് ശ്രീലങ്ക.

എന്നാല്‍, ശ്രീലങ്കയുടെ കോടിക്കണക്കിന് ഡോളര്‍ വായ്പ എഴുതിത്തള്ളാന്‍ ചൈനയും ഇന്ത്യയും സമ്മതിക്കുന്നതുവരെ അന്താരാഷ്ട്ര നാണയ നിധി (IMF) പണം നല്‍കില്ല. ഇതോടെയാണ് ഇത്തരമൊരു ആവശ്യവുമായി ശ്രീലങ്ക എത്തിയത്.

‘അവര്‍ എത്രയും വേഗം ഞങ്ങള്‍ക്ക് സാമ്പത്തിക ഉറപ്പ് നല്‍കിയാല്‍ അതി ഇരു കൂട്ടര്‍ക്കും മെച്ചമാകും. ഈ സഹായം അവര്‍ക്കുള്ള തിരിച്ചടവിനും ഞങ്ങളെ സഹായിക്കും,’ ശ്രീലങ്ക സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പി. നന്ദലാല്‍ ബി.ബി.സിയോട് പറഞ്ഞു.

ബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയാത്ത ഇത്തരമൊരു അവസ്ഥയില്‍ തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും, ബാധ്യതകള്‍ നിറവേറ്റാതിരിക്കുന്നത് രാജ്യത്തിനും ശ്രീലങ്കയിലെ നിക്ഷേപകരുടെ വിശ്വാസത്തിനും കോട്ടം വരുത്തുമെന്നും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

ഉഭയകക്ഷി വായ്പക്കാരില്‍ നിന്നുള്ള കരാര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍, ഐ.എം.എഫ് ഫണ്ട് നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ ശ്രീലങ്കയ്ക്ക് വിതരണം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.

ചൈന ശ്രീലങ്കയ്ക്ക് നല്‍കിയ വായ്പ ഏകദേശം ഏഴ് ബില്യണ്‍ ഡോളറാണ്. ഇന്ത്യ നല്‍കിയത് ഒരു ബില്ല്യണ്‍ ഡോളറും. എന്നാല്‍ ഈ വായ്പ തിരിച്ചടക്കുന്നതില്‍ ശ്രീലങ്ക നിരന്തരമായ വീഴ്ചകളാണ് വരുത്തിയത്.

2022 അവസാനത്തോടെ ചൈനയുമായും ഇന്ത്യയുമായും ഒരു പുതിയ പേയ്മെന്റ് പ്ലാന്‍ തുടങ്ങാമെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു.

അതിനിടെ, ശ്രീലങ്കന്‍ ട്രഷറിയില്‍ പണമില്ലന്ന് രാജ്യത്തിന്റെ കാബിനറ്റ് വക്താവ് ബന്ദുല ഗുണവര്‍ധന ചൊവ്വാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

1948ലെ സ്വാന്ത്ര്യലബ്ദിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. 50 ശതമാനം പണപ്പെരുപ്പവും, അവശ്യ വസ്തുക്കള്‍ പോലും ലഭ്യമല്ലാത്തതും, സാധാരണക്കാരന്റെ കഷ്ടപ്പാടുകളും മാത്രമാണ് മാസങ്ങളായി ശ്രീലങ്കയില്‍ നിന്നുള്ള വാര്‍ത്തകള്‍.

12 മണിക്കൂര്‍ വരെ നീളുന്ന പവര്‍ കട്ട്, ആശുപത്രികളില്‍ അവശ്യസാധനങ്ങളുടെ ക്ഷാമം, സ്‌കൂള്‍ പരീക്ഷകള്‍ നടത്താനുള്ള പേപ്പറിന്റെ അഭാവം, പെട്രോള്‍ പമ്പുകളില്‍ ഇന്ധനം ഇല്ലായ്മ തുടങ്ങിയ പ്രതിസന്ധികളാണ് ശ്രീലങ്കയില്‍ നിലവിലുള്ളത്.

വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോര്‍ട്ട് പ്രകാരം എട്ട് ദശലക്ഷം ശ്രീലങ്കക്കാര്‍, അതായത് ജനസംഖ്യയുടെ മൂന്നിലൊന്നിലധികം ജനങ്ങള്‍ ഭക്ഷ്യ ക്ഷാമം നേരിടുന്നവരാണെന്നാണ്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ പട്ടിണി പെരുകുകയാണ്.

2022ല്‍ ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥ 9.2% ചുരുങ്ങിയിരുന്നു. ഈ വര്‍ഷം അത് 4.2 ശതമാനം കൂടി ചുരുങ്ങുമെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്.

Content Highlight: Sri Lanka’s central bank urges China and India to reduce its debts