ത്രിരാഷ്ട്ര പരമ്പരയില്‍ അഫ്ഗാനിസ്ഥാന്‍ എയെ പരാജയപ്പെടുത്തി ശ്രീലങ്ക എ ഫൈനലില്‍. ദാംബുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 103 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ശ്രീലങ്ക എ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 219 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ ജൂണ്‍ 22ന് നടക്കുന്ന ഫൈനലില്‍ ലങ്ക ഇന്ത്യയെ നേരിടും.
സൂപ്പര്‍ ബൗളര്‍ ദുലജ് സമുദിതയുടെ മിന്നും പ്രകടനത്തിന്റെ മികവിലാണ് ലങ്ക ഫൈനലിലേക്ക് ചേക്കേറിയത്. 6.5 ഓവറില്‍ 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. താരത്തിന് പുറമെ കുഗദാസ് മതുലന്‍ മൂന്ന് വിക്കറ്റ് നേടി മികവ് പുലര്‍ത്തി. രവിന്തു ഫര്‍ണാണ്ടോ, വിജയകാന്ത് വിയസ്‌കാന്ത് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അഫ്ഗാന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഓപ്പണറായ ഹസന്‍ ഇസഖിലാണ്. 78 പന്തില്‍ 74 റണ്‍സാണ് താരം നേടിയത്. ഫര്‍മാനുള്ള 43 റണ്‍സ് നേടി രണ്ടാം ടോപ് സ്‌കോററായി. ബാഹിര്‍ ഷാ 35 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.
അതേസമയം ലങ്കയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയാണ്. 97 പന്തില്‍ 110 റണ്‍സാണ് താരം നേടിയത്. താരത്തിന് പുറമെ ഓപ്പണര്‍ നിറോഷന്‍ ഡിക്‌വെല്ല 66 റണ്‍സും നുവാനിന്തു ഫെര്‍ണാഡോ 45 റണ്‍സും നേടി മികവ് പുലര്‍ത്തി.
അഫ്ഗാന് വേണ്ടി ഫരീദൂണ്‍ ദാവൂദ്‌സായി നാല് വിക്കറ്റ് നേടി മിന്നും പ്രകടനം നടത്തിയിരുന്നു. ഫര്‍മാനുള്ള മൂന്ന് വിക്കറ്റും നേടിയപ്പോള്‍ മുഹമ്മദ് ഇബ്രാഹിം ഒരു വിക്കറ്റും നേടി.
അതേസമയം ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ ഇന്ത്യയും ലങ്കയും തമ്മില്‍ വമ്പന്‍ പോരാട്ടം തന്നെയാകും നടക്കുക. തുല്യ ശക്തികളായ ഇന്ത്യയും ശ്രീലങ്കയും പരമ്പരയില്‍ ജേതാക്കളാകുക എന്ന ഒറ്റ ലക്ഷ്യവുമായാണ് കളത്തിലിറങ്ങുന്നത്. അവസാന അങ്കത്തിനായി വൈഭവ് സൂര്യവംശിയടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ വമ്പന്‍ തയ്യാറെടുപ്പിലാണ്.
Content Highlight: Sri Lanka A to face India A in tri-series final