കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കയ്യില്‍ ഉമ്മവെക്കാന്‍ നോക്കി, ശരിക്കും ഞാന്‍ തകര്‍ന്നുപോയി: ശ്രീവിദ്യ മുല്ലശേരി
Entertainment news
കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കയ്യില്‍ ഉമ്മവെക്കാന്‍ നോക്കി, ശരിക്കും ഞാന്‍ തകര്‍ന്നുപോയി: ശ്രീവിദ്യ മുല്ലശേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th January 2023, 8:33 am

കുടുംബ പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരിയായ താരമാണ്  ശ്രീവിദ്യ മുല്ലശേരി. ടെലിവിഷന്‍ പരിപാടികളിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഒരിക്കല്‍ ട്രെയിന്‍ യാത്രയില്‍ വെച്ച് തനിക്കുണ്ടായ മോശമായ അനുഭവം പങ്കുവെക്കുകയാണ് താരമിപ്പോള്‍.

യാത്രക്കിടയില്‍ ഒരാള്‍ തന്റെ കയ്യില്‍ കയറി പിടിച്ചെന്നും ഉമ്മ വെക്കാന്‍ ശ്രമിച്ചെന്നും ശ്രീവിദ്യ പറഞ്ഞു. കണ്ടാല്‍ ഇരുപത് വയസ് മാത്രം തോന്നിക്കുന്ന ഒരു പയ്യനായിരുന്നു അതെന്നും തന്നെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും അയാള്‍ പറഞ്ഞെന്നും താരം പറഞ്ഞു. സൈന പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീവിദ്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഒരു ദിവസം ഞാന്‍ കൊച്ചിയിലേക്ക് വരികയായിരുന്നു. അന്ന് ഞാന്‍ മുടി മുറിച്ച സമയമായിരുന്നു. ആ സമയത്ത് ഏട്ടന്‍ ഗിത്താറൊക്കെ വാങ്ങിയിരുന്നു. അതും പിടിച്ചാണ് ഞാന്‍ കൊച്ചിയിലേക്ക് പോയത്. ഗിത്താറൊക്കെ പിടിച്ച് പോകുന്നവരെ നമ്മള്‍ ശ്രദ്ധിക്കുമല്ലോ. അതുകൊണ്ട് തന്നെ വെറും ഷോ കാണിക്കാന്‍ വേണ്ടി ഞാനത് അടിച്ചുമാറ്റിയതാണ്. രണ്ട് മാസത്തിനുള്ളില്‍ തിരിച്ച് വെക്കണമെന്നാണ് എന്നോട് പറഞ്ഞത്. ഞാനാണെങ്കില്‍ തൊപ്പിയൊക്ക വെച്ച് മസ്‌കുമിട്ടാണ് ട്രെയിനില്‍ കയറിയത്. അന്ന് സീറ്റൊക്കെ ഫുള്ളായിരുന്നു.

എന്റെ കണ്ണ് മാത്രമെ കാണത്തൊള്ളായിരുന്നു. ഗിത്താറൊക്കെ അടച്ചുവെച്ച് ഞാന്‍ അവിടെയിരിക്കുകയാണ്. ഞാന്‍ എന്തോ വലിയ മ്യുസിഷ്യനാണെന്ന് കരുതി എല്ലാവരും എന്നെ നോക്കുന്നുണ്ടായിരുന്നു. ചുമ്മാ ഹെഡ് സെറ്റൊക്കെ വെച്ച് ഞാന്‍ ഷോ ഓഫ് കാണിക്കുകയും ചെയ്യുന്നുണ്ട്. ശരിക്കും ഞാനാണെന്ന് ആര്‍ക്കും മനസിലായിട്ടുമില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ മുന്നില്‍ ഒരു പയ്യന്‍സ് വന്നിരുന്നു. അവനാണെങ്കില്‍ എന്നെ തുറിച്ച് നോക്കി കൊണ്ടിരിക്കുകയാണ്.

അപ്പോള്‍ തന്നെ ഞാന്‍ മാസ്‌ക് കുറച്ചുകൂടി പൊക്കി വെച്ചു. അപ്പോള്‍ എന്റെ കണ്ണ് മാത്രമാണ് പുറത്തുള്ളത്. എനിക്കാണെങ്കില്‍ പേടിയായി. എന്റെ അപ്പോഴത്തെ അവസ്ഥ മനസിലാക്കി നിന്റെ സീറ്റെവിടെയാണെന്ന് അടുത്തിരുന്ന ചേട്ടന്‍ ചോദിച്ചു. ആ ചേട്ടന് മറുപടി കൊടുക്കാതെ ശ്രീവിദ്യ അല്ലേയെന്ന് അവന്‍ എന്നോട് ചോദിച്ചു. കണ്ണ് മാത്രം കണ്ടിട്ട് എന്നെ മനസിലായല്ലോ എന്നാണ് പെട്ടെന്ന് ഞാന്‍ ചിന്തിച്ചത്. എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്, മാസ്‌കൊന്ന് മാറ്റുമോ എന്നും പുള്ളി ചോദിച്ചു.

എന്നെ ഇഷ്ടപ്പെടുന്ന ഒരാളല്ലേ അതുകൊണ്ട് ഞാന്‍ മാസ്‌ക് മാറ്റി അയാളെ ചിരിച്ച് കാണിച്ചു. അത് കഴിഞ്ഞ് അവന്‍ പിന്നെയും പറഞ്ഞു ശ്രീവിദ്യയെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് . ഞാന്‍ നന്ദിയും പറഞ്ഞു. അവനെ കണ്ടാല്‍ ഒരു ഇരുപത് വയസേ പറയൂ. ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ സമ്മതിക്കുകയും ചെയ്തു. ഇതിനിടയില്‍ എന്നെ കല്യാണം കഴിക്കാന്‍ ഇഷ്ടമാണെന്ന് പറഞ്ഞ് ആ പയ്യന്‍ എന്റെ കയ്യില്‍ കയറി പിടിച്ചു.

അവന്‍ എന്റെ കയ്യില്‍ ഉമ്മ വെക്കാനും നോക്കി അപ്പോള്‍ ഞാന്‍ പിടിച്ച് തള്ളി. കൂടെയിരുന്ന ചേട്ടന്‍ പിടിക്കവനെ എന്നും പറഞ്ഞ് ബഹളം വെച്ചു. ശരിക്കും ഞാന്‍ സ്റ്റക്കായി പോയി. കൂടെ യാത്ര ചെയ്തവരാണ് എന്നെ സമാധാനിപ്പിച്ചത്,’ ശ്രീവിദ്യ പറഞ്ഞു.

content highlight: sreevidhya shares bad experience in train