ഏഷ്യാ കപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാതെ അവരെ മുന്നേറാന്‍ അനുവദിച്ചേക്കുക: മുന്‍ സൂപ്പര്‍ താരം
Sports News
ഏഷ്യാ കപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാതെ അവരെ മുന്നേറാന്‍ അനുവദിച്ചേക്കുക: മുന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 29th July 2025, 9:41 am

 

2025 ഏഷ്യാ കപ്പിന്റെ പ്രാഥമിക ഫിക്‌സ്ചര്‍ നേരത്തെ പുറത്തുവന്നിരുന്നു. എപ്പോഴുമെന്നതുപോലെ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ തന്നെയാണ് ഇത്തവണയും ഇടം പിടിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 14നാണ് ഇരുവരും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റമുട്ടുക. കൂടാതെ ഫൈനലടക്കം മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാനുള്ള സാധ്യതകളുമുണ്ട്.

എന്നാല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുത് എന്നാണ് മുന്‍ താരവും U19 ലോകകപ്പ് ജേതാവുമായ ശ്രീവത്സ് ഗോസ്വാമി അഭിപ്രായപ്പെടുന്നത്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ – നയതന്ത്ര ബന്ധങ്ങള്‍ വഷളായതോടെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുതെന്ന് ഗോസ്വാമി ആവശ്യപ്പെടുന്നത്.

ശ്രീവത്സ് ഗോസ്വാമി

 

‘ഇന്ത്യ പാകിസ്ഥാനെതിരായ മത്സരം ഉപേക്ഷിക്കണമെന്നും അവരെ യോഗ്യത നേടാന്‍ അനുവദിക്കണമെന്നുമാണ് ഈ വിഷയത്തില്‍ എന്റെ നിലപാട്. നമുക്ക് ഏഷ്യാ കപ്പ് വിജയിക്കണമെന്നില്ല. മറ്റ് രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുക എന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ് ഇന്ത്യ ഈ ടൂര്‍ണമെന്റ് കളിക്കുന്നത്. ഇതല്ലാതെ മറ്റൊരു കാരണവും ഞാന്‍ കാണുന്നില്ല.

തീര്‍ച്ചയായും ഇതാണ് നടക്കേണ്ടത്, ഇതുതന്നെയാണ് സംഭവിക്കേണ്ടത്. അഥവാ ഇനി ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ ഇത് തീര്‍ച്ചയായും രാജ്യത്തെ ഓരോരുത്തരെയും ചൊടിപ്പിക്കുമെന്നുറപ്പാണ്,’ ഗോസ്വാമി എക്‌സില്‍ കുറിച്ചു.

സെപ്റ്റംബര്‍ പത്തിനാണ് ഏഷ്യാ കപ്പിന്റെ 2025 എഡിഷന് തുടക്കമാകുന്നത്. ടൂര്‍ണമെന്റിന്റെ ആതിഥേയരായ യു.എ.ഇ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇന്ത്യയെയാണ് ഓപ്പണിങ് മാച്ചില്‍ നേരിടുന്നത്.

രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ കിരീടം തേടിയിറങ്ങും. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനത്തുള്ളവരായിരിക്കും സൂപ്പര്‍ ഫോറിന് യോഗ്യത നേടുക. സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ശേഷം കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ ഫൈനല്‍ കളിക്കും.

ഏഷ്യാ കപ്പ് 2025

ഗ്രൂപ്പ് എ

ഇന്ത്യ

ഒമാന്‍

പാകിസ്ഥാന്‍

യു.എ.ഇ

ഗ്രൂപ്പ് ബി

അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശ്

ഹോങ് കോങ്

ശ്രീലങ്ക

അതേസമയം, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് മത്സരത്തിലും ഇന്ത്യ ചാമ്പ്യന്‍സ് – പാകിസ്ഥാന്‍ ചാമ്പ്യന്‍സ് മത്സരം ഉപേക്ഷിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാനെതിരെ കളത്തിലിറങ്ങാന്‍ വിസമ്മതിച്ചതോടെയാണ് മത്സരം റദ്ദാക്കേണ്ടി വന്നത്.

 

Content Highlight: Sreevats Goswami says India should forfeit Asia Cup 2025 match against Pakistan