ഗംഭീറിനെ മാറ്റണം, സഞ്ജുവും സൂര്യയുമൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടില്ലായിരുന്നു: ശ്രീശാന്ത്
Cricket
ഗംഭീറിനെ മാറ്റണം, സഞ്ജുവും സൂര്യയുമൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടില്ലായിരുന്നു: ശ്രീശാന്ത്
ശ്രീരാഗ് പാറക്കല്‍
Friday, 19th June 2026, 8:38 pm

ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്റെ സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീറിനെ മാറ്റണമെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ പേസറും മലയാളിയുമായ എസ്. ശ്രീശാന്ത്. ഇന്ത്യ ടി-20 ലോകകപ്പ് നേടിയപ്പോള്‍ എല്ലാ പ്രശംസയും ഗംഭീറിനാണ് ലഭിച്ചതെന്നും സഞ്ജു സാംസണ്‍ ഇല്ലായിരുന്നെങ്കിലോ സൂര്യയുടെ ക്യാപ്റ്റന്‍സി ഇല്ലായിരുന്നെങ്കിലോ ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ സാധിക്കില്ലായിരുന്നു എന്ന് ശ്രീശാന്ത് എടുത്തുപറഞ്ഞു.

‘പരിശീലകനെ മാറ്റണം. ഇന്ത്യയ്ക്ക് ഒരു മെന്ററെയാണ് ആവശ്യം. ഇന്ത്യ ടി-20 ലോകകപ്പ് നേടിയപ്പോള്‍ എല്ലാ പ്രശംസയും ഗംഭീറിനാണ് ലഭിച്ചത്. എന്നാല്‍ സഞ്ജു സാംസണ്‍ ഉണ്ടായിരുന്നില്ലെങ്കില്‍, ക്യാപ്റ്റനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ലെങ്കില്‍, ബൗളിങ് മാറ്റങ്ങള്‍ ഫലപ്രദമായിരുന്നില്ലെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നില്ല.

ഗൗതം ഗംഭീറും സഞ്ജു സാംസണും

മൈതാനത്ത് എടുക്കുന്ന എല്ലാ തീരുമാനങ്ങളും കോച്ചിങ് സ്റ്റാഫാണോ എടുത്തിരുന്നത്? ആശിഷ് നെഹ്‌റയെ പോലൊരു കോച്ചാണെങ്കില്‍ അത് ശരിയാണ്, കാരണം അദ്ദേഹം മത്സരത്തിലുടനീളം സജീവമായി ഇടപെടുന്ന വ്യക്തിയാണ്,’ ശ്രീശാന്ത് പറഞ്ഞതായി ക്രിക്ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയാണ് ഇന്ത്യ 2026 ടി-20 ലോകകപ്പ് സ്വന്തമാക്കിയത്. ഗുജറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെ മലര്‍ത്തിയടിച്ചാണ് സൂര്യയും കൂട്ടരും കിരീടത്തില്‍ മുത്തമിട്ടത്.

സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ നടത്തിയത്. 46 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്.

ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയിരുന്നു.

മാത്രമല്ല സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ മൂന്നാം ടി-20 ലോകകപ്പാണ് ഇന്ത്യ തങ്ങളുടെ ഷെല്‍ഫിലെത്തിച്ചത്. മാത്രമല്ല ബാക് ടു ബാക് കിരീടം നേടുന്ന ആദ്യ ടീമാകാനും സ്വന്തം മണ്ണില്‍ കിരീടം നേടുന്ന ആദ്യ ആദ്യ ടീമാകാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

Content Highlight: Sreesanth Criticize Indian Coach Gautam Gambhir

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ