വിനീതിൻ്റെ പഠനം ഉഴപ്പരുതെന്ന് കരുതിയാണ് താമസം മാറ്റിയത്: ശ്രീനിവാസൻ
Malayalam Cinema
വിനീതിൻ്റെ പഠനം ഉഴപ്പരുതെന്ന് കരുതിയാണ് താമസം മാറ്റിയത്: ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th July 2025, 9:34 am

മലയാള സിനിമയിലെ കുലപതിയാണ് ശ്രീനിവാസൻ. എല്ലാ മേഖലയിലും അദ്ദേഹം കൈ വെച്ചിട്ടുണ്ട്. മക്കളായ വിനീതും ധ്യാനും ഇപ്പോൾ സിനിമയിൽ സജീവമാണ്. ഇപ്പോൾ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീനിവാസൻ.

തൻ്റെ മക്കൾ പഠിച്ച് ജോലി വാങ്ങണം എന്നായിരുന്നു ആഗ്രഹമെന്നും പഠിക്കുമ്പോൾ വിനീതിന് സ്കൂൾ യുവജനോത്സവത്തിൽ സമ്മാനം കിട്ടിയപ്പോൾ സ്വീകരണങ്ങൾ കിട്ടിയെന്നും ശ്രീനിവാസൻ പറയുന്നു. എല്ലാ പരിപാടികൾക്കും വിനീത് പോകാൻ തുടങ്ങിയെന്നും പഠനത്തിൽ ഉഴപ്പണ്ട എന്നുകരുതിയാണ് ചെന്നൈയിലേക്ക് സ്കൂൾ മാറ്റിയതെന്നും ശ്രീനിവാസൻ പറയുന്നു.

ഒരിക്കൽ താൻ കാണാൻ പോയപ്പോൾ വിനീത് ക്ഷീണിതനായി കണ്ടെന്നും അവനെ താൻ ഉപദേശിച്ചെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു. അതിന് ശേഷമാണ് താൻ ചെന്നൈയിലേക്ക് താമസം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

‘മക്കൾ പഠിച്ച് ജോലി വാങ്ങണം എന്നായിരുന്നു എന്റെ ആഗ്രഹം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ വിനീതിന് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മാപ്പിളപ്പാട്ടിന് ഒന്നാം സമ്മാനം കിട്ടി. അതോടെ നാട്ടിലെങ്ങും വലിയ സ്വീകരണങ്ങൾ കിട്ടി. കണ്ണൂർ ജില്ലയിൽ എവിടെ പരിപാടിയുണ്ടെങ്കിലും വിനീതുമുണ്ട് എന്നൊരു അവസ്ഥയുണ്ടായി. പഠനം ഉഴപ്പുമെന്ന് വിമല മുന്നറിയിപ്പ് തന്നു. അങ്ങനെയാണ് പ്ലസ് വണ്ണിന് വിനീതിനെ ചെന്നൈയിലേക്ക് മാറ്റുന്നത്.

ഒരിക്കൽ ഞാൻ അവനെക്കാണാൻ അവന്റെ സ്‌കൂളിൽ പോയി. അവിടെ ഹോസ്‌റ്റലിൽ ഭക്ഷണമൊന്നും വേണ്ടത് പോലെ കിട്ടാതെ അവൻ അവശനായിരുന്നു. ഞാൻ അവനോട് പറഞ്ഞു ‘മോനേ… ജീവിതം എന്നു പറയുന്നത് ഒരു യുദ്ധമാണ്. നമ്മൾ അതു നേരിടണം. തോറ്റ് പിൻമാറാൻ പാടില്ല’ എന്ന്. ‘യുദ്ധം കണ്ടുനിൽക്കുന്നവർക്ക് അങ്ങനെയൊക്കെ പറയാം’ എന്നായിരുന്നു അവൻ്റെ മറുപടി. അതിന് ശേഷം പിന്നീട് ഞാനൊന്നും പറഞ്ഞിട്ടില്ല. ഞങ്ങൾ ചെന്നൈയിലേക്ക് താമസം മാറി,’ ശ്രീനിവാസൻ പറയുന്നു

Content Highlight: Sreenivasan Talking about Vineeth Sreenivasan