എന്നെ തെറ്റിദ്ധരിക്കല്ലേ, പൈസ ഒരു വിഷയമല്ല, ആര് വിളിച്ചാലും പോയി പടം ചെയ്യും: ശ്രീനാഥ് ഭാസി
Malayalam Cinema
എന്നെ തെറ്റിദ്ധരിക്കല്ലേ, പൈസ ഒരു വിഷയമല്ല, ആര് വിളിച്ചാലും പോയി പടം ചെയ്യും: ശ്രീനാഥ് ഭാസി
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 7th July 2026, 6:00 pm

വീഡിയോ ജോക്കിയായി കരിയര്‍ ആരംഭിക്കുകയും 2011ല്‍ പുറത്തിറങ്ങിയ പ്രണയം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്ത അഭിനേതാവാണ് ശ്രീനാഥ് ഭാസി. ടാ തടിയാ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഹണീ ബീ, നോര്‍ത്ത് 24 കാതം, പറവ, കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക മനസില്‍ സ്ഥാനം കണ്ടെത്തുകയായിരുന്നു.

കറക്കം. Photo: District

ഇന്ന് മലയാളത്തിലെ യുവനായക നടന്മാരില്‍ ഒരാള്‍ കൂടിയാണ് താരം. ശ്രീനാഥ് ഭാസി നായകനായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു കറക്കം. സുഭാഷ ലളിത സുബ്രഹ്‌മണ്യം സംവിധാനം ചെയ്ത മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ചിത്രം കഴിഞ്ഞ ദിവസം സോണി ലിവില്‍ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് ഒറിജനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് സിനിമയോടുള്ള താത്പര്യത്തെ കുറിച്ചും സിനിമ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചും ശ്രീനാഥ് ഭാസി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പൈസ കിട്ടിയാല്‍ നെഗറ്റീവായാലും പോസിറ്റീവായാലും ചിത്രങ്ങള്‍ ചെയ്യും എന്ന തന്റെ പഴയ പ്രസ്താവനയെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് എന്നെ തെറ്റിദ്ധരിക്കരുത്. ഇപ്പോഴും സുഹൃത്തുക്കള്‍ ഒരു സിനിമ ചെയ്യാന്‍ വിളിച്ചാല്‍ ഞാന്‍ പോകും. അവിടെ എനിക്ക് പണം ഒരു വിഷയമല്ല. പൈസയുടെ കാര്യം ഞാന്‍ ഒരു ഫിഗര്‍ ഓഫ് സ്പീച്ച് പോലെ പറയുന്നതാണ്. അത്രയും എഫേര്‍ട്ട് ഇട്ട്, ഒരുപാട് സ്‌ട്രെയ്ന്‍ എടുത്ത് നമുക്ക് ഒരു സാധനം ചെയ്യാം. പക്ഷേ അതെല്ലാം ചെയ്യണമെങ്കില്‍ പണം വേണം. ഇല്ലെങ്കില്‍ അതൊരു വേസ്റ്റഡ് എനര്‍ജിയാണ്. നിങ്ങളുടെ ജോലി നിങ്ങള്‍ കൃത്യമായി ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കും.

ശ്രീനാഥ് ഭാസി. Photo: The Indian Express

ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് കേരളത്തിലെ ഇന്‍ഡസ്ട്രിയില്‍ നിന്ന് എനിക്ക് നല്ല രീതീയിലുള്ള പ്രതിഫലം ലഭിക്കുന്നുണ്ട്. ആ കാര്യത്തില്‍ ഒന്നും എനിക്ക് പരാതി പറയാന്‍ സാധിക്കില്ല. അത്തരത്തിലൊരു തീരുമാനം എടുത്താല്‍ അടുത്ത് സിനിമ വരുമ്പോള്‍ തന്നെ അതില്‍ മാറ്റം വരുത്തേണ്ടി വരും. അത് സിനിമാ ഇന്‍ഡസ്ട്രിയുടെ പ്രത്യേകതയാണ്,’ ശ്രീനാഥ് ഭാസി പറഞ്ഞു.

Content Highlight: Sreenath Bhasi talks about his remuneration

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.