എന്നെവെച്ച് ആരും ആലോചിക്കാനിടയില്ലാത്തതാണ് എം.സി 'മീശ'യിലൂടെ ചെയ്യിച്ചത്: ശ്രീകാന്ത് മുരളി
Malayalam Cinema
എന്നെവെച്ച് ആരും ആലോചിക്കാനിടയില്ലാത്തതാണ് എം.സി 'മീശ'യിലൂടെ ചെയ്യിച്ചത്: ശ്രീകാന്ത് മുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th August 2025, 8:56 am

മലയാളികള്‍ക്ക് സുപരിചിതനായ നടനും സംവിധായകനുമാണ് ശ്രീകാന്ത് മുരളി. ഹോം, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകളിലൂടെ അദ്ദേഹം സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഇപ്പോള്‍ പല സംവിധായകരും തിരക്കഥാകൃത്തുക്കളും തന്റെ അടുത്ത സുഹൃത്തുക്കളും പരിചയക്കാരുമാണെന്ന് അദ്ദേഹം പറയുന്നു.

‘എനിക്ക് അവരോടുള്ള പരിചയമാണ് കഥാപാത്രങ്ങളിലേക്കെത്തിക്കുന്നത്. അതില്‍ ചില വേഷങ്ങള്‍ വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമാവും. അത്തരത്തിലൊന്നാണ് മീശയിലെയും കത്തനാരിലെയും കഥാപാത്രങ്ങള്‍. ഇതുവരെ എന്നെവെച്ച് ആരും ആലോചിക്കാനിടയില്ലാത്തതാണ് എം.സി ജോസഫ് മീശയിലൂടെ ചെയ്യിച്ചത്.

ഞങ്ങള്‍ പരസ്യക്കാരുടെ സംഘടനയായ ഐ.എ.എമ്മിലെ സജീവ അംഗം കൂടിയാണ് എം.സി.
സിജോയ് വര്‍ഗീസ്, കുമാര്‍ നീല കണ്ഠന്‍, പ്രകാശ് വര്‍മ, വി.കെ.പ്രകാശ് എന്നിവരൊക്കെ അടങ്ങുന്ന ഗ്രൂപ്പാണത്,’ ശ്രീകാന്ത് മുരളി പറയുന്നു.

പരസ്യമേഖലയിലെ ഉള്ളടക്കത്തിലും സാങ്കേതികതയിലും വരുന്ന മാറ്റങ്ങളെക്കുറിച്ചൊക്കെയാണ് തങ്ങള്‍ ചര്‍ച്ച ചെയ്യാറുളളതെന്ന് അദ്ദേഹം പറയുന്നു. സിനിമയില്‍ നെറ്റ് വര്‍ക്കിങ് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണെന്നും പലപ്പോഴും കഥ ചര്‍ച്ച ചെയ്യുമ്പോള്‍ മുതല്‍ താന്‍ കൂടെയിരിക്കാറുണ്ടെന്നും ശ്രീകാന്ത് പറയുന്നു.

‘ശരിക്കും എന്നെ പോലുള്ള ആളുകള്‍ക്ക് കഥാപാത്രം നോക്കി  തെരഞ്ഞെടുക്കുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാന്‍ ഈ കഥാപാത്രമേ ചെയ്യുള്ളു എന്ന് പറയാന്‍ പറ്റില്ല. കണ്ണടയും കോട്ടുമിട്ട് ഇരുന്നാല്‍ ഇയാള്‍ ‘കണ്‍വിന്‍സിങ്’ വക്കീലായി എന്ന് സംവിധായകര്‍ക്ക് തോന്നുന്നുണ്ടാവാം.

ചിലര്‍ പറയും, ചേട്ടാ സ്ഥിരമുള്ള പരിപാടിയല്ലാതെ നമുക്ക് മാറ്റിപ്പിടിക്കാം എന്ന്. ഉദാഹരണത്തിന് ഇരട്ടയിലെ പൊലീസ് വേഷം. ജോജുവും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്ന് വിളിച്ചപ്പോള്‍ തന്നെ അതില്‍ എന്തോ വ്യത്യസ്തത ഉണ്ടെന്ന് മനസിലായിരുന്നു. ക്ലീഷേ ആവാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്,’ ശ്രീകാന്ത് പറഞ്ഞു.

Content Highlight:  Sreekanth  says that many directors and screenwriters are his close friends and acquaintances