കോഴിക്കോട്: യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട തടവില്‍ കഴിയുന്ന നിമിഷ പ്രിയയെ മോചിപ്പിക്കരുതെന്ന് സംഘപരിവാര്‍ അനുകൂലി ശ്രീജിത് പണിക്കര്‍. ഇവരുടെ മോചനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സാമൂഹ്യ പ്രവര്‍ത്തകരും മത നേതാക്കളും സംഘടനകളും പ്രവര്‍ത്തിക്കുന്നതിനിടെയാണ് ശ്രീജിത് പണിക്കര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
‘നിമിഷ പ്രിയ കുറ്റസമ്മതം നടത്തിയത് നിങ്ങള്‍ അറിഞ്ഞിരുന്നോ’, ‘ക്ഷമിക്കണം, ഞാന്‍ നിമിഷ പ്രിയയ്ക്ക് ഒപ്പമല്ല’ എന്ന തലക്കെട്ടുകളില്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ശ്രീജിത് പണിക്കര്‍ നിമിഷ പ്രിയയുടെ മോചനത്തെ എതിര്‍ക്കുന്നത്.
ഇവര്‍ വധശിക്ഷ കാത്തുകിടക്കുന്നത് കൊലക്കേസിലാണെന്നും അവരോട് അനുകമ്പയുണ്ടാകേണ്ട കാര്യമില്ല എന്ന നിലപാടാണ് തനിക്കുള്ളതെന്നും ശ്രീജിത് പണിക്കര്‍ വ്യക്തമാക്കുന്നു.
ശ്രീജിത് പണിക്കര്‍
സ്വന്തം രാജ്യത്തിന്റെ നിയമപ്രകാരവും അന്താരാഷ്ട്ര നിയമപ്രകാരവും ചെയ്തത് തെറ്റല്ലെന്ന് തെളിഞ്ഞിട്ടും ഇന്ത്യന്‍ കോടതികളുടെയും അന്താരാഷ്ട്ര കോടതിയുടെയും സംരക്ഷണം ഉണ്ടായിട്ടും ഇറ്റാലിയന്‍ നാവികരെ തിരികെ നാട്ടിലേക്ക് വിട്ടയച്ചതിനെ എതിര്‍ത്തവരാണ് ഇക്കാര്യത്തില്‍ നിമിഷ പ്രിയയെ രക്ഷിക്കണമെന്ന് വാദിക്കുന്നതെന്നും ശ്രീജിത് പറയുന്നു.
2020ല്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിമിഷ പ്രിയ കുറ്റസമ്മതം നടത്തുന്നുണ്ടെന്നാണ് ശ്രീജിത് പണിക്കര്‍ വാദിക്കുന്നത്. തെറ്റ് ചെയ്ത ഒരാളെ ഗ്ലോറിഫൈ ചെയ്യുന്നതിനും ഇരയെ വേട്ടക്കാരനായും വേട്ടക്കാരനെ ഇരയായും ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും ശ്രീജിത് പറയുന്നു.
കൊലപാതകം നടത്തിയ നിമിഷ പ്രിയ നിരപരാധിയെന്ന് എങ്ങനെ വാദിക്കാനാകുമെന്നും ശ്രീജിത് പണിക്കര്‍ ചോദിക്കുന്നുണ്ട്. നിമിഷ പ്രിയ ചെയ്ത ക്രൂരത എന്താണെന്ന് മനസിലായവര്‍ക്ക് ഒരിക്കലും അവര്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്നും പണിക്കര്‍ പറയുന്നു.
സ്വയം പ്രതിരോധിക്കുന്നതും ആസൂത്രിത കുറ്റകൃത്യവും രണ്ടാണെന്നും ഇക്കാരണംകൊണ്ടുതന്നെ താന്‍ നിമിഷ പ്രിയയ്ക്കൊപ്പമല്ല എന്നാണ് ശ്രീജിത് പണിക്കര്‍ വിശദീകരിക്കുന്നത്.
അതേസമയം, ശ്രീജിത്ത് പണിക്കര്‍ക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലെങ്കിലും കുറച്ച് മനുഷ്യത്വം കാണിക്കണമെന്നാണ് ആളുകള്‍ കമന്റില്‍ പറയുന്നത്. നിമിഷ പ്രിയക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്ന വലതുപ്രൊഫൈലുകളുമുണ്ട്.
നിമിഷ പ്രിയയുടെ മോചനത്തിനെതിരെ കാസയും നേരത്തെ രംഗത്തുവന്നിരുന്നു. കാന്തപുരത്തിന്റെ ഇടപെടലിന് പിന്നാലെ വധശിക്ഷ താത്കാലികമായി മരവിപ്പിച്ചതിന് ശേഷമായിരുന്നു കാസ നേതാവ് കെവിന്‍ പീറ്റര്‍ രംഗത്തെത്തിയത്.
‘നിമിഷ പ്രിയ കൊലപാതകം ചെയ്തതിന് പുറമെ വളരെ ഹീനമായ രീതിയില്‍ അത് മൂടി വെക്കാനും ശേഷം ഒളിച്ചു രക്ഷപ്പെടുവാനുമാണ് ശ്രമിച്ചത്. സീസറിനുള്ളത് സീസറിന് ദൈവത്തിനുള്ളത് ദൈവത്തിന് എന്ന ദൈവവചനം പോലെ നാം ഏത് രാജ്യത്ത് ആയിരിക്കുന്നുവോ ആ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചു ജീവിക്കേണ്ടതായി വരും. അവിടെ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ അതിനനുസരിച്ച് ഏതു തരത്തിലുള്ള ശിക്ഷയാണോ ലഭിക്കുന്നത് അത് അനുഭവിക്കാന്‍ നാം ബാധ്യസ്ഥരാണ്.
ഈ കൊലപാതകം ഭാരതത്തിലാണ് നടന്നതെങ്കില്‍ നിമിഷയ്ക്ക് തൂക്കുമരമോ ജീവപര്യന്തമോ ലഭിക്കുമായിരുന്നു. ഭാരതീയര്‍ ഏത് നാട്ടില്‍ പോയി എന്ത് വൃത്തികേട് കാട്ടി ജയിലില്‍ ആയാലും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് മോചിപ്പിച്ചു കൊണ്ടുവരുമെന്നാണോ? യെമന്‍ എന്നു പറയുന്ന രാജ്യത്തിന് ഭാരതം ഉള്‍പ്പെടെ ലോകത്തുള്ള 99% രാജ്യങ്ങളുമായും നയതന്ത്ര ബന്ധമില്ല. അതുകൊണ്ടുതന്നെ ആ രാജ്യത്തിനുള്ളിലെ വിഷയത്തില്‍ നയതന്ത്രപരമായ ഇടപെടലിന് പരിമിതികള്‍ ഉണ്ട് എന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയുള്ള എല്ലാ ശ്രമങ്ങളും നടന്നിരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വഴി തന്നെയാണ്,’ കാസ നേതാവ് കെവിന്‍ പീറ്റര്‍ പറഞ്ഞു.
നേരത്തെ നിമിഷ പ്രിയയുടെ മോചനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞും കാസ രംഗത്തെത്തിയിരുന്നു. സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി മലയാളികള്‍ 27 കോടി പിരിച്ചുനല്‍കിയതിന് പിന്നാലെയാണിത്. മുസ്‌ലിമായ റഹീമിന് വേണ്ടി വാദിക്കുന്നവര്‍ ക്രിസ്ത്യാനിയായ നിമിഷ പ്രിയയെ തഴയുന്നുവെന്നും ഇതാണ് കേരളത്തിന്റെ ഇരട്ടത്താപ്പെന്നുമായിരുന്നു അന്ന് കാസയുടെ വാദം.