കോഴിക്കോട്: ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍. ഒരു ദളിതനായതുകൊണ്ട് മാത്രം സുപ്രീം കോടതി ജഡ്ജിയെ ആക്രമിച്ച അഭിഭാഷകന് എന്ത് ശിക്ഷയാണ് ലഭിച്ചതെന്നാണ് ശ്രീജിത്ത് ദിവാകരന്റെ ചോദ്യം.
ജയിലില്‍ അടക്കപ്പെടുകയോ കേസെടുക്കുകയോ എന്തിന് ചീഫ് ജസ്റ്റിസിന് നേരെ ചെരിപ്പെറിഞ്ഞ അഭിഭാഷകനെതിരെ ഈ രാജ്യത്ത് ഒരു പരാതി പോലുമില്ലെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രീജിത്ത് ദിവാകരന്റെ പ്രതികരണം.
2020ല്‍ എസ്.എ. ബോബ്ഡേ എന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഒരു രാഷ്ട്രീയ നേതാവിന്റെ അത്യാഡംബ ഇരുചക്രവാഹനങ്ങളിലൊന്നില്‍ ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ കോടതിയെ നിന്ദിച്ചുവെന്ന കുറ്റം ചുമത്തി കേസെടുത്തു.
രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്ത സംഭവം പിന്നീട് പിഴ അടപ്പിച്ച ശേഷമാണ് തീര്‍പ്പാക്കിയത്. എന്നാല്‍ ഈ വളരെ കുറച്ച് സമയത്തിനുള്ളില്‍ പ്രശാന്ത് ഭൂഷണ്‍ ലോകത്തെ തന്നെ ഏറ്റവും വലിയ കുറ്റവാളിയും നിയമവ്യവസ്ഥയെ നിന്ദിക്കുന്ന ഒരാളായി ചിത്രീകരിക്കപ്പെട്ടുവെന്ന് ശ്രീജിത്ത് ദിവാകരന്‍ പറയുന്നു.
ബുക്കര്‍ ജേതാവായ അരുന്ധതി റോയിയെ ഒരു ദിവസം സുപ്രീം കോടതി ജയിലിലടച്ചിട്ടുണ്ടെന്നനും ശ്രീജിത്ത് ചൂണ്ടിക്കാട്ടുന്നുണ്ട്. നര്‍മദ അണക്കെട്ട് നിര്‍മാണം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ വിധിന്യായത്തില്‍ കോടതിയെ പരിഹസിക്കുന്നുവെന്നതായിരുന്നു അരുന്ധതി റോയി ചെയ്ത കുറ്റം. വാജ്പേയ് ഭരണത്തിലിരിക്കുന്ന സമയത്താണ് സംഭവം.
ഗുജറാത്തില്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഭരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന ദിവസങ്ങളായിരുന്നു. എന്നിരുന്നാലും ഇന്നുള്ള അത്രയും മാധ്യമങ്ങള്‍ ഇല്ലാതിരുന്നിട്ടും വംശഹത്യയുടെ തിരക്കുകള്‍ക്കിടയിലും അരുന്ധതി റോയിയെ രാജ്യദ്രോഹിയായി അവതരിപ്പിക്കുന്ന നടപടി മുടക്കമില്ലാതെ നടന്നിരുന്നുവെന്നും ശ്രീജിത്ത് ദിവാകരന്‍ പ്രതികരിച്ചു.
കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട ബെംഗളൂരു സ്വദേശിയായ ദിശ രവിയെ കുറിച്ചും ശ്രീജിത്ത് ദിവാകരന്‍ പരാമര്‍ശിക്കുന്നുണ്ട്. 22കാരിയായ ദിശരവി അന്ന് രാജ്യദ്രോഹി, പാകിസ്ഥാന്‍ ചാര, ഖാലിസ്ഥാന്‍ തീവ്രവാദി എന്നൊക്കെയാണ് വിലക്കപ്പെട്ടതെന്നും ശ്രീജിത്ത് പറയുന്നു. പഹല്‍ഗാം ആക്രമണത്തെ കുറിച്ച് എഴുതിയതിന് കോടതിയുടെ നിശിത വിമര്‍ശനത്തിന് വിധേയനായ അശോക യൂണിവേഴ്സിറ്റി പ്രൊഫ. അലിഖാന്‍ മെഹ്‌മൂദാബാദിനെയും സ്റ്റാന്‍ സ്വാമിയെയും മറന്നുവോയെന്നും പോസ്റ്റില്‍ ചോദ്യമുണ്ട്.
‘ജീവിതകാലം മുഴുവന്‍ അടിസ്ഥാന വര്‍ഗത്തിന് വേണ്ടി പോരടിച്ച, പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായതിനാല്‍ വെള്ളം വലിച്ച് കുടിക്കാന്‍ സ്ട്രോ ആവശ്യപ്പെട്ടിട്ട് അതും പോലും നിഷേധിക്കപ്പെട്ട, ജയിലില്‍ ഇന്ത്യന്‍ ഭരണകൂടം ഇല്ലാതാക്കിയ വയോധികനെ? എഴുപത് ശതമാനമോ മറ്റോ ഭിന്നശേഷിയുള്ള പ്രൊഫ. സായി ബാബ എന്ന ദല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകനെ ഓര്‍മയുണ്ടാകുമോ?
ഇത്രയും ശാരീരിക പ്രശ്നങ്ങളുമായി ജയിലില്‍ ഏഴ് വര്‍ഷത്തിലേറെ അടക്കപ്പെട്ട, തുടര്‍ന്ന് ഒരു തെളിവും ഇല്ലാത്തതിനാല്‍ നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ച, ജയില്‍ കാലത്തെ ക്രൂരതകളാല്‍ മോചിതനായി മാസങ്ങള്‍ക്കുള്ളില്‍ വെറും 57 വയസില്‍ മരിച്ച പ്രൊഫ. ജിഎന്‍. സായി ബാബയെ? നിരപരാധിയായ സായി ബാബയെ വിട്ടയയ്ക്കണമെന്ന് പറഞ്ഞ് രൂപീകരിച്ച സമിതിയെ അധ്യക്ഷനായിരുന്ന സഹപ്രവര്‍ത്തകനായ പ്രൊഫ. ഹാനി ബാബുവിനെ? ഹാനിക്കൊപ്പം ജയിലിലിപ്പോഴും ജാമ്യം പോലും നിഷേധിക്കപ്പെട്ട് കഴിയുന്ന എത്രയോ പേരെ? സഞ്ജീവ് ഭട്ടിനെ? ഉമര്‍ ഖാലിദിനെ?,’ എന്നാണ് ശ്രീജിത്ത് ദിവാകരന്റെ ചോദ്യം.
ഹിന്ദുത്വ എന്ന ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരെ സംസാരിച്ചുവെന്നതാണ് ഇവരെല്ലാവരും ചെയ്ത തെറ്റെന്നും തെളിവുകളൊന്നുമില്ലെങ്കിലും മുസ്ലിങ്ങളായും ദളിതരായും ജനിച്ചുവെന്ന തെറ്റ് അവര്‍ ചെയ്തിട്ടുണ്ടെന്നും ശ്രീജിത്ത് പറയുന്നു.
അതേസമയം ഇന്നലെ (ചൊവ്വ) ചീഫ് ജസ്റ്റിസിനെ ആക്രമിച്ചതില്‍ തനിക്ക് ഖേദമില്ലെന്ന് അഭിഭാഷകന്‍ രാകേഷ് കിഷോര്‍ പറഞ്ഞിരുന്നു. താന്‍ മദ്യപിച്ചിരുന്നില്ലെന്നും ചെയ്ത പ്രവൃത്തിയില്‍ പശ്ചാത്താപവുമില്ലെന്നുമാണ് ഇയാള്‍ പ്രതികരിച്ചത്.
എന്നാല്‍ രാകേഷ് എന്ന അഭിനവ മനുവാദിക്ക് ഖേദം തോന്നേണ്ടത് ഹിന്ദുത്വം രാജ്യം ഭരിച്ചിട്ടും ഒരു ദളിതന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരിക്കുന്നത് തടയാന്‍ കഴിയുന്നില്ലല്ലോ എന്നതിലാണെന്നും ശ്രീജിത്ത് ദിവാകരന്‍ പരിഹസിച്ചു.
Content Highlight: Sreejith Divakaran raises questions on the violence against Gavai