ഇന്ത്യയുടെ ദേശീയഗാനം എഴുതിയ രബീന്ദ്രനാഥ ടാഗോറിന്റെ വരികള്‍ ദേശദ്രോഹമാണെന്ന് പ്രഖ്യാപിക്കുന്ന ഊളകള്‍ സംഘപരിവാരത്തിന് മാത്രം ലഭ്യമായ ഒരിനമാണെന്നും ശ്രീജിത്ത് ദിവാകരന്‍ വിമര്‍ശിച്ചു. മലപ്പുറമായതുകൊണ്ട് ദേശീയതലത്തില്‍ ഇതിന്റെ പേരില്‍ മറ്റൊരു കേരള സ്റ്റോറിയുടെ തിരക്കഥ കൂടി അവര്‍ തയ്യാറാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ദേശീയ ഗാനവും ‘അമര്‍ സൊനാര്‍ ബംഗ്ലാ, ആമി തുമേ ബാലോബാഷി’ എന്നാരംഭിക്കുന്ന ബംഗ്ലാദേശിന്റെ ദേശീയ ഗാനവുമെഴുതിയ വ്യക്തിയാണ് ടാഗോറെന്നും ശ്രീജിത്ത് ദിവാകരന്‍ ഓര്‍മിപ്പിച്ചു.
ഇന്ത്യയില്‍ നിന്ന് സാഹിത്യത്തിന് നോബല്‍ സമ്മാനം നേടിയിട്ടുള്ള ഒരേയൊരാള്‍, ഗാന്ധിജിയെ ആദ്യമായി മഹാത്മാ എന്ന് വിളിച്ചയാള്‍, ശാന്തിനികേതന്‍ എന്ന വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ച വ്യക്തി ഇത്തരത്തില്‍ ടാഗോറിന് ഒരുപാട് വിശേഷണങ്ങള്‍ നല്‍കാമെന്നും ശ്രീജിത്ത് ദിവാകരന്‍ പറഞ്ഞു.
‘മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളിന് മുന്നിലെ മതിലില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍’ എന്ന തലക്കെട്ടിലാണ് ജനം ടി.വി കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയത്. ഇതിനുപിന്നില്‍ അധ്യാപകരാണെന്നും വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ടാഗോറിന്റെ വാചകമാണ് മതിലെഴുത്തില്‍ ഉള്ളത്. ‘രത്‌നങ്ങളുടെ വിലകൊടുത്ത് കുപ്പിച്ചില്ലുകള്‍ വാങ്ങുന്നത് പോലെയാണ് മനുഷ്യസ്‌നേഹത്തിന് പകരം രാജ്യസ്‌നേഹത്തെ പ്രതിഷ്ഠിക്കുന്നത്,’ എന്നാണ് മതിലില്‍ എഴുതിയിരിക്കുന്നത്.
വ്യാജപ്രചാരണത്തിന് പിന്നില്‍ ഇതുവരെ ടാഗോറിനെ കേള്‍ക്കാത്തവരാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി. ടാഗോറിന്റെ ഉദ്ധരണികള്‍ മനസിലാകണമെങ്കില്‍ ജനം ടി.വി റിപ്പോര്‍ട്ടര്‍ക്ക് ശാഖ വിദ്യാഭ്യാസത്തിന്റെ സ്ഥാനത്ത് അക്ഷരാഭ്യാസം വേണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആര്‍.എസ്.എസിന് എന്ത് ടാഗോറെന്നും ചിലര്‍ ചോദ്യമുയര്‍ത്തി.
Content Highlight: Sreejith Divakaran criticizes Janam TV for fake news against Govt School in Malappuram