ആദ്യ പ്രതിഫലം കൊണ്ട് വീട്ടിൽ ലാൻഡ്‌ലൈൻ എടുത്തു; ഡബ്ബ് ചെയ്താൽ വണ്ടിക്കൂലിയായി 20-50 രൂപ കിട്ടിയിരുന്ന കാലമുണ്ടായിരുന്നു: ശ്രീജ രവി
Malayalam Cinema
ആദ്യ പ്രതിഫലം കൊണ്ട് വീട്ടിൽ ലാൻഡ്‌ലൈൻ എടുത്തു; ഡബ്ബ് ചെയ്താൽ വണ്ടിക്കൂലിയായി 20-50 രൂപ കിട്ടിയിരുന്ന കാലമുണ്ടായിരുന്നു: ശ്രീജ രവി
നന്ദന എം.സി
Thursday, 4th June 2026, 7:34 am

മലയാള സിനിമയിലെ ശ്രദ്ധേയരായ ഡബ്ബിങ് ആർട്ടിസ്റ്റുമാരിൽ ഒരാളായ ശ്രീജ രവി തന്റെ ഡബ്ബിങ് ജീവിതത്തിന്റെ തുടക്കകാല അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ ഭാഗമായി തുടരുന്ന താരം 125-ലേറെ നായികമാർക്ക് ശബ്ദം നൽകിയിട്ടുണ്ട്. ഡബ്ബിങ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീജ ഇപ്പോൾ അഭിനയ രംഗത്തും സജീവ സാന്നിധ്യമാണ്.

ഇപ്പോഴിതാ ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ഡബ്ബിങ് കരിയറിന്റെ ആദ്യകാല പ്രതിഫലത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഓർമകളെക്കുറിച്ചും താരം തുറന്ന് പറയുകയാണ്.

ശ്രീജ രവി, Photo: IMDb

ഡബ്ബിങ് ആരംഭിച്ച കാലത്ത് പ്രതിഫലം നേരിട്ട് കൈയിൽ ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നില്ലെന്നും ലഭിക്കുന്ന തുക അമ്മയുടെ കൈയിലായിരുന്നുവെന്നും ശ്രീജ രവി പറയുന്നു.

അന്ന് ഡബ്ബ് ചെയ്തതിന് ലഭിച്ചിരുന്ന തുക വളരെ കുറവായിരുന്നുവെന്നാണ് താരം ഓർമിക്കുന്നത്. പലപ്പോഴും ഇരുപതോ അമ്പതോ രൂപയൊക്കെയാണ് വണ്ടിക്കൂലിയെന്ന രീതിയിൽ ലഭിച്ചിരുന്നതെന്ന് ശ്രീജ രവി വ്യക്തമാക്കി. എന്നാൽ പിന്നീട് ലഭിച്ച ആദ്യത്തെ കൃത്യമായ ശമ്പളം ഇന്നും ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമായി തുടരുന്നുവെന്നും താരം പറഞ്ഞു.

‘ഡബ്ബിങ്ങിന്റെ തുടക്കകാലത്ത് പ്രതിഫലം നേരിട്ട് കൈയിൽ കിട്ടുന്ന പതിവില്ലായിരുന്നു. അമ്മയുടെ കൈയിലായിരിക്കും തുക കൊടുക്കുക. ഇരുപതോ അമ്പതോ രൂപയൊക്കെ വണ്ടിക്കൂലി എന്നോണം തരുന്ന കാലമുണ്ടായിരുന്നു,’ ശ്രീജ രവി പറഞ്ഞു.

ശ്രീജ രവി, Photo: IMDb

പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിന് ഡബ്ബ് ചെയ്തപ്പോഴാണ് ആദ്യമായി 3,000 രൂപ പ്രതിഫലമായി ലഭിച്ചതെന്നും താരം പറഞ്ഞു. അന്നത്തെ സാഹചര്യത്തിൽ 3,000 രൂപ വലിയൊരു തുകയായിരുന്നുവെന്നും ആ പ്രതിഫലം ലഭിച്ചപ്പോഴുണ്ടായ സന്തോഷവും അഭിമാനവും വാക്കുകളിൽ വിവരിക്കാനാകില്ലെന്നും ശ്രീജ പറഞ്ഞു.

‘എന്റെ ആദ്യ പ്രതിഫലം കൊണ്ടാണ് ഞങ്ങളുടെ വീട്ടിൽ ലാൻ‌ഡ്ലൈൻ കണക്ഷൻ എടുക്കാനുള്ള ഡെപ്പോസിറ്റ് തുക കെട്ടിയത്. കാറ്റത്തെ കിളിക്കൂട്’ സിനിമയ്ക്ക് പ്രതിഫലമായി നിർമാതാവ് പി.വി. ഗംഗാധരൻ സാർ 3000 രൂപയും കൂടെ ഒരു സൈക്കിളും തന്ന ഓർമയുമുണ്ട്,’ ശ്രീജ രവി കൂട്ടിച്ചേർത്തു.

നേരിൽ കാണുമ്പോൾ തിരിച്ചറിയുന്നതിനേക്കാൾ കൂടുതൽ ആളുകൾ തന്റെ ശബ്ദത്തെയാണ് സ്നേഹിച്ചിട്ടുള്ളതെന്നും താരം വ്യക്തമാക്കി. നിരവധി നായികമാർക്ക് നൽകിയ ശബ്ദം പ്രേക്ഷക മനസുകളിൽ ഇന്നും നിലനിൽക്കുന്നുണ്ടെന്നും, മുമ്പ് താനാണ് ആ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയതെന്ന് പലർക്കും അറിയില്ലായിരുന്നുവെന്നും ശ്രീജ രവി പറഞ്ഞു. ഇപ്പോൾ അഭിനയ രംഗത്ത് സജീവമായതോടെ തന്റെ ശബ്ദവും മുഖവും ഒരുപോലെ പ്രേക്ഷകർക്ക് സുപരിചിതമായിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

Content Highlight: Sreeja Ravi talks about her early rewards

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.