Malayalam Cinema
നിഷ്കളങ്കനാണ് മമ്മൂട്ടി; എന്ത് തോന്നിയാലും മുഖത്ത് നോക്കി പറയും: ശ്രീജ രവി
ശാലിനി, മാതു, ചാര്‍മിള, സുനിത, നയന്‍താര, കാവ്യമാധവന്‍ തുടങ്ങി 125ലേറെ നായികമാര്‍ക്ക് ശബ്ദം നല്‍കി കഴിഞ്ഞ നാല്പത്തഞ്ചുവര്‍ഷമായി മലയാള സിനിമയുടെ ഭാഗമായി തുടരുകയാണ് ഡബ്ബിങ് ആര്‍ടിസ്റ്റായ ശ്രീജ രവി. മലയാളത്തില്‍ മാത്രമല്ല തമിഴിലും മികവ് തെളിയിച്ച ഡബ്ബിങ് ആര്‍ടിസ്റ്റാണ് ശ്രീജ. ഇപ്പോൾ മകളും ഡബ്ബിങ് ആർട്ടിസ്റ്റുമായ രവീണയെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീജ രവി.
‘മകളുടെ കരിയറിലെ വളർച്ചയിൽ ഒരുപാട് സന്തോഷമുണ്ട്. ‘ആസാദി‘ എന്ന ചിത്രമാണ് ഒടുവിലായി തിയേറ്ററിൽ എത്തിയത്. കുറച്ച് ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുണ്ട്. ഒന്നേമുക്കാൽ വയസിലാണ് മകളുടെ ശബ്ദം സിനിമയുടെ ഭാഗ മാകുന്നത്. ഒരേ താരങ്ങൾക്ക് ശബ്ദം കൊടുക്കാനുള്ള ഭാഗ്യവും ഞങ്ങൾക്കുണ്ടായി,’ ശ്രീജ രവി പറയുന്നു.
മനസ്സിനക്കരെ എന്ന സിനിമ മുതൽ ബോഡി ഗാർഡ് വരെ ഞാൻ നയൻതാരയ്ക്ക് വേണ്ടി ശബ്ദം നൽകിയെന്നും ബോഡി ഗാർഡിൽ ഭാഗ്യലക്ഷ്‌മിയും താനും ചേർന്നാണ് നയൻതാരയ്ക്ക് ശബ്ദം നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു.

ഭാസ്കർ ദി റാസ്‌കലിൽ നയൻതാരയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ സംവിധായകൻ സിദ്ദീഖ് തന്നെയാണ് വിളിച്ചതെന്നും അപ്പോൾ താൻ മകളെയും ഒപ്പം കൂട്ടിയിരുന്നുവെന്നും ശ്രീജ രവി പറഞ്ഞു. നയൻതാരയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു ആ ചിത്രമെന്നും തിരിച്ചുവരവിൽ തന്നേക്കാളും മകളുടെ ശബ്ദമായിരിക്കും നയൻതാരയ്ക്ക് ചേരുകയെന്ന് തനിക്ക് തോന്നിയെന്നും അവർ പറഞ്ഞു.
‘അവൾ കുഞ്ഞല്ലേ, പക്വതയുള്ള കഥാപാത്രമല്ലേ’ എന്ന് അദ്ദേഹം ചോദിച്ചു. ശ്രമിച്ചുനോക്കാമെന്ന് ഞാൻ നിർബന്ധിച്ചപ്പോൾ അദ്ദേഹം ഒരു സീൻ എടുത്തുവയ്ക്കാൻ പറഞ്ഞു. പിന്നീട് കേട്ടപ്പോൾ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായി. എന്റെ മേൽനോട്ടത്തിൽ മുഴുവൻ ഡബ്ബ് ചെയ്യിക്കണം എന്ന് അദ്ദേഹം പറഞ്ഞു. അമ്മ ചെയ്ത നടിക്ക് ഡബ്ബ് ചെയ്യാൻ മകൾക്ക് നല്ല ടെൻഷനുണ്ടായിരുന്നു. പക്ഷേ, അവൾ നന്നായിത്തന്നെ ചെയ്തു,’ ശ്രീജ രവി പറഞ്ഞു.
ഒരുപാട് പരസ്യ ചിത്രങ്ങൾക്ക് ഉൾപ്പെടെ നയൻതാര പിന്നീട് മകളെ നിർദേശിച്ചുവെന്നും മമ്മൂട്ടിയും ഈ ചിത്രത്തിലെ രവീണയുടെ ഡബ്ബിങ്ങിനെക്കുറിച്ച് നല്ലത് പറഞ്ഞിരുന്നെന്നും അവർ പറഞ്ഞു.
മമ്മൂട്ടിയെക്കുറിച്ചും ശ്രീജ രവി സംസാരിച്ചു.
‘നിഷ്കളങ്കനാണ് അദ്ദേഹം, എന്താണ് തോന്നുന്നതെന്നുവെച്ചാൽ മുഖത്ത് നോക്കി പറയും. അക്കാര്യത്തിൽ രണ്ടാമതൊരു ചിന്ത മമ്മൂക്കയ്ക്ക് ഇല്ല.’ ശ്രീജ രവി പറയുന്നു.
Content Highlight: Sreeja Ravi Talking about Mammootty