ഞാന്‍ ഡബ്ബ് ചെയ്ത പടം കണ്ടിട്ട് കണ്ണുനിറഞ്ഞാണ് അദ്ദേഹം അഭിനന്ദിച്ചത്: ശ്രീജ രവി
Malayalam Cinema
ഞാന്‍ ഡബ്ബ് ചെയ്ത പടം കണ്ടിട്ട് കണ്ണുനിറഞ്ഞാണ് അദ്ദേഹം അഭിനന്ദിച്ചത്: ശ്രീജ രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th August 2025, 8:24 am

നാല്പത്തഞ്ചുവര്‍ഷമായി മലയാള സിനിമയുടെ ഭാഗമായ ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ശ്രീജ രവി. ശാലിനി, മാതു, ചാര്‍മിള, സുനിത, നയന്‍താര, കാവ്യമാധവന്‍ തുടങ്ങി 125ല്‍പരം നായികമാര്‍ക്ക് ശബ്ദം കൊടുത്ത അവര്‍ നിരവധി സിനിമകളില്‍ കുട്ടികള്‍ക്കായും ഡബ്ബിങ് ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തന്റെ ഡബ്ബിങ്ങ് കൊണ്ട് അവര്‍ മികവ് തെളിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ അഭിനയരംഗത്തും ശ്രീജയുണ്ട്. അടുത്തിടെ വന്ന ടൂറിസ്റ്റ് ഫാമിലിയില്‍ ശ്രീജ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോള്‍ തന്റെ പങ്കാളിയുടെ പിന്തുണയാണ് തന്നെ ഇവിടെവരെ എത്തിച്ചതെന്ന് ശ്രീജ രവി പറയുന്നു.

‘കല്യാണത്തിനുശേഷമാണ് ഞാന്‍ ഡബ്ബിങ്ങില്‍ കുറച്ചുകൂടി സജീവമാകുന്നതും ഒരുപാട് നല്ല ചിത്രങ്ങള്‍ ചെയ്യുന്നതും. രവിയേട്ടന്‍ എല്ലാകാര്യത്തിനും കൂടെയുണ്ടായിരുന്നു. മകള്‍ ജനിച്ച് 13-ാം ദിവസംമുതല്‍ എനിക്ക് ഡബ്ബിങ്ങിന് വരേണ്ടിവന്നു. മകള്‍ക്ക് പാല് കൊടുക്കാനൊക്കെ അദ്ദേഹം ഇട്ക്കിടയ്ക്ക് സ്റ്റുഡിയോയിലേക്ക് കൊണ്ടുവരുമായിരുന്നു. അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. നാലരവയസുവരെ കുഞ്ഞ് മുലപ്പാല്‍മാത്രമേ കുടിക്കുമായിരുന്നുള്ളൂ,’ ശ്രീജ രവി പറയുന്നു.

രവി നല്ല ഗായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടനുമായിരുന്നുവെന്ന് അവര്‍ പറയുന്നു. അദ്ദേഹം സ്വന്തം കരിയറില്‍ ശ്രദ്ധിക്കാതെ പോയതുപോലും തന്റെ ഡബ്ബിങ് തിരക്കുകള്‍ കാരണമാണെന്നും താന്‍ ഡബ്ബ് ചെയ്ത പടം കണ്ടിട്ട് കണ്ണുനിറഞ്ഞാണ് അദ്ദേഹം അഭിനന്ദിക്കുന്നതെന്നും ശ്രീജ രവി പറഞ്ഞു. ഇത്രയും അഭിനന്ദിക്കാന്‍ എന്താണുള്ളത് എന്ന് താന്‍ ചോദിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹം കാരണമാണ് 2000 ത്തോളം ചിത്രങ്ങള്‍ ചെയ്യാനായതും തമിഴ്നാട് സംസ്ഥാനപുരസ്‌കാരം ഉള്‍പ്പെടെ നേടാനായതും. മകള്‍ ഡബ്ബിങ് മേഖലയില്‍ എത്തിയതിലും അദ്ദേഹം ഒരുപാട് സന്തോഷിച്ചിരുന്നു. അവള്‍ നായികയ്ക്കുവേണ്ടി ആദ്യമായി ഡബ്ബ് ചെയ്ത സാട്ടെ എന്ന ചിത്രം കണ്ട് ഞാനും അദ്ദേഹവും ഒരുപാട് കരഞ്ഞു. അവളുടെ ഡബ്ബിങ് ഞങ്ങള്‍ സ്റ്റുഡിയോയില്‍ കണ്ടിരുന്നില്ല, തിയേറ്ററിലാണ് കാണുന്നത്. അതുപോലെ അവള്‍ അഭിനയിച്ച കാവല്‍തുരറൈ ഉങ്കള്‍ നന്‍പന്‍ എന്ന ചിത്രം എട്ട് പ്രാവശ്യം ഞങ്ങള്‍ തിയേറ്ററില്‍ കണ്ടു. ഓരോ തവണയും കരഞ്ഞുകൊണ്ടാണ് ഞങ്ങള്‍ പുറത്തിറങ്ങിയത്,’ശ്രീജ രവി പറഞ്ഞു.

Content Highlight: Sreeja Ravi says that it was her partner’s support that brought her this far