Kerala News
"നിങ്ങള്‍ ആര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്"; പു.ക.സ വെസ് പ്രസിഡണ്ട് ഗോകുലേന്ദ്രനെതിരായ മീടു ആരോപണത്തില്‍ അശോകന്‍ ചരുവിലിന് തുറന്ന കത്തുമായി ശ്രീജ നെയ്യാറ്റിന്‍കര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd March 2021, 6:00 pm

കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം വൈസ് പ്രസിഡണ്ട് എ.ഗോകുലേന്ദ്രനെതിരായ മീ ടു ആരോപണത്തില്‍ പു.ക.സ സംസ്ഥാന സെക്രട്ടറി അശോകന്‍ ചരുവിലിന് തുറന്ന കത്തുമായി ശ്രീജ നെയ്യാറ്റിന്‍കര.

ആരോപണം പുറത്തുവന്ന് ദിവസങ്ങളായിട്ടും പു.ക.സ പുലര്‍ത്തുന്ന മൗനം പ്രതിഷേധാര്‍ഹമാണെന്ന് ശ്രീജ പറഞ്ഞു.

‘ഇരപിടിക്കാന്‍ വെമ്പല്‍ പൂണ്ട് നില്‍ക്കുന്ന മുഖം മൂടിയണിഞ്ഞ വേട്ടക്കാരന്‍ പു.ക.സ പോലൊരു പുരോഗമനയിടത്തുണ്ടെന്നറിഞ്ഞിട്ടും അയാളേയും കൂട്ടി യാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്ന പു.ക.സ അയാളാല്‍ വേട്ടയാടപ്പെട്ട സ്ത്രീയോട് കാണിക്കുന്നത് അനീതിയാണ് എന്ന് പറയാതിരിക്കാന്‍ വയ്യ. സാഹിത്യത്തിനും സാഹിത്യകാര്‍ക്കും പരിഗണന നല്‍കുന്ന പ്രസ്ഥാനത്തില്‍ നിന്ന് കേവലം പതിനാല് വയസുള്ള വളര്‍ന്നു വരുന്നൊരു സാഹിത്യകാരിക്ക് ഉണ്ടായ ദുരനുഭവം അറിഞ്ഞിട്ടും പാലിക്കുന്ന ഈ മൗനം ദുരൂഹമാണ്’, ശ്രീജ പറയുന്നു.

ഗോകുലേന്ദ്രനെതിരെ നടപടിയെടുക്കണമെന്നും ശ്രീജ ആവശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ്ണരൂപം:

പുരോഗമന കലാ സാഹിത്യ സംഘം ജനറല്‍ സെക്രട്ടറി ശ്രീ അശോകന്‍ ചരുവിലിന് ഒരു തുറന്ന കത്ത്….

സര്‍,

ആദ്യമേ പറയട്ടെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പിറന്നാള്‍ ദിനത്തിലാരംഭിച്ച് വൈലോപ്പിള്ളിയും സാനു മാഷും കടമ്മനിട്ടയും എം എന്‍ വിജയന്‍ മാഷുമടക്കമുള്ള നിരവധി പ്രമുഖര്‍ നേതൃത്വം കൊടുത്ത ചരിത്രമുള്ള ഒരു മഹാ പ്രസ്ഥാനത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് ഇത്തരത്തില്‍ ഒരു തുറന്ന കത്തെഴുതേണ്ടി വരുന്ന സാഹചര്യം ദുഃഖിപ്പിക്കുന്നത് തന്നെയാണ്….

സാമൂഹിക പുരോഗതി ലക്ഷ്യം വച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പുകസ യുടെ നിലവിലെ വൈസ് പ്രസിഡന്റ് എ ഗോകുലേന്ദ്രനെ കുറിച്ച് കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കു മുന്‍പ് വിദ്യ മോള്‍ പ്രമാടം എന്ന സ്ത്രി തന്റെ ഫേസ്ബുക്കിലൂടെ പങ്കു വച്ച ഹൃദയഭേദകമായ അനുഭവകുറിപ്പ് താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും എന്ന് കരുതുന്നു.

ചെറു പ്രായത്തില്‍ തന്നെ തന്റെ സാഹിത്യാഭിരുചികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സ്വപ്നം കണ്ടു കൊണ്ട് പുരോഗമന കലാ സാഹിത്യ സംഘത്തില്‍ പ്രതീക്ഷയര്‍പ്പിച്ച അവള്‍ ഗോകുലേന്ദ്രന്‍ ഏല്പിച്ച അപമാനവും മുറിവും കാരണം രചനകളില്‍ നിന്നൊക്കെ ഉള്‍വലിഞ്ഞുവെന്നും കടുത്ത ഡിപ്രഷനും പേറി പന്ത്രണ്ടു വര്‍ഷങ്ങള്‍ താണ്ടി എന്നും പൊതുസമൂഹത്തോട് അവള്‍ തന്നെ വിളിച്ചു പറഞ്ഞിരിക്കുകയാണ്….

ഇതൊരു നിസാര കാര്യമല്ല അധികാരവും ആണെന്ന പ്രിവിലേജുമുള്ള ഒരാള്‍ക്കെതിരെ നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പെണ്‍കുട്ടി തനിക്കയാളില്‍ നിന്നുമുണ്ടായ അനുഭവം പറയുകയാണ്… അവിടെ അവള്‍ക്കു താങ്ങായി നില്‍ക്കേണ്ട പുകസ അവള്‍ അനുഭവം പറഞ്ഞു ദിവസങ്ങള്‍ പിന്നിട്ടിട്ടും മൗനം പാലിക്കുകയാണ്…

നിങ്ങള്‍ തുടര്‍ന്ന് പോകുന്ന ഈ മൗനം അത്യന്തം പ്രതിഷേധാര്‍ഹമാണ്…. ഈ മൗനത്തിലൂടെ നിങ്ങള്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? മീടൂ എന്നത് ഒരു മൂവ്‌മെന്റ് ആണ് .. തങ്ങളുടെ നേര്‍ക്ക് നീണ്ട പ്രിവിലേജിന്റെ വിഹായസ്സില്‍ വിരാജിക്കുന്ന ആണ്‍ കരങ്ങള്‍ക്ക് നേരെയുള്ള പെണ്ണിന്റെ വിരല്‍ ചൂണ്ടലാണത്… അങ്ങനൊരു വിരല്‍ ചൂണ്ടല്‍ സ്ത്രീകള്‍ നടത്തുന്നത് നൊന്തു നീറിക്കൊണ്ടാണ്…

അതിന്റെ പേരില്‍ അനുഭവിക്കാന്‍ പോകുന്ന വേട്ടയാടലുകളെ അഭിമുഖീകരിക്കാന്‍ ശേഷിയില്ലാതെ ചിലപ്പോള്‍ അവള്‍ തളര്‍ന്നു വീണേക്കാം .. ഇതൊക്കെ അറിയാമായിരുന്നിട്ടും മൗനം പാലിക്കുന്ന പുരോഗമനയിടങ്ങള്‍ സത്യത്തില്‍ ആര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്…?

സര്‍,

ഇരപിടിക്കാന്‍ വെമ്പല്‍ പൂണ്ട് നില്‍ക്കുന്ന മുഖം മൂടിയണിഞ്ഞ വേട്ടക്കാരന്‍ പുകസ പോലൊരു പുരോഗമനയിടത്തുണ്ടെന്നറിഞ്ഞിട്ടും അയാളേയും കൂട്ടി യാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്ന പുകസ അയാളാല്‍ വേട്ടയാടപ്പെട്ട സ്ത്രീയോട് കാണിക്കുന്നത് അനീതിയാണ് എന്ന് പറയാതിരിക്കാന്‍ വയ്യ…

സാഹിത്യത്തിനും സാഹിത്യകാര്‍ക്കും പരിഗണന നല്‍കുന്ന പ്രസ്ഥാനത്തില്‍ നിന്ന് കേവലം പതിനാല് വയസുള്ള വളര്‍ന്നു വരുന്നൊരു സാഹിത്യകാരിക്ക് ഉണ്ടായ ദുരനുഭവം അറിഞ്ഞിട്ടും പാലിക്കുന്ന ഈ മൗനം ദുരൂഹമാണ്…

സര്‍,

ദയവായി നിങ്ങള്‍ നിങ്ങളുടെ പ്രസ്ഥാനം മുന്നോട്ടു വയ്ക്കുന്ന മനുഷ്യ പക്ഷ പ്രത്യയ ശാസ്ത്രത്തോടെങ്കിലും കൂറ് കാണിച്ചു കൊണ്ട് മൗനം അവസാനിപ്പിച്ച് വിദ്യാ മോള്‍ എന്ന സ്ത്രീയോട് നീതി പുലര്‍ത്തണം എന്നതാണ് ഈ കത്തിലൂടെ ഞാന്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയാവശ്യം …
പ്രതീക്ഷയോടെ
ശ്രീജ നെയ്യാറ്റിന്‍കര


ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sreeja Neyyattinkara Open Letter Asokan Charuvil Pu Ka Sa Gokulendran