ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്ന പരാമര്‍ശം; പി. സി ജോര്‍ജിനെതിരെ പരാതി നല്‍കി ശ്രീജ നെയ്യാറ്റിന്‍കര
Kerala News
ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്ന പരാമര്‍ശം; പി. സി ജോര്‍ജിനെതിരെ പരാതി നല്‍കി ശ്രീജ നെയ്യാറ്റിന്‍കര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th April 2021, 9:40 am

കൊച്ചി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമെന്ന പരാമര്‍ശത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി. സി ജോര്‍ജിനെതിരെ പരാതി നല്‍കി സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. ഡി.ജി.പിക്കും ആഭ്യന്തര വകുപ്പിനുമാണ് ശ്രീജ പരാതി നല്‍കിയിരിക്കുന്നതെന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

പി. സി ജോര്‍ജ് എന്ന ജനപ്രതിനിധി മതേതര രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് നടത്തിയ അത്യന്തം അപകടകരമായ വിദ്വേഷ പ്രസംഗത്തിനെതിരെയാണ് പരാതി നല്‍കുന്നത്. പി. സി ജോര്‍ജ് എന്ന വര്‍ഗീയ വിഷത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തന്നെയാണ് തീരുമാനം എന്നും ശ്രീജ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ വിജയദശമി ദിവസം മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ച ഹിന്ദുത്വ തീവ്രവാദി പ്രതീഷ് വിശ്വനാഥിനെതിരെയും കേരളത്തിലെ മുസ്‌ലിം
സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം നടത്തിയ ഹിന്ദുത്വ തീവ്രവാദി രാധാകൃഷ്ണ പിള്ളയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ലെന്നും ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പി. സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നുമാണ് പി. സി ജോര്‍ജ് പറഞ്ഞത്.

തൊടുപുഴയില്‍ എച്ച്. ആര്‍.ഡി.എസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സുപ്രീം കോടതി ലവ് ജിഹാദ് ഇല്ലെന്ന് പറഞ്ഞു. എന്നാല്‍ അത് തെറ്റാണ് ലവ് ജിഹാദ് ഉണ്ട്. ഈ പോക്ക് അവസാനിപ്പിക്കാന്‍ ഒരു മാര്‍ഗമേയുള്ളു. മഹത്തായ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപ്പെടില്ല,’ പി. സി ജോര്‍ജ് പറഞ്ഞു.

ഹിന്ദുരാഷ്ട്രമാക്കുമെന്ന് പി. സി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്നമാണ്. ആ പ്രശ്നം താന്‍ തന്നെ സഹിച്ചുകൊള്ളാം എന്നും പി.സി ജോര്‍ജ് പറഞ്ഞു. ലവ് ജിഹാദ് അടക്കമുള്ള വര്‍ഗീയ ഇടപെടലുകള്‍ തടയാന്‍ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ് ഏക വഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Sreeja Neyyatinkara filed a complaint against PC George on controversial comment