ഗോസംരക്ഷണഫാഷിസത്തിന്റെ ഇക്കാലത്ത് ഈ ഗ്രന്ഥങ്ങള്‍ പുരോഗമനകാരികള്‍ ഒന്ന് വിതരണം ചെയ്‌തെങ്കില്‍...
Daily News
ഗോസംരക്ഷണഫാഷിസത്തിന്റെ ഇക്കാലത്ത് ഈ ഗ്രന്ഥങ്ങള്‍ പുരോഗമനകാരികള്‍ ഒന്ന് വിതരണം ചെയ്‌തെങ്കില്‍...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th October 2015, 4:19 pm

ഈ മൂന്നു പുസ്തകങ്ങളും ഈ നാട്ടിലിനി പുരോഗമനവാദികള്‍ വിതരണം ചെയ്തിരുന്നെങ്കില്‍…! ഫാഷിസത്തിനെതിരെ സെമിനാര്‍ നടത്താന്‍ പാടില്ലെന്നു കല്‍പ്പനയിറങ്ങുന്ന ഈ നാട്ടിലെ ഓരോ മുക്കിലും മൂലയിലും ഫാഷിസത്തിനെതിരെ ചര്‍ച്ചകളും സെമിനാറുകളും പുരോഗമനസംഘടനകളും കാമ്പസുകളില്‍ അവ വിദ്യാര്‍ത്ഥിസംഘടനകളും സംഘടിപ്പിച്ചിരുന്നെങ്കില്‍…! സാന്ദര്‍ഭികസമരങ്ങള്‍ അവയര്‍ഹിക്കുന്ന ആവേശത്തോടെ നടത്തുകയും എന്നാല്‍ കാതലായ പ്രതിരോധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തിരുന്നെങ്കില്‍…!


sreechithran-on-books-on-holy-cow-inner


quote-mark

പൗലന്റസാസിനെ ഉദ്ധരിച്ചുകൊണ്ട്, കുറച്ചുകാലം മുന്‍പാണ് ‘പ്രതികരണത്തിലൂടെ പ്രചരണം’ എന്ന ഫാഷിസ്റ്റ് തന്ത്രത്തെപ്പറ്റി എഴുതിയത്. എതിര്‍പ്രചരണങ്ങളുടെ സാന്ദര്‍ഭികതകളെ ചൂഷണം ചെയ്തുകൊണ്ട് തങ്ങളുടെ അജണ്ട കൂടുതല്‍ ജനങ്ങളിലെത്തിക്കുക എന്ന ഫാഷിസ്റ്റ് തന്ത്രം ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമായിട്ടുണ്ട്.


 

sreechithran-mj

| ഒപ്പിനിയന്‍ : ശ്രീചിത്രന്‍ എം.ജെ |

blank
ഗോസംരക്ഷണഫാഷിസം അതിര്‍വരമ്പുകള്‍ കടന്ന്, സംസ്‌കാരവിമര്‍ശത്തിന്റെ സകലസാദ്ധ്യതകളേയും തുറുങ്കിലാക്കി, മൂഗങ്ങള്‍ക്കായി മനുഷ്യരുടെ കൊലപാതകം വരെ നീതീകരിച്ച്, മുന്നോട്ടുപോവുന്നൊരു കാലാവസ്ഥയില്‍ എന്താണിനി ആവശ്യമെന്ന് എല്ലാ പുരോഗമനവാദികളും ചിന്തിക്കേണ്ടതുണ്ട്. സന്ദര്‍ഭമാത്രവും വൈകാരികവുമായ ഏതു പ്രതികരണങ്ങള്‍ക്കും സമരങ്ങള്‍ക്കും ഈ അവസ്ഥയില്‍ തീര്‍ച്ചയായും സാധുതയുണ്ട്. എന്നാല്‍ അവയിലേക്ക് ചുരുങ്ങിപ്പോവുന്നത് വലിയ അപകടം വരുത്തിവെക്കും എന്നു തോന്നുന്നു.

പൗലന്റസാസിനെ ഉദ്ധരിച്ചുകൊണ്ട്, കുറച്ചുകാലം മുന്‍പാണ് “പ്രതികരണത്തിലൂടെ പ്രചരണം” എന്ന ഫാഷിസ്റ്റ് തന്ത്രത്തെപ്പറ്റി എഴുതിയത്. എതിര്‍പ്രചരണങ്ങളുടെ സാന്ദര്‍ഭികതകളെ ചൂഷണം ചെയ്തുകൊണ്ട് തങ്ങളുടെ അജണ്ട കൂടുതല്‍ ജനങ്ങളിലെത്തിക്കുക എന്ന ഫാഷിസ്റ്റ് തന്ത്രം ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമായിട്ടുണ്ട്.

മൂന്നു പുസ്തകങ്ങള്‍ ഈ ഘട്ടത്തില്‍ പുരോഗമനവാദികളുടെ സമരായുധമാകേണ്ടതാണ്. മലയാളതര്‍ജ്ജമ ലഭ്യമാണോ എന്നറിയില്ല. അല്ലെങ്കിലതു ചെയ്യപ്പെടേണ്ടതാണ്. പ്രസക്തഭാഗങ്ങള്‍ എങ്കിലും.


ബ്രിട്ടീഷുകാരുടെ കാലുനക്കിയായിരുന്ന ലാല്‍ചന്ദ് (Lala lalchand), സംഘപരിവാറിന്റെ മുസ്‌ലീം വിരോധത്തിലധിഷ്ഠിതമായ വര്‍ഗീയമുദ്രാവാക്യമായി ഗോവധനിരോധനത്തെ വളര്‍ത്തിയെടുത്തതെങ്ങനെയെന്ന് ഈ പുസ്തകത്തില്‍ നിന്ന് മനസ്സിലാക്കാം. 1800കളുടെ അവസാനത്തില്‍ ബ്രിട്ടീഷ് പഞ്ചാബിലെ കര്‍ഷകര്‍ കൊളോണിയല്‍ ഭൂനയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ആരംഭിച്ചതോടെ, ഹിന്ദുവെന്നും മുസ്‌ലീം എന്നും കൃഷിക്കാര്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കാനുള്ള കൗശലപൂര്‍വ്വമായ നീക്കങ്ങള്‍ സാമാജ്വത്വഭരണാധികാരികള്‍ നടത്തുകയുണ്ടായി.


self-abnegation-in-politicsസെല്‍ഫ് അബ്‌നെഗേഷന്‍ ഇന്‍ പൊളിടിക്‌സ്, വിചാര ധാര, മെയ്ന്‍ കാംഫ് എന്നീ ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് പതിപ്പുകളുടെ കവര്‍ ചിത്രങ്ങള്‍


1. ലാലാ ലാല്‍ചന്ദിന്റെ  “Self abnegation in politics”

ഇത് ഗോവധനിരോധനത്തിന്റെ ബൈബിളാണ്. ഇതെന്തിനു വായിക്കണമെന്നാണെങ്കില്‍, ഗോള്‍വാള്‍ക്കറുടെ വിചാരധാര എന്തിനു വായിക്കണം? ഹിറ്റ്‌ലറുടെ മെയ്ന്‍ കാംഫ് എന്തിനു വായിക്കണം? അതിനു തന്നെ. രാഷ്ടീയമായി ആയുധവല്‍ക്കരിക്കപ്പെടാന്‍ കെല്‍പ്പുള്ള ഒരു വിഷം, എങ്ങനെ കുയുക്തികള്‍ കൊണ്ട് സ്ഥാപിക്കപ്പെട്ടു എന്നു തിരിച്ചറിയാന്‍ ഇവ വായിച്ചേ പറ്റൂ.

വെള്ളക്കാരന്റെ അച്ചാരം പറ്റിയ ലാല്‍ചന്ദ് എഴുതിയ ഈ “ഗോസംരക്ഷണസുവിശേഷ”ത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുന്നത് ആത്മനിഷേധപരമായ രാഷ്ടീയമാണെന്നാണ് സ്ഥാപിക്കുന്നത്.

ബ്രിട്ടീഷുകാരുടെ കാലുനക്കിയായിരുന്ന ലാല്‍ചന്ദ് (Lala lalchand), സംഘപരിവാറിന്റെ മുസ്‌ലീം വിരോധത്തിലധിഷ്ഠിതമായ വര്‍ഗീയമുദ്രാവാക്യമായി ഗോവധനിരോധനത്തെ വളര്‍ത്തിയെടുത്തതെങ്ങനെയെന്ന് ഈ പുസ്തകത്തില്‍ നിന്ന് മനസ്സിലാക്കാം. 1800കളുടെ അവസാനത്തില്‍ ബ്രിട്ടീഷ് പഞ്ചാബിലെ കര്‍ഷകര്‍ കൊളോണിയല്‍ ഭൂനയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ആരംഭിച്ചതോടെ, ഹിന്ദുവെന്നും മുസ്‌ലീം എന്നും കൃഷിക്കാര്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കാനുള്ള കൗശലപൂര്‍വ്വമായ നീക്കങ്ങള്‍ സാമാജ്വത്വഭരണാധികാരികള്‍ നടത്തുകയുണ്ടായി.


Also read ലാഭമില്ലാതെ ‘വിശുദ്ധ പശു’വുമില്ല


അങ്ങനെയാണ് പഞ്ചാബിലന്ന് ഗോവധവും ഗോമാംസഭക്ഷണവും പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നത്. വെള്ളക്കാരന്റെ അച്ചാരം പറ്റിയ ലാല്‍ചന്ദ് എഴുതിയ ഈ “ഗോസംരക്ഷണസുവിശേഷ”ത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുന്നത് ആത്മനിഷേധപരമായ രാഷ്ടീയമാണെന്നാണ് സ്ഥാപിക്കുന്നത്. ഗോക്കളുടെ ഘാതകരായ മുസ്‌ലീങ്ങള്‍ക്കെതിരെ സമരം ചെയ്യേണ്ട ഹിന്ദുക്കള്‍ നല്ലവരായ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുന്നത് ആത്മഹത്യപരമാണ് എന്നാണ് ലാല്‍ചന്ദ് വാദിച്ചത്. സവര്‍ക്കര്‍ക്കും മുന്നേ, മതഭിന്നതയുടെ കൊടുംവിഷം ചീറ്റിയ മൂര്‍ഖനാണ് ലാല്‍ചന്ദ്.

lala-lalchandഅതുകൊണ്ട്, ഈ പുസ്തകം വായിക്കുമ്പോള്‍ എന്താണ് ഗോവധനിരോധനാവശ്യത്തിന്റെ അടിയിലുള്ള ഗൂഢതാല്പര്യങ്ങള്‍ എന്നു പകല്‍പോലെ വെളിപ്പെട്ടുവരും. മെയ്ന്‍കാംഫ് ഇറങ്ങിയപ്പോള്‍ പ്രസാധകര്‍ എഴുതിയ വാചകം “ഇതിലെ ഓരോ അക്ഷരത്തിനും ഇരുപതിനായിരം മനുഷ്യജീവനുകള്‍” പൊലിഞ്ഞു എന്നാണ്. ജനസംഖ്യാപ്രളയം നടന്ന ഇന്ത്യയില്‍ ലാല്‍ചന്ദിന്റെ പുസ്തകത്തിലെ ഓരോ അക്ഷരത്തിനും ഓരോ ലക്ഷം മനുഷ്യജീവന്‍ പൊലിഞ്ഞേക്കാം. അതുനടക്കാതിരിക്കാന്‍, നാമിന്നു തന്നെ ആ അക്ഷരങ്ങള്‍ വായിക്കണം. മെയ്ന്‍കാംഫ് പോലെ മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു കഴിഞ്ഞല്ല, പൊലിയും മുന്‍പ്.

 


വൈദികകാലത്തിലെ ദേവമാര്‍ക്കു സമര്‍പ്പിച്ചിരുന്ന മാംസം, ഇന്ദ്രന്റെ ഇഷ്ടഭക്ഷണമായ കാളയിറച്ചി, ഋഗ്വേദദേവകളുടെ ഗോമാംസഭക്ഷണം, ശതപഥബ്രാഹ്മണത്തിലെ യാജ്ഞവല്‍ക്യനിഷ്ടമുള്ള പശുവിന്റെ ഇളം മാസം, ചരകസംഹിതയിലേയും സുശ്രുതസംഹിതയിലേയും ഗോമാംസം ഔഷധമായി വരുന്ന ഭാഗങ്ങള്‍  ഇങ്ങനെ അതിവിപുലവും സൂക്ഷ്മവുമായി പ്രാചീനഭാരതപഠനം നടത്തിയ ഡി.എന്‍ ഝാ നല്‍കുന്ന ആരുറപ്പുള്ള തെളിവുകള്‍ പഠിക്കേണ്ടതാണ്.


d-n-jha

ഡി.എന്‍ ഝാ


2) ദ്വിജേന്ദ്ര നാരായണ്‍ ഝയുടെ “Myth of holy cow”

ഡല്‍ഹി സര്‍വ്വകലാശാലയിലെ അദ്ധ്യാപകനും ഐ.സി.എച്ച്.ആര്‍ അംഗവുമായിരുന്ന ഡി.എന്‍ ഝാ (Dwijendra Narayan Jha) പ്രാചീനകാല ഇന്ത്യയിലെ ഗോമാംസഭക്ഷണത്തെപ്പറ്റി എഴുതിയ ഈ പുസ്തകം സംഘപരിവാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സകലന്യായവാദങ്ങളുടേയും കടയ്ക്കല്‍ വെക്കുന്ന കത്തിയാണ്. ബൗദ്ധജൈന ചരിത്രത്തേയും വൈദികകാലഘട്ട(Vedic period)ത്തേയും വിശകലനം ചെയ്തുകൊണ്ട് പ്രാചീന ഇന്ത്യയില്‍ സര്‍വ്വസാധാരണമായ ഭക്ഷണമായിരുന്നു ഗോമാംസം എന്നു സുവ്യക്തമായ ചരിത്രസാക്ഷ്യങ്ങളോടെ ഡി.എന്‍ ഝാ സമര്‍ത്ഥിക്കുന്നു.

സംസ്‌കൃതപണ്ഡിതനായ രാഹുല്‍ ഈശ്വരന്മാരുടെ കാലത്ത് ഡി.എന്‍ ഝാ ഒന്നാന്തരം പ്രതിവിധിയാണ്.

വൈദികകാലത്തിലെ ദേവമാര്‍ക്കു സമര്‍പ്പിച്ചിരുന്ന മാംസം, ഇന്ദ്രന്റെ ഇഷ്ടഭക്ഷണമായ കാളയിറച്ചി, ഋഗ്വേദദേവകളുടെ ഗോമാംസഭക്ഷണം, ശതപഥബ്രാഹ്മണത്തിലെ യാജ്ഞവല്‍ക്യനിഷ്ടമുള്ള പശുവിന്റെ ഇളം മാസം, ചരകസംഹിതയിലേയും സുശ്രുതസംഹിതയിലേയും ഗോമാംസം ഔഷധമായി വരുന്ന ഭാഗങ്ങള്‍  ഇങ്ങനെ അതിവിപുലവും സൂക്ഷ്മവുമായി പ്രാചീനഭാരതപഠനം നടത്തിയ ഡി.എന്‍ ഝാ നല്‍കുന്ന ആരുറപ്പുള്ള തെളിവുകള്‍ പഠിക്കേണ്ടതാണ്.

തീര്‍ച്ചയായും ഡോ. ആര്‍.എസ് ശര്‍മ്മയെപ്പോലുള്ള ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നതുപോലെ മതപരമായ കാരണങ്ങളേയല്ല പശുവിനെപ്പറ്റിയുള്ള മനോഭാവം മാറിമറിയാനുണ്ടായ കാരണം. എന്നാല്‍ മിത്തുകളെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കുന്ന വര്‍ഗീയവാദികളുടെ തന്ത്രത്തിന് തക്കമറുപടിയായി ഡി.എന്‍ ഝായുടെ പുസ്തകം നില്‍ക്കുന്നു. സിദ്ധരൂപം പഠിച്ചപ്പോഴേക്കും സംസ്‌കൃതപണ്ഡിതനായ രാഹുല്‍ ഈശ്വരന്മാരുടെ കാലത്ത് ഡി.എന്‍ ഝാ ഒന്നാന്തരം പ്രതിവിധിയാണ്.


1967ല്‍ ഡല്‍ഹിയില്‍ നടന്ന ഗോവധനിരോധനപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് എ.കെ സര്‍ക്കാറിന്റെ നേതൃത്തിലുള്ള കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ ഗോവധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ നിയോഗിക്കുകയുണ്ടായി. ആ കമ്മറ്റിയില്‍ ഗോള്‍വാള്‍ക്കര്‍ക്കും പുരി ശങ്കരാചാര്യര്‍ക്കും ആശോകമിത്രയ്ക്കും ഒക്കെ ഒപ്പമുണ്ടായിരുന്ന വിദഗ്ധനാണ് ഡോ വര്‍ഗീസ് കുര്യന്‍.


myth-of-holy-cow-and-I-too-have-a-dream

ഐ ടൂ ഹാഡ് എ ഡ്രീം, ദി മിത്ത് ഓഫ് ഹോളി കൗ എന്നീ ഗ്രന്ഥങ്ങളുടെ കവര്‍പേജുകള്‍


3) വര്‍ഗീസ് കുര്യന്റെ “I too had a dream”

വര്‍ഗീസ് കുര്യന്റെ (Verghese Kurien) ഈ ആത്മകഥ മുഴുവനായും ഗോവധപ്രശ്‌നത്തില്‍ കേന്ദ്രീകൃതമല്ല. എന്നാല്‍ കൃത്യമായും ഗോവധപ്രശ്‌നത്തിന്റെ രാഷ്ടീയം വ്യക്തമാക്കുന്ന വിവരങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.

1967ല്‍ ഡല്‍ഹിയില്‍ നടന്ന ഗോവധനിരോധനപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് എ.കെ സര്‍ക്കാറിന്റെ നേതൃത്തിലുള്ള കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ ഗോവധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ നിയോഗിക്കുകയുണ്ടായി. ആ കമ്മറ്റിയില്‍ ഗോള്‍വാള്‍ക്കര്‍ക്കും പുരി ശങ്കരാചാര്യര്‍ക്കും ആശോകമിത്രയ്ക്കും ഒക്കെ ഒപ്പമുണ്ടായിരുന്ന വിദഗ്ധനാണ് ഡോ വര്‍ഗീസ് കുര്യന്‍.

rs-sharmaഗോവധവുമായി ബന്ധപ്പെട്ട ശാസ്ത്രീയത മനസ്സിലാക്കാനായി പ്രമുഖ ജീവശാസ്ത്രജ്ഞന്‍ ഡോ. പി.എം ഭാര്‍ഗവയെ കമ്മറ്റിക്കു മുന്നില്‍ ക്ഷണിച്ചുവരുത്തി. ഗോള്‍വാള്‍ക്കര്‍ പാലും മാംസവും ജീവികളുടെ ശരീരത്തില്‍ ഉണ്ടാകുന്നത് എങ്ങനെയാണ് എന്നു ചോദിച്ചപ്പോള്‍ ജീവശരീരത്തിന്റെ ഒരേ പ്രക്രിയയിലൂടെയാണ് ഇവരണ്ടും ശരീരത്തില്‍ നിര്‍മ്മിക്കപ്പെടുന്നത് എന്നു വിശദീകരിച്ച ഡോ. ഭാര്‍ഗവയോട് ഗോള്‍വാള്‍ക്കര്‍ പൊട്ടിത്തെറിച്ചു. (പാലുണ്ടാവുന്നതും ശരീരത്തിലെ മാസം ഉണ്ടാവുന്നതും വെവ്വേറെ കാര്യമാണെന്നും, പാല്‍ കുടിക്കുന്നതില്‍ തെറ്റില്ല എന്നുമായിരുന്നു ഗോള്‍വാള്‍ക്കര്‍ സിദ്ധാന്തം.)

ദയാനന്ദസരസ്വതിയുടെ ഗോരക്ഷിണിസഭ ഇക്കാര്യം വിശദീകരിച്ചു. പാല്‍ മറ്റുജീവികള്‍ക്കു കുടിക്കാന്‍ കൂടി വേണ്ടിയാണ് പശുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് വിഡ്ഢിത്തമാണെന്ന് ഡോ. ഭാര്‍ഗവ അസനിഗ്ധമായി വ്യക്തമാക്കി.


ഗോവധനിരോധനപ്രശ്‌നത്തിന് ഇപ്പോള്‍ തന്നെ കലാപകലുഷിതമായൊരു ഇന്ത്യന്‍ ചരിത്രമുണ്ട്. സ്വാതന്ത്ര്യത്തിനും മുന്‍പ് കര്‍പാര്‍ത്രി മഹാരാജിനെപ്പോലുള്ള ഹിന്ദുത്വവാദികള്‍ ഉന്നയിച്ചുതുടങ്ങിയ ആശയം, ഭരണഘടനാശില്‍പ്പിയായ അംബേദ്കര്‍ “അയിത്തജാതിക്കാരന്‍” ആയതിനാല്‍ ഇന്ത്യയുടെ ധര്‍മ്മശാസ്ത്രങ്ങളും സ്മൃതികളും വ്യാഖ്യാനിക്കാന്‍ എന്തര്‍ഹത എന്നതാണ്. ഇത്ര വൃത്തികെട്ട ചോദ്യം വരെ ഇവര്‍ വളര്‍ത്തിക്കൊണ്ട് വന്നിരുന്നു.


nehru-and-indira

പിന്നീട് ഗോള്‍വാള്‍ക്കര്‍ ഗോവധനിരോധനം ഒരു “രാഷ്ടീയപ്രശ്‌നമാണെ”ന്നും അതിനു സഹായകരമായ നിലപാട് വര്‍ഗീസ് കുര്യന്‍ സ്വീകരിക്കണമെന്നും രഹസ്യമായി ആവശ്യപ്പെടുകയും ചെയ്തു. ഇവയെല്ലാം വര്‍ഗീസ് കുര്യന്‍ വ്യക്തമായി തന്റെ ആത്മകഥാഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു. ശുദ്ധരാഷ്ടീയതട്ടിപ്പും മുസ്‌ലീം വിരോധത്തില്‍ മാത്രമധിഷ്ഠിതവുമായ മതതീവ്രവാദവുമാണ് ഗോവധനിരോധനപ്രശ്‌നചരിത്രം ഒന്നാകെ നിലനില്‍ക്കുന്നത് എന്ന് ഈ പുസ്തകം പകല്‍ പോലെ വ്യക്തമാക്കും.

ambedkarഗോവധനിരോധനപ്രശ്‌നത്തിന് ഇപ്പോള്‍ തന്നെ കലാപകലുഷിതമായൊരു ഇന്ത്യന്‍ ചരിത്രമുണ്ട്. സ്വാതന്ത്ര്യത്തിനും മുന്‍പ് കര്‍പാര്‍ത്രി മഹാരാജിനെപ്പോലുള്ള ഹിന്ദുത്വവാദികള്‍ ഉന്നയിച്ചുതുടങ്ങിയ ആശയം, ഭരണഘടനാശില്‍പ്പിയായ അംബേദ്കര്‍ “അയിത്തജാതിക്കാരന്‍” ആയതിനാല്‍ ഇന്ത്യയുടെ ധര്‍മ്മശാസ്ത്രങ്ങളും സ്മൃതികളും വ്യാഖ്യാനിക്കാന്‍ എന്തര്‍ഹത എന്നതാണ്. ഇത്ര വൃത്തികെട്ട ചോദ്യം വരെ ഇവര്‍ വളര്‍ത്തിക്കൊണ്ട് വന്നിരുന്നു.

നെഹ്രു പ്രധാനമന്ത്രിയാവുകയും സെക്കുലറിസത്തിന്റെ ശക്തി സ്ഥാപിക്കപ്പെടുകയും ചെയ്ത ഇന്ത്യയില്‍ പിന്നെ നെഹ്രുവിന്റെ മരണാശേഷം ഇന്ദിരയുടെ കാലത്താണ് ഗോവധനിരോധനകലാപം പത്തി വിരിക്കുന്നത്. ഈ ചരിത്രത്തിലേക്ക് ഒന്നാകെയുള്ള ചൂണ്ടുപലകയായി വര്‍ഗീസ് കുര്യന്റെ വെളിപ്പെടുത്തലുകള്‍ നിലനില്‍ക്കും.

ഈ മൂന്നു പുസ്തകങ്ങളും ഈ നാട്ടിലിനി പുരോഗമനവാദികള്‍ വിതരണം ചെയ്തിരുന്നെങ്കില്‍…! ഫാഷിസത്തിനെതിരെ സെമിനാര്‍ നടത്താന്‍ പാടില്ലെന്നു കല്‍പ്പനയിറങ്ങുന്ന ഈ നാട്ടിലെ ഓരോ മുക്കിലും മൂലയിലും ഫാഷിസത്തിനെതിരെ ചര്‍ച്ചകളും സെമിനാറുകളും പുരോഗമനസംഘടനകളും കാമ്പസുകളില്‍ അവ വിദ്യാര്‍ത്ഥിസംഘടനകളും സംഘടിപ്പിച്ചിരുന്നെങ്കില്‍…! സാന്ദര്‍ഭികസമരങ്ങള്‍ അവയര്‍ഹിക്കുന്ന ആവേശത്തോടെ നടത്തുകയും എന്നാല്‍ കാതലായ പ്രതിരോധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തിരുന്നെങ്കില്‍…!

Nicos-Poulantzasനിക്കോളാസ് പൗലന്റസാസ്


നമ്മുടെ ഒഴിവിടങ്ങളിലേക്കാണ് ഈ വിഷപ്പാമ്പുകള്‍ കയറിയിരുന്നത്. തെരുവുനാടകവും വര്‍ഗീയവിരുദ്ധ മുദ്രാവാക്യങ്ങളും പ്രതിരോധസംഗീതവുമായി നാടുണര്‍ത്തിയ ഒരു തലമുറയുടെ ഓര്‍മ്മ നമുക്കുണ്ടാവേണ്ടതാണ്. അവിടെ നിന്ന് നാമെന്ന് ഒഴിഞ്ഞുനിന്നോ, അന്നു തുടങ്ങി ഈ പാഷണകൃമികളുടെ നുരഞ്ഞുപൊന്തല്‍.

ഡിസ്‌ക്ലൈമര്‍ : രണ്ടു വീക്ഷണങ്ങള്‍ തീര്‍ത്തും ഇതിലില്ല. അവ അനുക്തസിദ്ധമായോ വ്യംഗ്യമായോ വായിച്ചെടുക്കുന്നതിന് പോസ്റ്റെഴുതിയയാള്‍ ബാദ്ധ്യതപ്പെടുന്നില്ല.
1) “പണ്ടൊക്കെ എന്തേര്‍ന്നു” എന്ന എക്‌സ് എസ്.എഫ്.ഐ വ്യാജനൊസ്റ്റി. പണ്ടൊരു കുന്തവുമായിരുന്നില്ല. അഥവാ പണ്ടത്തെതിനേക്കാള്‍ കുന്തമുന ഇന്നു മൂര്‍ച്ചയേറിയിട്ടുണ്ടു താനും. എന്നാല്‍ ദിശാബോധം ആവശ്യമെന്ന തോന്നല്‍ അന്നത്തേതിലും ശക്തമായി ഇന്നുണ്ട്. കാരണം അന്നത്തെ അജ്ഞാതശത്രുക്കളെല്ലാം ഇന്നു പ്രത്യക്ഷഭീഷണികളായി മുന്നിലുണ്ട്. അവരുടേ “കൊല നടത്തും” എന്ന ഭീഷണിയല്ല മുന്നിലുള്ളത്, നടത്തിക്കഴിഞ്ഞ രക്തസാക്ഷ്യമാണ്.


Dont miss വിശുദ്ധ പശുവും അശുദ്ധ ദളിതരും


2) നടത്തപ്പെട്ട/പെടുന്ന സാന്ദര്‍ഭികവും സാഹചര്യപ്രേരിതവുമായ പ്രതിരോധങ്ങള്‍ നിസാരമോ അനാവശ്യമോ എന്ന തോന്നല്‍ തീരെയുമില്ല. അവ അതിപ്രധാനമാണ്, അനിവാര്യവുമാണ്. എന്നാല്‍ അവയ്ക്കപ്പുറത്തേക്ക് ഉയരേണ്ട രാഷ്ടീയഭാവുകത്വം അവയില്‍ തളച്ചിടപ്പെട്ടു കൂടാ. “നടന്നവയില്‍ നിന്നു പിടഞ്ഞുമാറലാണ് വിപ്ലവകാരിയുടെ ദൗത്യം” – ചെ ഗുവേര. )