വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജിയുമായി ശ്രീനാരായണ മാനവധർമം ട്രസ്റ്റ്
Kerala News
വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജിയുമായി ശ്രീനാരായണ മാനവധർമം ട്രസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th May 2025, 6:50 pm

തിരുവനന്തപുരം: വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജിയുമായി ശ്രീനാരായണ മാനവധർമം ട്രസ്റ്റ്. 2025ലെ വഖഫ് നിയമത്തിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിൽ ശ്രീനാരായണ മാനവധർമം ട്രസ്റ്റ് കക്ഷിചേരുമെന്നും ഇത് സംബന്ധിച്ച ആപ്ലിക്കേഷൻ ഇന്നലെ സുപ്രീം കോടതിയിൽ ഫയൽ ചെയ്തുവെന്നും ട്രസ്റ്റ് അറിയിച്ചു.

ട്രസ്റ്റ് ചെയർമാനും നിയമജ്ഞനുമായ പ്രഫ. മോഹൻ ഗോപാൽ സുപ്രീം കോടതിയിൽ ശ്രീനാരായണ മാനവധർമം ട്രസ്റ്റിന് വേണ്ടി ഹാജരാവും. നിയമഭേദഗതിയിലൂടെ വഖഫ് എന്ന സങ്കൽപം കേന്ദ്രസർക്കാർ ഇല്ലാതാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മതസ്വാതാന്ത്ര്യം ഹനിക്കുന്ന നിയമമാണ് കേന്ദ്രസർക്കാർ പാസാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ ഈ ഭേദഗതിയിലൂടെ ഇന്ത്യയിൽ വഖഫിനെ ഇല്ലാതാക്കാനാണ് സർക്കാരിന്റെ ശ്രമം എന്ന വാദമാണ് ഞങ്ങൾ ഈ ഹരജിയിലൂടെ മുന്നോട്ട് വെക്കുന്നത്. കാരണം വഖഫിന് മുഹമ്മദ് നബിയിൽ നിന്നും കിട്ടിയ നാല് എലമെന്റസ് ഉണ്ട്. അത് ആഗോള തലത്തിൽ എവിടെ നോക്കിയാലും നമുക്ക് ആ എലമെന്റസ് കാണാം.

ഒന്ന് ഈ വഖഫ് രൂപവത്കരിക്കുന്നത് ഒരു വ്യക്തിയായിരിക്കണം. ഒരു വ്യക്തിയുടെ ദൈവ വിശ്വാസത്തിൽ നിന്നായിരിക്കണം. രണ്ടാമത് ഇതിന്റെ പർപ്പസ് എന്നത് മനുഷ്യരാശിക്ക് വേണ്ടി പാവപ്പെട്ടവർക്ക് വേണ്ടി, അല്ലെങ്കിൽ സ്വന്തം കുടുംബത്തിനും ബന്ധുക്കൾക്കും വേണ്ടി ദൈവനാമത്തിൽ അടിസ്ഥാനപ്പെടുത്തി അതിനെ ഉപയോഗിക്കണം. മൂന്നാമത് സ്വത്ത് വഖഫിന് നൽകിയാൽ പിന്നെ തിരിച്ചെടുക്കാൻ പാടില്ല. നാലാമത് ഈ സ്വത്ത് ആർക്കും വിൽക്കണോ കൈമാറ്റം ചെയ്യാനോ സാധിക്കില്ല. ഈ ഭേദഗതി ബിൽ നാല് എലമെന്റ്സും ഭേദഗതി ചെയ്യുകയാണ്.

വർഷങ്ങൾക്ക് മുമ്പ് ശ്രീനാരായണ ഗുരു ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിദ്വേഷം ഇന്ത്യയിൽ നിന്നും തുടച്ച് നീക്കണമെന്ന് പറഞ്ഞിരുന്നു. മതവിദ്വേഷം പാടില്ലെന്നും പറഞ്ഞിരുന്നു. ഗുരുദേവൻ എല്ലായ്പ്പോഴും പ്രാധാന്യം കല്പിച്ചിരുന്നത് വിശ്വാസ സ്വാതന്ത്ര്യത്തിനാണ്. ആളുകൾക്ക് അവരുടെ വിശ്വാസ സ്വാതന്ത്ര്യം നിലനിർത്താൻ സാധിക്കണം. വിശ്വാസ സ്വാതന്ത്ര്യത്തിന് നേരെ ആക്രമണം നടക്കുമ്പോൾ ശ്രീനാരായണ ഗുരു ട്രസ്റ്റിന് അത് നോക്കി നില്ക്കാൻ കഴിയില്ല,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: Sree Narayana Manavadharma Trust files petition in Supreme Court against Waqf Amendment Act