ലോകത്തിലെ എല്ലാവരേയും മനുഷ്യകുടുംബത്തിലെ ഒരംഗമെന്ന നിലയിലാണ് ഗുരു കണ്ടത്: ഫ്രാന്‍സിസ് മാര്‍പാപ്പ
Kerala News
ലോകത്തിലെ എല്ലാവരേയും മനുഷ്യകുടുംബത്തിലെ ഒരംഗമെന്ന നിലയിലാണ് ഗുരു കണ്ടത്: ഫ്രാന്‍സിസ് മാര്‍പാപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2024, 4:50 pm

വത്തിക്കാന്‍ സിറ്റി: ലോക മതസമ്മേളനത്തില്‍ ശ്രീനാരായണ ഗുരുവിനെ വാനോളം പുകഴ്ത്തി കത്തോലിക്ക സഭ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ.

ശ്രീ നാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ ഇന്നത്തെ ലോകത്തില്‍ ഏറെ കാലിക പ്രസക്തിയുള്ളതാണെന്ന് പറഞ്ഞ മാര്‍പാപ്പ ഗുരു എല്ലാവരേയും മനുഷ്യകുടുംബത്തിലെ അംഗം എന്ന നിലയിലാണ് കണ്ടതെന്നും അഭിപ്രായപ്പെട്ടു. ശിവഗിരി മഠം സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അസഹിഷ്ണുതയും വിദ്വേഷവും വര്‍ധിച്ച് വരുന്ന ഈ ലോകത്ത് ഗുരുവിന്റെ സന്ദേശം വളരെ പ്രസക്തമാണ്. ഗുരു തന്റെ ജീവിതം ലോകത്തിനായി സമര്‍പ്പിച്ച വ്യക്തിയാണ്,’ മാര്‍പാപ്പ പറഞ്ഞു.

വത്തിക്കാനില്‍ ഇന്ന് രാവിലെയോടെ നടന്ന സര്‍വമത സമ്മേളനത്തില്‍ ഇറ്റലി, അയര്‍ലന്‍ഡ്, യു.എ.ഇ, ബഹറെയ്ന്‍, ഇന്തോനേഷ്യ ഇംഗ്ലണ്ട്, യു.എസ് തുടങ്ങി പതിനഞ്ചില്‍പ്പരം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.

സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ദിനാള്‍ ലസാറസ് യു ഹ്യുങ്‌സിക്ക്‌ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ശ്രീ നാരായണ ഗുരു രചിച്ച ദൈവദശകം ഇറ്റാലിയന്‍ ഭാഷയിലേക്ക് മൊഴിമാറ്റി ചടങ്ങില്‍ ആലപിച്ചിരുന്നു. ‘ശ്രീനാരായണ ദര്‍ശനവും ലോകസമാധാനവും’ എന്ന വിഷയത്തില്‍ സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തുകയും ചെയ്തു.

Content Highlight: Sree Narayana Guru’s Message to the World was Vasudhaiva kudumbakam says Pope Francis