ബാബരി മസ്ജിദ് ദിനത്തില്‍ ശബരിമല ആക്രമിക്കുന്ന തീവ്രവാദികളുടെ കഥയാണ് സിനിമയെന്ന് സംവിധായകന്‍: വിമര്‍ശനം
Malayalam Cinema
ബാബരി മസ്ജിദ് ദിനത്തില്‍ ശബരിമല ആക്രമിക്കുന്ന തീവ്രവാദികളുടെ കഥയാണ് സിനിമയെന്ന് സംവിധായകന്‍: വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th November 2025, 9:44 pm

അനീഷ് രവി, റിയാസ് ഖാന്‍, സുധീര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ശ്രീ അയ്യപ്പന്‍. കഴിഞ്ഞദിവസം നടന്ന പ്രസ്മീറ്റിനിടെ സംവിധായകന്‍ സിനിമയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. അയ്യപ്പനെക്കുറിച്ച് വന്ന സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ് ഈ സിനിമയെന്നാണ് സംവിധായകന്‍ വിഷ്ണു വെഞ്ഞാറമൂട് പറഞ്ഞത്.

‘ബാബരി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് ശബരിമലയില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതും അതിനെ ചെറുത്തുനില്ക്കുന്നതുമാണ് ഈ സിനിമയുടെ കഥ. തീവ്രവാദമാണ് ഈ സിനിമയുടെ സബ്ജക്ട്. ഇതുവരെ അയ്യപ്പെനെക്കുറിച്ച് ഇങ്ങനെയൊരു കഥ വന്നിട്ടില്ലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്’ എന്നായിരുന്നു സംവിധാകന്റെ വാക്കുകള്‍.

Vishnu Venjaramoodu/ Screen Grab/ Online Malayali events

അദ്ദേഹത്തിന്റെ ഈ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സമൂഹത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി ജീവിക്കുന്നത് കണ്ട് സഹികെട്ടിട്ടാണോ ഇങ്ങനെയൊരു സിനിമ ചെയ്യുന്നതെന്നാണ് പലരും ചോദിക്കുന്നത്. ഇങ്ങനെയൊരു സിനിമക്ക് അനുമതി നല്‍കിയ സെന്‍സര്‍ ബോര്‍ഡിനെതിരെയും വിമര്‍ശനങ്ങളുണ്ട്.

‘കൈയിലെ ചരട് കണ്ടപ്പോള്‍ യഥാര്‍ത്ഥ ഉദ്ദേശം മനസിലായി, സിനിമ എടുത്ത് ബുദ്ധിമുട്ടണ്ടായിരുന്നു’ സംവിധായകന്‍ സംഘപരിവാര്‍ അനുകൂലിയാണെന്ന് ആരോപിച്ചുകൊണ്ട് ഒരാള്‍ കമന്റ് പങ്കുവെച്ചു. ‘കേരളം ഒന്നടങ്കം ഈ സിനിമയെ പുറങ്കാല് കൊണ്ട് ചവിട്ടിത്തെറിപ്പിക്കും’, ‘സമൂഹത്തിലെ ആളുകളെ തമ്മിലടിപ്പിക്കാതെ ഒരു സുഖം കിട്ടില്ല അല്ലേ’ എന്നിങ്ങനെയാണ് പലരും ചോദിക്കുന്നത്.

Vishnu Venjaramoodu/ Instagram/ BTF productions

അയ്യപ്പനെക്കുറിച്ച് ഇങ്ങനെ സിനിമ ചെയ്യാതെ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം ചെയ്തുകൂടെയെന്നും പരിഹാസരൂപേണ ചിലര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്. ഇതുവരെ ആരും ശബരിമലയില്‍ ഒരു പടക്കം പോലും പൊട്ടിച്ചിട്ടില്ലെന്നും എന്നിട്ടും ഇത്തരം നീചമായ ചിന്തകള്‍ സിനിമയാക്കുന്നത് എന്തിനാണെന്നും പലരും ചോദിക്കുന്നുണ്ട്.

ഇത്തരത്തില്‍ വര്‍ഗീയവിദ്വേഷം പടര്‍ത്തുന്ന സിനിമകള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമന്റ് ബോക്‌സില്‍ ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. ചിത്രത്തിന് മുടക്കിയ പൈസ പോലും തിരിച്ചുകിട്ടാന്‍ സാധ്യതയില്ലെന്നും പരാജയമാകുമെന്നും കമന്റുകളുണ്ട്. ഡിസംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Content Highlight: Sree Ayyappan movie director getting criticism