രോഗികളെ വാടകയ്ക്ക് എടുത്തത് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിന് വേണ്ടി; എസ്.ആര്‍ മെഡിക്കല്‍ കോളെജിന് നേരേ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍
medical education
രോഗികളെ വാടകയ്ക്ക് എടുത്തത് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിന് വേണ്ടി; എസ്.ആര്‍ മെഡിക്കല്‍ കോളെജിന് നേരേ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍
ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2019, 7:26 pm

വര്‍ക്കല: മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയെ തുടര്‍ന്ന് രോഗികളെ വ്യാജമായി കാശ് കൊടുത്ത് വര്‍ക്കല എസ്.ആര്‍ ആശുപത്രിയില്‍ എത്തിച്ച വാര്‍ത്ത് കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. എന്നാല്‍ പുറത്തുവന്ന വാര്‍ത്തയേക്കാള്‍ ഗുരുതരമാണ് കോളെജിലെ അവസ്ഥയെന്നാണ് എസ്.ആര്‍ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

കഴിഞ്ഞ വ്യാഴാഴചയാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയ്ക്ക് മുമ്പായി ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. കോളെജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സ്റ്റാന്‍ഡ് വിത്ത് സ്റ്റുഡന്റ്‌സ് ഓഫ് എസ് ആര്‍ മെഡിക്കല്‍ കോളേജ് എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

മെഡിക്കല്‍ കോളജിലേക്കായി രോഗികളെ വാഹനത്തില്‍ കോളജിന്റെ പുറകിലൂടെ എത്തിക്കുകയും പിന്നീട് ഇവരെ വാര്‍ഡുകളില്‍ രോഗികളായി കിടത്തുകയും ആയിരുന്നെന്നും പണം നല്‍കിയത് കൊണ്ടാണ് ഇവര്‍ എത്തിയതെന്നുമാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ഇത് മാത്രമല്ല ആശുപത്രിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ എന്നും കോളെജിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വിദ്യാര്‍ത്ഥി ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

പരാതി പറയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അതിനാലാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതെന്നും വിദ്യാര്‍ത്ഥി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കോളെജില്‍ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കേണ്ട അധ്യാപകരും പ്രിന്‍സിപ്പാളും അടക്കം മറ്റുള്ള സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

തങ്ങള്‍ പരാതി കൊടുത്തതിനെ കുറിച്ച് വിദ്യാര്‍ത്ഥി വിശദീകരിക്കുന്നത് ഇങ്ങനെയാണ്. 2016 ല്‍ ആണ് എസ്.ആര്‍ മെഡിക്കല്‍ കോളെജില്‍ സ്‌പോട്ട് അഡ്മിഷന്‍ വഴി കോഴ്‌സിന് ചേരുന്നത്. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലായിരുന്നു. നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഈ കോളെജുകളിലേക്കുള്ള പ്രവേശനം തടഞ്ഞത്. ഇതിനെതിരെ കോളെജധികൃതര്‍ ഹൈക്കോടതിയില്‍ നിന്നും വിധി സമ്പാദിച്ചാണ് പ്രവേശനം നടത്തിയത്. അന്ന് കൗണ്‍സിലിന്റെ പരിശോധനയില്‍ വിജയിക്കാം എന്ന് കോളെജ് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അതിന് അവര്‍ക്ക് കഴിഞ്ഞില്ല. വിദ്യാര്‍ത്ഥി പറയുന്നു.

കഴിഞ്ഞ എട്ട് മാസത്തോളം കോളെജില്‍ ക്ലാസ് ഏടുത്തില്ല. അധ്യാപകര്‍ക്ക് സാലറി കൊടുക്കുന്നതിന് കാശില്ലാത്ത് കാരണം പലരും റിസൈന്‍ ചെയ്തു. ഇതിനെ തുടര്‍ന്ന് കളക്ടറെയും ആരോഗ്യസര്‍വ്വകലാശാല അധികൃതരെയും കണ്ട് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ദല്‍ഹിയില്‍ വെച്ച് എം.സി.ഐയുമായി മീറ്റിംഗ് നടത്തി. അവിടെ വെച്ച് കോളെജ് അധികൃതര്‍ പറഞ്ഞത് സമരമുള്ള ദിവസമാണ് കോളെജില്‍ പരിശോധന നടത്തിയതെന്നായിരുന്നു. തുടര്‍ന്ന് ആ മാസം മുതല്‍ ആശുപത്രിയില്‍ ഒരു പഞ്ചായത്ത് മെമ്പറിനെ ഒക്കെ വെച്ച് കാശ് കൊടുത്ത് രോഗികളെ എത്തിക്കുകയായിരുന്നു. രാവിലെ 8 മണിക്ക് കൊണ്ടുവന്ന് 12.30 ആവുമ്പോള്‍ പറഞ്ഞുവിടും. കൗണ്‍സിലിന് നല്‍കാന്‍ വേണ്ടിയാണ് ഈ വിഡിയോ ഒക്കെ കൊണ്ടുവന്നത്. കുടെ ജസ്റ്റ് പാസ് ഔട്ട് ആയ ഡോക്ടര്‍മാരെയും സമീപത്തുള്ള ഗോകുലം ആശുപത്രിയിലെ ഡോക്ടര്‍മാരെയും കൊണ്ടുവരും. വിദ്യാര്‍ത്ഥി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നിലവില്‍ കോളെജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ മറ്റ് കോളെജുകളിലേക്ക് മാറ്റണമെന്നാണ് പരാതി നല്‍കിയ വിദ്യാര്‍ത്ഥികളുടെ ആവശ്യം. അതേസമയം സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ എതിര്‍ക്കുന്ന വിദ്യാര്‍ത്ഥികളും ഉണ്ട്. ഇവരെ മാനേജ്‌മെന്റ് ഭയപ്പെടുത്തിയിരിക്കുകയാണെന്നാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

അതേസമയം എസ് ആര്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് കോളേജ് എംഡി എസ് ആര്‍ ഷാജി പറയുന്നത്. കോളേജ് പൂട്ടിക്കാനാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ശ്രമമെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കണമെന്നാണ് അവിടെയുള്ള ഒരുവിഭാഗം കുട്ടികളുടെ ആഗ്രഹമെന്നും ഷാജി ആരോപിച്ചു.

അതിനുവേണ്ടിയാണ് ഹൈക്കോടതിയില്‍ കേസ് നല്‍കുന്നതുള്‍പ്പടെയുള്ള നടപടികളുമായി അവര്‍ മുന്നോട്ട് പോകുന്നതെന്നും ഇവിടെ ഫീസ് കൂടുതല്‍ നല്‍കണം എന്നതാണ് അവരുടെ പ്രശ്‌നമെന്നുമാണ് എസ്.ആര്‍ ഷാജി പറയുന്നത്.

അതേസമയം വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തക്കുന്നത് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് തെളിയിക്കുന്ന രേഖ കൈരളി ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് എസ.ആര്‍ കോളെജ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.